കേരളത്തിൽ ഒരുപതിറ്റാണ്ട് മുമ്പ് വരെ ഏറ്റവും ആദരണീയമായ ജോലികളിൽ ഒന്നായിരുന്നു മാധ്യമപ്രവർത്തനം. മാധ്യമ പ്രവർത്തകരുടെ ഉന്നതബന്ധവും, അറിവുമൊക്കെ ഏവർക്കും മാതൃകയായിരുന്നു. അവരുടെ സൗഹൃദം പിടിച്ചുപറ്റാൻ സാധാരണക്കാർ കൊതിച്ച ഒരുകാലമുണ്ടായിരുന്നു. എന്നാൽ ചാനലുകളുടെ തള്ളിക്കയറ്റത്തോടെ ഏതുനുണയും വ്യാജപരാതിയും വാർത്തയാക്കുകയും അന്തിചർച്ചയാക്കുകയും ചെയ്തതോടെ മാധ്യമപ്രവർത്തനത്തിന്റെ വിലയിടിഞ്ഞു. മാധ്യമപ്രവർത്തകരെ പലരും പുച്ഛത്തോടെ കാണുന്ന സമീപനവും വളർന്നുവന്നു.
അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും തമ്മിലുള്ള മുഖ്യവ്യത്യാസം ആദ്യകൂട്ടർക്ക് വാർത്ത നൽകാൻ സമയമുണ്ടെന്നതും രണ്ടാമത്തെ കൂട്ടർക്ക് അതുകിട്ടിയ ഉടൻ കൊടുക്കണമെന്നുമുള്ളതാണ്. തിരക്കിട്ടുവാർത്ത നൽകേണ്ട ഈ ഗതികേടിനിടയിൽ ഒരു വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാലും അതുശരിയാണെന്ന് സഥാപിക്കാനുള്ള പ്രവണതയാണ് മാധ്യമങ്ങളെ അപഹാസ്യമാക്കുന്നത്.
മാധ്യമങ്ങൾ മാസങ്ങളോളം കൊട്ടിഘോഷിച്ച വാർത്തയാണ് സിറോ-മലബാർ സഭയെയും മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിയെയും ആരോപണമുനയിൽ നിർത്തിയ ഭൂമി കുംഭകോണം. എന്നാൽ, ആ സംഭവം എങ്ങുമെത്താതെ പോയ സമയത്താണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്ത്രീപീഡന വിവാദം കളം നിറയുന്നത്. ഇതോടെ ആലഞ്ചേരി വീണ്ടും വാർത്തകളിലെ സാന്നിധ്യമായി. മാർ ആലഞ്ചേരി കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടും സഹായിച്ചില്ലെന്ന് മാത്രമല്ല അതുമറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് ചാനലുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. ആലഞ്ചേരിയെ ചോദ്യം ചെയ്യാൻ കാക്കനാട്ടെ അരമനയിൽ പൊലീസെത്തി എന്നായിരുന്നു ഇന്നലത്തെ വാർത്തയെങ്കിൽ, കന്യാസ്ത്രീ തനിക്ക് പരാതി നൽകിയില്ല എന്നുപറഞ്ഞ ആലഞ്ചേരിയുടെ വാദം തെറ്റാണെന്നും പരാതി ലഭിച്ചിട്ടും മറച്ചുവച്ചുവെന്നും പീഡകരെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും വ്യക്തമാക്കുന്ന തരത്തിലുള്ള ടെലിഫോൺ സംഭാഷണങ്ങളുമാണ് ഇന്നുചാനലുകളിൽ നിറഞ്ഞുനിൽക്കുന്നത്.
മാർ ആലഞ്ചേരിയും ആരോപണം ഉന്നയിച്ച കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണം പരിശോധിക്കാം. ആ സംഭാഷണം മറുനാടൻ മലയാളിയിലും നൽകിയിട്ടുണ്ട്. ആ നീണ്ട സംഭാഷണത്തിലെ ചില വാക്കുകൾ മാത്രം എഡിറ്റ് ചെയ്ത് കന്യാസ്ത്രീയുടെ പരാതി മുക്കാൻ ശ്രമിച്ചുവെന്ന് സ്ഥാപിക്കാൻ നോക്കുന്ന മാധ്യമങ്ങൾ എത്ര നിഷ്ഠൂരമായാണ് സത്യത്തെ വളച്ചൊടിക്കുന്നത് എന്ന തിരിച്ചറിയണമെങ്കിൽ, ആ സംഭാഷണത്തിന്റെ പൂർണരൂപം കേൾക്കുക മാത്രം മതി.
തന്നെ വിളിച്ച കന്യാസ്ത്രീയോട് മാർ ആലഞ്ചേരി വിശദമായി സംസാരിച്ചുവെന്നത് തന്നെ പ്രധാനമാണ്. ആ സംഭാഷണത്തിൽ കേസ് കൊടുക്കണമെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ആലഞ്ചേരി കൃത്യമായി പറയുന്നുണ്ട്. ഒരിടത്തും കേസ് ഒതുക്കി തീർക്കണമെന്നോ, സഭയെ നാണം കെടുത്തരുതെന്നോ അദ്ദേഹം ആവശ്യപ്പെടുന്നില്ല. ജലന്ധർ തന്റെ അധികാരപരിധിയിലല്ലാത്ത രൂപതയായതുകൊണ്ട് ചെയ്യേണ്ടത് എന്താണെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. ജലന്ധറിലെ ജീവിതം അസഹനീയമാണെങ്കിൽ ഇവിടെ കന്യാസ്ത്രീയെ സഭയിലെടുത്ത് അംഗമാക്കുന്നതിന് തയ്യാറാണെന്നും ആലഞ്ചേരി പറയുന്നുണ്ട്. ഇതൊന്നും ഞാൻ പറഞ്ഞതാണെന്ന് പറയരുത്്... നിങ്ങൾ സ്വന്തം നിലയിൽ ചെയ്തതാണെന്ന് പറയണം എന്ന് ആലഞ്ചേരി ഉപദേശിക്കുന്നതാണ് ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. ആലഞ്ചേരിക്ക,് പീഡനകാര്യം പരാതിയായി കൊടുത്തിട്ടില്ല എന്നത് വ്യക്തമാണ്. ടെലിഫോൺ സംഭാഷണം പോലും കേസും വിവാദവും ആരംഭിച്ച ശേഷമുള്ളതാണ്. കന്യാസ്ത്രീ പൊലീസിൽ പരാതിപ്പെട്ട ഒന്നോ രണ്ടോ ദിവസം കഴിഞ്ഞതിന് ശേഷമാണ് ആലഞ്ചേരിയെ ബന്ധപ്പെട്ടതെന്നും വ്യക്തമാണ്.
ഇക്കാര്യങ്ങൾ മറച്ചുവച്ചുകൊണ്ട് ആലഞ്ചേരിയെ പഴി പറയുന്ന മാധ്യമപ്രവർത്തകരുടെ ഉളുപ്പില്ലാത്ത രീതിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ആരോപണമുനയിൽ നിൽക്കുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കാൾ കുഴപ്പക്കാരൻ ആലഞ്ചേരിയാണ് എന്ന് സഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു അജണ്ട ഇതിന് പിന്നിലുണ്ട് എന്ന് വ്യക്തമാണ്. ഫ്രാങ്കോ മുളയ്ക്കലിനെ തുറങ്കലിലടയ്ക്കാത്തതല്ല, മറിച്ച് ആലഞ്ചേരിയാണ് പ്രശ്‌നം എന്ന മട്ടിലുള്ള അജണ്ട തുറന്നുകാട്ടേണ്ടതുണ്ട്. കേരളത്തിലെ പല മതമേലധ്യക്ഷന്മാരും പീഡനക്കേസുകളിൽ പെടുമ്പോൾ വാർത്ത പോലും കൊടുക്കാൻ മടിക്കുന്നവരാണ് പല പത്രങ്ങളും ചാനലുകളും. അമൃതാനന്ദമയിയും കാന്തപുരവുമടക്കമുള്ളവർക്കെതിരെ പല ആരോപണങ്ങൾ ഉയർന്നപ്പോഴും ഒരുവാർത്ത പോലും കൊടുക്കാൻ ഇക്കൂട്ടർ തയ്യാറായില്ല.
മാർ ആലഞ്ചേരിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ക്രൈസ്തവ മതത്തോടുള്ള വിരോധം കൊണ്ടൊന്നുമല്ല. എറണാകുളത്തെ ചില പത്രപ്രവർത്തകരെ ചില തൽപരകക്ഷികൾ തെറ്റിദ്ധരിപ്പിച്ചപ്പോൾ, അത് ശരിയാണ് എന്ന് കരുതി എഴുതി തുടങ്ങിയ വാർത്ത അത് ശരിയാണ് എന്ന് തെളിയിക്കേണ്ടത് സ്വയം ഏറ്റെടുത്തത് പോലെ നുണകളുടെ പിന്നാലെ അവർ നടക്കുകയാണ്. ചെറിയ നുണകൾ പറഞ്ഞ് അവർ വലിയ നുണകൾ ഉണ്ടാക്കുകയാണ്. ഇതുമാത്രമല്ല, ചാനലുകൾക്ക് പരസ്യം നൽകുന്നവർ എന്തുതെമ്മാടിത്തം കാണിച്ചാലും അത് വാർത്തയാക്കാനുള്ള ആർജ്ജവം അവർക്കില്ല. ഇത്തരക്കാർക്കെതിരെ ഒരുവരി പോലും എഴുതാൻ മടിക്കുന്ന പത്രങ്ങളും ആലഞ്ചേരിക്കെതിരെ കാഹളം മുഴക്കുമ്പോൾ അതിന്റെ ദുരുദ്ദേശമാണ് മനസ്സിലാക്കേണ്ടത്.