പകുതിപ്പാലം(നെല്ലിയാമ്പതി); കാട്ടാനകളും കാട്ടുപോത്തുകളും മാനും മ്ലാവും സിംഹവാലനും കരിങ്കുരങ്ങുമെല്ലാം കൈ എത്തും ദൂരത്തിൽ. കാതുകൾക്ക് ഇമ്പമേകാൻ കിളിപ്പാട്ടുകൾ. ദേശടകരടക്കം വിവിധ വർണ്ണത്തിലും രൂപത്തിലുമുള്ള പക്ഷിക്കൂട്ടങ്ങൾ വലംവയ്ക്കും. വെള്ളച്ചാട്ടങ്ങളും അരുവികളും താഴ്വാരങ്ങളും മലനിരകളുമടക്കം പ്രകൃതി ഒളിപ്പിച്ചിട്ടുള്ള വിസമയക്കാഴ്ചകളും കൺനിറയെ കണ്ടാസ്വദിക്കാം. നെല്ലിയാമ്പതി പകുതിപ്പാലം എസ്സ്റ്റേറ്റ് കേന്ദ്രീകരിച്ച് നടപ്പിൽ വരുത്തിയിട്ടുള്ള ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സഫാരിയിലെ നേർകാഴ്ച ഇങ്ങനെയൊക്കെയാണ്.
ബസ്സ് റൂട്ടിൽ നിന്നും ഏകദേശം 15 കിലോമീറ്ററോളം വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കെ എഫ് ഡി സി യുടെ അതിഥി മന്ദിരത്തിലെ താമസവും ഇവിടെ നിന്നും വനപാതകളിലൂടെയുള്ള വാഹന സഞ്ചാരവും ട്രക്കിംഗും സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. രണ്ട് മുറികൾ മാത്രമുള്ള കെട്ടിടമാണ് ഇവിടുത്തെ ഇക്കോ ടൂറിസം സെന്ററിൽ സന്ദർശകർക്കായി താമസത്തിന് നൽകുന്നത്.ഈ കെട്ടിടത്തിൽ നിന്നും വനമേഖലയിലേയ്ക്ക് കഷ്ടി 15 മീറ്ററോളം ദൂരമേയുള്ളു.
മ്ലാവും മാനും സിംഹവാലൻ കുരങ്ങുകളും കരിങ്കുരങ്ങുകളും രാപകലന്യേ ഈ കെട്ടിടത്തിനുചുറ്റുമുള്ള വന പ്രദേശത്ത് എത്തുന്നുണ്ട്. കടുവയും പുലിയും കാട്ടുപോത്തും കാട്ടാനയുമെല്ലാം രാത്രികളിലാണ് ഈ ഭാഗത്ത് എത്തും.സംരക്ഷണമൊരുക്കുന്നതിനായി കെട്ടിടത്തിനും സമീപത്തെ ഓഫീസും ചുറ്റും വൈദ്യുത കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്.
ധൈര്യശാലികളായ താമസക്കാർ വൈദ്യുതവേലിക്കിപ്പുറം നിന്ന് വന്യമൃഗങ്ങളെ കാണുക പതിവാണെന്നാണ് ഇവിടുത്തെ ഗൈഡുകൾ നൽകുന്ന വിവരം.പ്രഭാതത്തിൽ താമസ കേന്ദ്രത്തിൽ തങ്ങുന്ന സഞ്ചാരികളെ വനത്തിലൂടെ ജീപ്പിൽ സഫാരിക്ക് കൊണ്ടുപോകുന്നുണ്ട്. ഈ യാത്രയിൽ കാട്ടുപോത്തുകളെയും കാട്ടാനക്കൂട്ടങ്ങളെയും കണ്ടുമുട്ടുക പതിവാണെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ.മലമുഴക്കി വേഴാമ്പൽ ധാരളമായിക്കാണുന്ന പ്രദേശങ്ങളിലൊന്നാണിത്.സിംഹവാലൻ കുരങ്ങുകളുടെ ഏകദേശം 25-ഓളം വരുന്ന ഒരു കൂട്ടമാണ് അടുത്തിടെ ഈ വനമേഖലയിൽ എത്തിയിട്ടുള്ളത്.
ഭീമൻ കരിങ്കുരങ്ങകളാണ് ഇവിടെ കാണപ്പെടുന്നത്.യാത്രയിലുടനീളം മലമുഴക്കി വേഴാമ്പലുകളുടെ ശബ്ദകോലാഹലങ്ങൾ വനമേഖലയുടെ വിവധ ഭാഗങ്ങളിൽ നിന്നും കേൾക്കാം. ട്രക്കിങ് പാതയുടെ അവസാനത്തോടടുത്ത് നിരവധി കെട്ടിടങ്ങളും ആരാധാനാലയുമെല്ലാം തകർന്ന് കിടക്കുന്നതും കാണാം. ഈ ഭാഗത്തുണ്ടായിരുന്ന തോട്ടങ്ങൾ സ്വന്തമാക്കിയിരുന്നവരിൽ ഏതാനും പേരും ഇവിടെ പണിയെടുത്തിരുന്ന നൂറ് കണക്കിന് കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നെന്നും തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ താമസക്കാർ കാടിറങ്ങുകയായിരുന്നെന്നും തുടർന്ന് കാലപ്പഴക്കത്താൽ കെട്ടിടങ്ങളും ചാപ്പലുമെല്ലാം നശിക്കുകയായിരുന്നെന്നുമാണ് അന്വേഷണത്തിൽ ലഭ്യമായ വിവരം.
കാടിനുള്ളിലെ വിസ്തൃതമായ ജലാശയം സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നുണ്ട്.കൊടിയ വേനലിലും ഈ തടാകത്തിലെ വെള്ളം വറ്റാറില്ല.വന്യജീവികളിൽ വലിയൊരുവിഭാഗം ദാഹതീർക്കാനെത്തുത്തത് ഇവിടെയാണ്.വൈകുന്നേരങ്ങളിൽ ഈ ജലാശയത്തിന് സമീപമെത്തിയാൽ സംഹമൊഴിയെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളെയും പലപ്പോഴായി കാണാൻ സാധിയിക്കുമെന്നാണ് ജീവനക്കാർ നൽകുന്ന സൂചന. നെല്ലിയാമ്പതി മലനിരകൾ പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമാണ്.ഈ പാതയിൽ പല സ്ഥലത്തും വ്യൂപോയിന്റുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശവും വ്യൂപോയിന്റുകളിൽ നിന്നാൽ കാണാം.പോബ്സിന്റെ തേയില തോട്ടത്തിലൂടെ സീതാർ കുണ്ടിലേയ്ക്കുള്ള യാത്രയിലും പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിക്കാം.
ഇവിടെ പോബ്സിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മുന്നൂറ് മീറ്ററോളം നടന്നാൽ സീതാർകുണ്ടിലെ താഴ്‌വര കാണാം.ഉയരത്തിൽ നിന്നും ഒഴുകിയെത്തി അഗാതതയിലേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് വർഷകാലത്ത് ഇവിടുത്തെ പ്രധാന ആകർഷക ഘടകം. നല്ല കാലാവസ്ഥയാണെങ്കിൽ ഇവിടെ നിന്നാൽ താഴെ പാടങ്ങളും വീടുകളും ഫാക്ടറികളുമൊക്ക പൊട്ടുപോലെ കാണം.ചുള്ളിയാർ,മീങ്കര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും ഇവിടെ നിന്നാൽ ദൃശ്യമാവും.ഉച്ചവെയിലിലും ഇവിടെ ശീതക്കാറ്റ് പതിവാണ്.കണ്ണെത്താദൂരത്തോളം പരന്നുകിടക്കുതേയിലക്കാടും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
വനവാസകാലത്ത് രാമ-ലക്ഷമണൻന്മാരും സീതയും ഇവിടെ കഴിഞ്ഞിരുന്നു എന്നാണ് ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പ്രചരിച്ചിട്ടുള്ള ഐതീഹ്യം. കേശവൻപാറ വ്യൂപോയിന്റ്,കാരപ്പാറ വെള്ളച്ചാട്ടം ,തൂക്കുപാലം സർക്കാർ വക ഓറഞ്ച് ഫാം എന്നിവയും ഇവിടേയ്ക്കുള്ള യാത്രയിൽ സഞ്ചാരികളെ സന്ദർശിയിക്കാനാവും. വനം വിസന കോർപ്പറേഷന്റെ തൃശ്ശൂർ ഡിഷനുകീഴിൽ പകുതിപ്പാലം സബ്ബ് യൂണിറ്റിനാണ് ഇക്കോടൂറിസം പദ്ധിതിയുടെ നടത്തിപ്പ് ചുമതല. ഈ സബ് യൂണിറ്റിന്റെ കീഴിൽ പകുതിപ്പാലം,പോത്തുമല,ബീയാട്രീസ്,മീരാഫ്ലോറസ്,റോസറി എന്നീ അഞ്ച് എസ്റ്റേറ്റുകളുണ്ട്.ഇതിൽ ബീയാട്രീസ്,മീരാഫ്ലോറസ്,റോസറി എന്നി എസ്റ്റേറ്റുകൾ തോട്ടപരിപാലനത്തിനും വിള ശേഖരണത്തിനുമായി സർക്കാർ കെ എഫ് ഡി സിക്ക് കൈമാറിയിട്ടുള്ളവയാണ്.
പകുതിപ്പാലം എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇക്കോടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പറമ്പിക്കുളം വന്യമൃഗ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന വനപ്രദേശങ്ങളിലൂടെയാണ് ട്രക്കിങ് -സഫാരി പാതകൾ കടന്നുപോകുന്നത്.കോയമ്പത്തൂരിൽ നിന്നും 120 കിലോ മീറ്ററും പാലക്കാട് നിന്ന് 65 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. സമുദ്രനിരപ്പിൽ നിന്നും 3500-ളം അടിവരെ ഉയരത്തിലാണ് പകുതിപ്പാലം ഇക്കോ ടൂറിസംസെന്റർ സ്ഥിതിചെയ്യുന്നത്. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ഇവിടെ എസ്റ്റേറ്റുകളിൽ വിളപരിപാലനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പി,ഏലം ,കുരുമുളക് എന്നിവയ്ക്ക് വിപണിയിൽ വൻ ഡിമാന്റ് ലഭിക്കുന്നുണ്ട്.വനംവികസന കോർപ്പറേഷന്റെ വിൽപ്പനകേന്ദ്രങ്ങൾ വഴിയാണ് പ്രധാനമായും ഇവ വിറ്റഴിക്കുന്നത്.
സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽപ്പേർക്ക് ഇവിടെ താമസ സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ടെന്റുകൾ സ്ഥിപിക്കുന്നതിനും കെ എഫ് ഡി സി നീക്കം നടത്തുന്നുണ്ട്. ഓഫ് റോഡ് ഡ്രൈവ് താൽപര്യപ്പെടുന്നവർക്ക് കാരാസൂരി -മിന്നാമ്പാറ പ്രദേശത്ത്് ഇതിനുള്ള സൗകര്യവും ലഭ്യമാണ്.അസിസ്റ്റന്റ് മാനേജർ വൈ സൂനീറാണ് ഇക്കോടൂറിസം പ്രവർത്തങ്ങളുടെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്.