Latest News

പോണ്ടിച്ചേരിയില്‍ കണ്ടതും കാണേണ്ടതും

ബിജീഷ് സി.ബി
പോണ്ടിച്ചേരിയില്‍ കണ്ടതും കാണേണ്ടതും

ലയാളികള്‍ക്ക് പോണ്ടിച്ചേരി എന്ന് കേള്‍ക്കുമ്പോള്‍ 'ഫ്രണ്ട്‌സ്', 'സ്വപ്നക്കൂട്' എന്നീ സിനിമകളിലെ ദൃശ്യങ്ങളായിരിക്കും മനസിലോടിയെത്തുക. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ തമിഴ് സംസ്‌കാരത്തോടൊപ്പം ഇഴ ചേര്‍ന്നിരിക്കുന്ന പോണ്ടിച്ചേരിയെന്ന പുതുച്ചേരിയെക്കുറിച്ച് അറിയാവുന്നവര്‍ ചുരുക്കമായിരിക്കും.

ചെറുതെങ്കിലും വൃത്തിയുളള റെയില്‍വേ സ്റ്റേഷനില്‍ തിരക്ക് അധികമില്ല. കേരളത്തിലേക്ക് ആഴ്ചയില്‍ രണ്ട് തവണയുള്ള എക്‌സ്പ്രസ് അടക്കം വളരെ കുറച്ച് ട്രെയിനുകള്‍ മാത്രമേ ഈ അവസാന സ്റ്റേഷനില്‍ എത്താറുളളു. പുറത്തേക്കിറങ്ങയതും ടാക്‌സിക്കാരുടെ ബഹളം... കാഴ്ചയൊക്കെ കണ്ട് പതുക്കെ നടക്കാമെന്ന് കരുതി. സമീപത്തായി തലയുയര്‍ത്തി നില്‍ക്കുന്ന സേക്രഡ് ഹാര്‍ട്ട് പള്ളി. 

ചെന്നൈയില്‍ നിന്ന് ഏതാണ്ട് 165 കി.മീ തെക്കായി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന പോണ്ടിച്ചേരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രകൃതിയും ചരിത്രനിര്‍മ്മിതികളും മാത്രമല്ല, തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരം കൂടിയാണ്.  

അല്‍പം ചരിത്രം 

ബ്രിട്ടീഷുകാര്‍ക്കും മുന്‍പേ ഇന്ത്യയിലെത്തിയ ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു മൂന്നര നൂറ്റാണ്ട് കാലം പോണ്ടിച്ചേരി. ഫ്രഞ്ച് അധിനിവേശത്തിന്റെ പ്രൗഢിയും തമിഴ് സംസ്‌കാരത്തിന്റെ പാരമ്പര്യവും കൂടിച്ചേരുന്നിടത്താണ് പോണ്ടിച്ചേരി ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാവുന്നത്.

പോണ്ടിച്ചേരിയിലെ ആദ്യ ഗവര്‍ണര്‍ ജനറലായ ഫ്രാങ്കോയിസ് മാര്‍ട്ടിനാണ് നഗരം സ്ഥാപിച്ചത്. 1741ല്‍ ഫ്രഞ്ചുകാരനായ നിക്കോളാസ് ബല്ലിന്‍ തയ്യാറാക്കിയ പ്ലാനിലൂടെ നഗരം പുനരുദ്ധരിച്ചു. 1954 ല്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീന പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചപ്പോള്‍ പോണ്ടിച്ചേരിക്ക് പുറമേ കാരൈക്കലും ആന്ധ്രയിലെ യാനവും വടക്കന്‍ കേരളത്തിലെ മാഹിയും ഒരു കേന്ദ്രഭരണ പ്രദേശമായി നിര്‍ണയിക്കുകയായിരുന്നു. പുതുച്ചേരിയെന്ന കൊച്ചു കടല്‍തീര നഗരത്തില്‍  വിസ്മയിപ്പിക്കുന്ന കാഴ്ചകളും സ്ഥലങ്ങളും നിരവധിയാണ്.

അധിനിവേശത്തിന്റെ അവശേഷിപ്പുകള്‍

ഫ്രഞ്ച് അധിനിവേശ കാലത്തെ ധാരാളം നിര്‍മ്മിതികള്‍ ഇന്നും അതേ രീതിയില്‍ സംരക്ഷിച്ചു പോരുന്നുണ്ട്. കാഴ്ചയില്‍ ഗോവയോടല്‍പം സാദൃശ്യം പോണ്ടിച്ചേരിക്ക് വരുത്തുന്നതും ഈ നിര്‍മ്മിതികളാണ്. ഇത്തരത്തില്‍  കൊളോണിയല്‍ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ അധികവും മഞ്ഞനിറത്തിലാണ്. ചാരനിറത്തിലും മഞ്ഞയിലും കെട്ടിടങ്ങള്‍ നിറഞ്ഞ ഫ്രഞ്ചുകാരടക്കമുള്ള വിദേശികള്‍ താമസിക്കുന്ന വൈറ്റ് ടൗണിലെത്തുമ്പോള്‍ നാം നില്‍ക്കുന്നത് മറ്റേതോ രാജ്യത്താണെന്ന് തോന്നിപ്പോവും. തമിഴ് നഗരത്തിനിടയില്‍ നില്‍ക്കുന്ന മറ്റൊരു കൊച്ചു രാജ്യം പോലെ വൈറ്റ് ടൗണ്‍ പഴയപ്രതാപത്തില്‍ ഇന്നും നില നില്‍ക്കുന്നു. 

ഫ്രഞ്ചുകാര്‍ നിര്‍മ്മിച്ച ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് കൊളോണിയല്‍ കാലത്തിന്റെ മറ്റൊരു ഓര്‍മപ്പെടുത്തലാണ്. ഫ്രഞ്ച് നേവി കമാന്ററായിരുന്ന മാര്‍ക്വിസ് ഡ്യുപ്ലേയുടെ പ്രതിമയും ഒന്നാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ഫ്രഞ്ചുകാരുടെ ഓര്‍മയ്ക്കായി നിര്‍മ്മിക്കപ്പെട്ട ഫ്രഞ്ച് യുദ്ധ സ്മാരകവും ഇന്നും പുതുച്ചേരിയില്‍ സംരക്ഷിച്ചു പോരുന്നു. 

സാംസ്‌കാരിക സമന്വയത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫ്രഞ്ച് വിദ്യര്‍ത്ഥികള്‍ക്ക് പ്രത്യേക സംവരണവും ഔദ്യോഗിക ഭാഷകളുടെ കൂട്ടത്തില്‍ ഫ്രഞ്ച് ഭാഷാ സാന്നിധ്യവും ഇപ്പോഴും നിലനില്‍ക്കുന്നു. ഫ്രഞ്ച് സംസ്‌കാരവും തമിഴ് പാരമ്പര്യവും ഒന്നിച്ചപ്പോള്‍ ഒരു വിഭാഗം ജനതയുടെ ജീവിതരീതികള്‍ ഒരു പരിധി വരെയെങ്കിലും സാര്‍വജനീനമായി.

ഒരേ നാട്, വ്യത്യസ്ത സംസ്‌കാരം

തമിഴ് സംസ്‌കാരവും ഫ്രഞ്ച് സംസ്‌കാരവും പരസ്പര പൂരകങ്ങളായി അതീവ സഹവര്‍ത്തിത്തത്തില്‍ ജീവിച്ചു പോരുന്നത് പോണ്ടിച്ചേരിയിലെ സാധാരണ കാഴ്ചയാണ്. ഏകദേശം 45 കി.മീ തീരദേശമുള്ള പോണ്ടിച്ചേരിയുടെ പ്രധാന വരുമാനമാര്‍ഗം മത്സ്യബന്ധനവും ടൂറിസവും ആണ്. ഇവിടുത്തെ മത്സ്യമാര്‍ക്കറ്റില്‍ പുരുഷന്മാരല്ല  സ്ത്രീകളാണധികവും. മറ്റൊരു പ്രധാന വരുമാനം കൃഷിയാണ്. അരി, റാഗി, പയറു വര്‍ഗങ്ങള്‍, നിലക്കടല എന്നിവയ്ക്ക് പുറമെ കരിമ്പും കോട്ടനും ഇവിടെ കൃഷിചെയ്യുന്നു. പാലുത്പാദനത്തിലും പുതുച്ചേരി മുന്നിലാണ്. 

ഇവിടുത്തെ സ്ത്രീകള്‍ സ്വയം പര്യാപ്തത ആഗ്രഹിക്കുന്നവരാണ്. എത്ര അധ്വാനമുള്ള ജോലി ചെയ്യാനും ഇവര്‍ തയ്യാര്‍. വളകിലുക്കവും മുല്ലപ്പൂമണവും ഉറക്കെയുള്ള സംസാരവുമായി പച്ചക്കറിക്കുട്ടയോ മീന്‍കുട്ടയോ ആയി അതി രാവിലെ ബസുകയറിപ്പോവുന്ന തമിഴ്‌പ്പെണ്ണുങ്ങള്‍ പുതുച്ചേരിയിലെ പതിവ് കാഴ്ചയാണ്. പുരുഷന്മാരും വ്യത്യസ്തരല്ല. അധ്വാനശീലര്‍... സ്ത്രീകളെ അളവറ്റ് ബഹുമാനിക്കുന്നവര്‍...

അരവിന്ദഘോഷും അരബിന്ദോ ആശ്രമവും 

പോണ്ടിച്ചേരിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ മറക്കാതെ എത്തുന്ന ഒരു സ്ഥലമുണ്ട്. അരബിന്ദോ ആശ്രമം. ഇത്രമേല്‍ ജനകീയമായ ഒരു ആശ്രമം വളരെ കുറച്ച് മാത്രമേ കാണാന്‍ സാധിക്കൂ. 

രാഷ്ട്രീയം ഉപേക്ഷിച്ച് 1910ല്‍ പോണ്ടിച്ചേരിയിലെത്തി ആത്മീയജീവിതം ആരംഭിച്ച അരവിന്ദഘോഷ് 1926 ലാണ് അരബിന്ദോ ആശ്രമം സ്ഥാപിച്ചത്. പിന്നീട് ജീവിതാന്ത്യം വരെ എഴുത്തും ധ്യാനവുമായി അദ്ദേഹം അവിടെ കഴിഞ്ഞുവെന്നത് ചരിത്രം. 

ഓറോവില്‍ എന്ന സാര്‍വലൗകിക നഗരം 

അരവിന്ദ ഘോഷിന്റെ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 1968ല്‍ മിറ അല്‍ഫസ സ്ഥാപിച്ച നഗരമാണ് ഓറോവില്‍ ( Auroville). ഓറോവില്‍ എന്ന ഫ്രഞ്ച് വാക്കിനര്‍ത്ഥം പ്രഭാതത്തിന്റെ നഗരം ( ctiy of dawn) എന്നാണ്. 

യാതൊരു വിവേചനവുമില്ലാതെ പല ജാതിമതലിംഗവംശവര്‍ഗത്തില്‍ പെടുന്നവര്‍ സാഹോദര്യത്തോടെ ജീവിക്കുന്ന ഒരിടം. സാര്‍വലൗകിക നഗരമായ ഇവിടെ അമ്പതോളം രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 2700 ഓളം ആളുകള്‍ വസിക്കുന്നുണ്ട്. പല ജോലി ചെയ്യുന്നവര്‍, പലസംസ്‌കാരത്തിലുളളവര്‍...

ഓറോവിലിന്റെ ഏറ്റവും വലിയ പ്രത്യേകത സ്വയംപര്യാപ്തതയാണ്. പച്ചക്കറികളും പാലുമടക്കം ഒട്ടുമിക്ക വസ്തുക്കളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് കാണാനും പഠിക്കാനും നിരവധിപേരാണ് ദിനംപ്രതി എത്തുന്നത്.  നീണ്ട 37 വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ത്ത മാതൃമന്ദിര്‍(mtari mandir)ന് ചുറ്റും നിലകൊളളുന്ന ടൗണ്‍ഷിപ്പ് ഒരിക്കലെങ്കിലും കണ്ടിരിക്കണം. 

പോണ്ടിച്ചേരി നഗരമധ്യത്തില്‍ നിന്നും പത്ത് കി.മി അകലത്തിലുള്ള ഈ ടൗണ്‍ഷിപ്പിന്റെ ഏറിയപങ്കും വില്ലുപുരം ജില്ലയിലാണ്. ഫ്രഞ്ച് വാസ്തുശില്‍പിയായ മേജര്‍ ആംഗര്‍ ആണ് നഗരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

റോക്ക് ബീച്ചിന്റെ മനോഹാരിതയിലൂടെ 

ഇന്ത്യയിലെ മനോഹരമായ ബീച്ചുകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം പോണ്ടിച്ചേരിക്ക് സ്വന്തമാണ്. റോക്ക് ബീച്ചും പാരഡൈസ് ബീച്ചും. റോക്ക് ബീച്ചിനോട് ചേര്‍ന്ന് ഒന്നര കി.മീ നീളത്തില്‍ നിര്‍മിച്ച വലിയ പാതയില്‍ വൈകിട്ട് ആറ് മണിക്ക് ശേഷം വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരാല്‍ ഇവിടം നിറയും. പക്ഷേ ആള്‍ക്കൂട്ടത്തിന്റെ ഞെരുക്കം ഒരിക്കല്‍പോലും നമുക്കനുഭവപ്പെടില്ലെന്നതാണ് വൈരുദ്ധ്യം.  

റോക്ക് ബീച്ചിന്റെ ഒത്ത നടുവിലായി ഗാന്ധി പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നു. ഫ്രഞ്ച് യുദ്ധ സ്മാരകവും കുട്ടികള്‍ക്കുള്ള ചെറിയ പാര്‍ക്കും പാതയോരത്താണ്. സന്ധ്യ മയങ്ങുന്നതോടെ തെളിയുന്ന വഴിവിളക്കുകള്‍ ചൊരിയുന്ന പ്രകാശം റോക്ക് ബീച്ചിന് നല്‍കുന്നത് വല്ലാത്തൊരു വശ്യതയാണ്.

കാണേണ്ട മറ്റു ബീച്ചുകള്‍

റോക്ക് ബീച്ചിനു പുറമേ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന മനോഹരമായ ധാരാളം ബീച്ചുകള്‍ പോണ്ടിച്ചേരിയിലുണ്ട്.

ഓറോവില്‍ ബീച്ച്: ഓറോവില്‍ നഗരത്തിനടുത്തായി ശാന്തമായി വിശ്രമിക്കുന്ന തെളിനീരുള്ള ഓറോവില്‍ ബീച്ച് ഒന്ന് നീന്തികുളിക്കാനും സര്‍ഫിങ്ങിനും ഏറ്റവും അനുയോജ്യമാണ്. അതിരാവിലെ സര്‍ഫിങ്ങ് പ്രാക്ടീസ് ചെയ്യാം.

പാരഡൈസ് ബീച്ച്: പോണ്ടിച്ചേരിയില്‍ ഏറ്റവും ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള ബീച്ചാണ് പാരഡൈസ്. കടലില്‍ നീന്തിക്കുളിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചെയ്ഞ്ചിംഗ് റൂമും ഷവര്‍റൂമും ഇവിടെ ലഭ്യമാണ്. പ്രത്യേക പ്രവേശന ഫീസുമുണ്ട്.

സെറിനിറ്റി ബീച്ച്: തിരക്കു പിടിച്ച ജീവിതത്തില്‍ അല്പം ശാന്തത വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന ഏറ്റവും നല്ല സ്ഥലമാണ് സെറിനിറ്റി ബീച്ച്. വേണമെങ്കില്‍ വിദഗ്ദ്ധര്‍ നിങ്ങളെ സര്‍ഫിങ്ങ് പഠിപ്പിക്കാനും തയ്യാര്‍.

പുതുച്ചേരിയെന്ന ക്ഷേത്ര നഗരി 

ഫ്രഞ്ച് സംസ്‌കാരം പുതുച്ചേരിയിലുണ്ടെങ്കിലും ഒരിക്കല്‍ പോലും തനത് തമിഴ് സംസ്‌കാരത്തെ മറികടക്കാനോ ഇല്ലാതാക്കാനോ ശ്രമിച്ചിട്ടില്ല. അതിനുദാഹരണങ്ങളാണ് കൊളോണിയല്‍ കെട്ടിടങ്ങള്‍ക്കൊപ്പം തല ഉയര്‍ത്തിനില്‍ക്കുന്ന മനോഹര ക്ഷേത്രങ്ങള്‍. നഗരത്തില്‍ മാത്രമായി ഏതാണ്ട് 57 ക്ഷേത്രങ്ങളാണുള്ളത്. മണക്കുളര്‍ വിനായക ക്ഷേത്രം, വരദരാജ പെരുമാള്‍ ക്ഷേത്രം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. 

പോണ്ടിച്ചേരി നഗരത്തിനുള്ളില്‍ ഏവരുടെയും ശ്രദ്ധ എളുപ്പത്തില്‍ പിടിച്ചുപറ്റുന്ന രണ്ട് ക്ഷേത്രങ്ങളാണ് വേദപുരീശ്വര ക്ഷേത്രവും വരദരാജ പെരുമാള്‍ ക്ഷേത്രവും. എം.ജി. റോഡില്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ഇവ ഒരേ ക്ഷേത്രത്തിന്റെ തന്നെ വ്യത്യസ്ത പ്രവേശന കവാടങ്ങളാണെന്ന് ആദ്യമായി നഗരം സന്ദര്‍ശിക്കുന്ന ഒരാള്‍ക്കു തോന്നും. നിര്‍മ്മാണത്തിലും രൂപത്തിലുമുള്ള സാമ്യം തന്നെയാണ് ഇതിന് കാരണം.

'ഈശ്വരന്‍ ധര്‍മ്മരാജ് കോവില്‍' എന്നു കൂടെ അറിയപ്പെടുന്ന വേദപുരീശ്വരക്ഷേത്രം ഒരു ശൈവ ആരാധനാലയമാണ്. ഏതാണ്ട് 75 അടി ഉയരത്തില്‍ വര്‍ണാലംകൃതമായ ക്ഷേത്ര ഗോപുരത്തില്‍ നിറയെ ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ പൊതുവേ കാണപ്പെടുന്ന ദൈവങ്ങളുടെയും ദേവതകളുടെയും രൂപങ്ങളാണ് കൊത്തിവെച്ചിരിക്കുകയാണ്. തൊട്ടരുകിലായി സ്ഥിതി ചെയ്യുന്ന വൈഷ്ണവ ആരാധനാലയമായ വരദരാജ പെരുമാള്‍ ക്ഷേത്രം ഏതാണ്ട് ഇതേ മാതൃകയില്‍ തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. 

ചരിത്രമുറങ്ങുന്ന അരികമേട് 

പോണ്ടിച്ചേരി നഗരത്തില്‍ നിന്ന് മാറി ഏതാണ്ട് എട്ട് കി.മീ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അരികമേടില്‍ ചരിത്ര നഗരത്തിന്റെ അവശേഷിപ്പുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 1945-50 കാലഘട്ടത്തില്‍ സര്‍.മോട്ടിമര്‍ വീലര്‍, ജീന്‍ മരീകാസല്‍ എന്നീ ഗവേഷകര്‍ നടത്തിയ ഉദ്ഖനനത്തിലാണ് ചരിത്രരേഖകളില്‍ അടയാളപ്പെടുത്തിയ 'എംപോറിയ' എന്ന തുറമുഖ നഗരം കണ്ടെത്തിയത്. 

സംഘം കൃതികളില്‍ പ്രതിപാദിച്ചിട്ടുള്ള പല മുദ്രകള്‍ക്കും പുറമേ പുരാതനകാലത്ത് ചോളന്മാര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളും ഇവിടെ നിന്നും ലഭ്യമായിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിതപ്രദേശമായ ഇവിടം പ്രകൃതിരമണീയമാണ്.

 

Read more topics: # travlouge,# pondicherry,# trip
travlouge,pondicherry,trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES