സഞ്ചാരികളുടെ മനസിനും ശരീരത്തിനും കുളിര്‍മ പകര്‍ന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയ പായതോരത്തെ വാളറ വെള്ളച്ചാട്ടം കാണികളുടെ മനംകവരുകയാണ്.പശ്ചിമഘട്ടമലനിരകളില്‍ നിന്നുത്ഭവിക്കുന്ന ദേവിയാര്‍ നദിയിലെ വാളറ വെള്ളച്ചാട്ടം പ്രസിദ്ധമാണ്.മൂന്നാറില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ അടിമാലിക്കും നേര്യമംഗലത്തിനുമിടയിലാണ് ഈ വെള്ളച്ചാട്ടം. പാറക്കൂട്ടങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇവിടെ പതിയ്ക്കുന്നു.പാതയോരത്തുനിന്നും ഏകദേശം 300 അടിയോളം ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.പാതയോരത്തുനിന്നാല്‍ മുകളില്‍ നിന്നും വെള്ളം ഒഴുകിയെത്തി പാറക്കൂട്ടത്തിലുടെ തട്ടുതട്ടായി താഴേയ്ക്ക് പതിച്ച് വനമേഖലയിലേയ്ക്ക് ഒഴുകി നീങ്ങുന്നത് കാണാം.കേരള വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുത പദ്ധതിക്ക് സമീപമായുള്ള ഈ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനു മധ്യേയുള്ള നിരവധി വെള്ളച്ചാട്ടങ്ങള്‍ ഒന്നിച്ചുചേരുന്നതാണ്. 1000 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഒഴുകിയെത്തുന്ന അരുവികള്‍ അതി മനോഹരമായ കാഴ്ചയാണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.
മൂന്നാറിലേയ്ക്കുള്ള യാത്രയില്‍ വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് വാളറ .റോഡിന് സമീപം വീഴുന്ന ജലത്തില്‍ കുളിക്കുന്നതവരും ഏറെയാണ്. ഇത്തരക്കാരില്‍ കൂടുതലും സാഹസികതയും ആഗ്രഹിക്കുന്നവരാണ്.അതുകൊണ്ട് തന്നെ അപകടസാധ്യതകളും ഉണ്ട് .എന്നാല്‍, വനമേഖല സമ്പുഷ്ടമായിരുന്ന കാലത്ത് വേനല്‍ക്കാലത്തും ഇവിടം സമൃദ്ധമായിരുന്നു. ഒഴുവത്തടം, വാളറ തുടങ്ങിയ വനമേഖലകള്‍ വെട്ടിവെളുപ്പിച്ചതിനാല്‍ വെള്ളച്ചാട്ടത്തിനു വിനയായി മാറി. വേനലില്‍ ഒഴുവത്തടം മേഖലയില്‍ നിന്നൊഴുകി വരുന്ന തോട്ടിലെ നീരൊഴുക്ക് നിലക്കുമ്പോള്‍ വെള്ളച്ചാട്ടം വറ്റിവരളുന്നു.വെള്ളച്ചാട്ടം കാണാനെത്തുന്ന വിദേശിയരടക്കമുള്ള വിനോസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചത് ഈ പ്രദേശത്തിന്റെ വികസനം വേഗത്തിലാക്കി.നേര്യമംഗലം കഴിഞ്ഞാല്‍ അടുത്തപ്രധാന പട്ടണമെന്നനിലയിലേയ്ക്ക് വാളറ വളര്‍ന്നിട്ടുണ്ട്.മാത്രമല്ല നിരവധി ഭക്ഷണശാലകളും താമസിക്കാനുളള സൗകര്യങ്ങളും വാളറയില്‍ ഒരുക്കിയിട്ടുണ്ട് .
നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ സഞ്ചാരികളെ മനം കവര്‍ന്ന് നിരവധി ചെറു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കുവാന്‍ കഴിയും.
മൂന്നാറിലേയ്ക്കുള്ള യാത്രയില്‍ പാതയോരത്തെ പ്രധാന കാഴ്ച ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളും ഹരിതഭംഗിയുടെ നിറകുടമായ വനമേഖലയുമാണ്.നേര്യമംഗലം പാലം കഴിഞ്ഞാല്‍ ഇപ്പോള്‍ വനമേഖലയില്‍ ആകമാനം മൂടല്‍ മഞ്ഞ്. ചീയപ്പാറ വെള്ളച്ചാട്ടം 7 തട്ടുകളായാണ് ദേശീയപാതയോരത്ത് പതിക്കുന്നത്. ഏഴു തട്ടുകളും റോഡില്‍ നിന്നാല്‍ കാണാന്‍ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്.വേനല്‍ ശക്തമാവുന്നതോടെ നിലയ്ക്കുന്ന വെള്ളച്ചാട്ടം മഴക്കാലമെത്തുന്നതോടെ വീണ്ടും സജീവമാവും.ചീയപ്പാറയില്‍ വെള്ളച്ചാട്ടം ഇപ്പോള്‍ പേരിന് മാത്രമാണ്.വേനല്‍ തുടങ്ങുന്നതോടെ ആദ്യം നിലയിക്കുന്ന വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. ഇവിടെയുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടുത്തിടെ ദേശിയപാത അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു.പാതയോരം കയ്യേറിയതായി ആരോപിച്ചാണ് ഇവ പൊളിച്ചുനീക്കിയത്.
വാളറയില്‍ കെടിഡിസിയുടെ വഴിയോര വിശ്രമകേന്ദ്രവും ഉണ്ട്. കാലങ്ങളായി അനാഥമായി കിടന്നിരുന്ന വിശ്രമകേന്ദ്രം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറായാല്‍ വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റാനാവും.