താന്‍ ഒമ്പത് ആഴ്ച ഗര്‍ഭിണിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിച്ച് നടി സജ്ന നൂര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച പോസ്റ്റാണിതെന്നും വാര്‍ത്തകളില്‍ യാതൊരുവിധ സത്യവുമില്ലെന്നും താരം വ്യക്തമാക്കി.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ സജ്നയും ഇന്ത്യന്‍ സിനിമയിലെ ഒരു പ്രമുഖ വ്യക്തിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഈ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.
താന്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നടിയുടെ പരിചയക്കാരും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേര്‍ ആശംസകളുമായും സംശയങ്ങളുമായും കമന്റ് ബോക്‌സില്‍ എത്തിയിരുന്നു. ഇതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തു. എന്നാല്‍, പ്രചരിക്കുന്ന വാര്‍ത്തകള്‍ അതിരുകടന്നതോടെയാണ് സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്തിക്കൊണ്ട് നടി തന്നെ നേരിട്ട് രംഗത്തെത്തിയത്.
വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ഒരു പുതിയ വീഡിയോയിലൂടെയാണ് സജ്‌ന പ്രതികരിച്ചത്. ആ പോസ്റ്റ് തന്റെ അറിവോടെയോ സമ്മതത്തോടെയോ പങ്കുവെച്ചതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സജ്‌ന വീഡിയോയില്‍ തുറന്നുപറഞ്ഞു. വിവാദത്തിന് കാരണമായ വ്യാജ ഗര്‍ഭധാരണ പോസ്റ്റ് സജ്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഇപ്പോള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടുണ്ട്. താരത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അനാവശ്യ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
സജ്‌നയുടെ വാക്കുകള്‍ ഇങ്ങനെ... ''എന്റെ കുറച്ച് വിവാദമായ വീഡിയോകള്‍ വന്നു കൊണ്ടിരിക്കുകയാണ്, ഫോട്ടോസും കാര്യങ്ങളും വച്ചിട്ട്. ഈ അക്കൗണ്ട് എനിക്കു കിട്ടിയിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്. എങ്ങനെയാണെന്ന് എനിക്കറിയില്ല. ഈ ന്യൂസ് കണ്ട് എന്റെ സുഹൃത്തുക്കള്‍ കുറേപ്പേര്‍ മെസേജ് ചെയ്ത്, കണ്‍ഗ്രാജുലേറ്റ് ചെയ്തപ്പോള്‍ കാര്യം തിരക്കി. അപ്പോഴാണ് വിവരമറിഞ്ഞത്. ഞാന്‍ ആകെ പാനിക്കായി. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. നോക്കിയിട്ട് അവള്‍ക്കും തുറക്കാന്‍ പറ്റുന്നില്ലായിരുന്നു.
അവള്‍ എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണിത്. ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസുമായിത്തന്നെ മുന്‍പോട്ടു പോകും. കുറേ ആളുകള്‍ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ വീഡിയോ ചെയ്യുന്നത്.
വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍. അങ്ങേയറ്റം തളര്‍ന്നിരിക്കുകയാണ്. ഓരോ ട്രോമയില്‍ നിന്നും റിക്കവര്‍ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാന്‍ മക്കള്‍ക്ക് വേണ്ടി ജീവിക്കും. ആര് കൊല്ലാക്കൊല ചെയ്താലും ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആരു ചെയ്താലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാന്‍ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതു ചെയ്തത് ആരായാലും അതു ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരും''