എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു പലസ്ഥലത്ത് നിന്നും കേട്ടറിവ് മാത്രമുള്ള ഈ സമുദ്രക്ഷേത്രം സന്ദര്‍ശ്ശിക്കണം എന്നുള്ളത്. മുംബൈയിലേക്കുള്ള യാത്രകളില്‍ പലപ്പോളും ആ വലിയ ശിവ പ്രതിമ നോക്കി ഭക്തിയോടെ വണങ്ങിയിടുണ്ട്. കഴിഞ്ഞ കൊല്ലം രണ്ടുപ്രാവശ്യം മുരുഡേശ്വർ യാത്രക്കുള്ള ഭാഗ്യം കിട്ടി. ആദ്യ തവണ മുംബൈയില്‍ നിന്നാണ് പോയതെങ്കില്‍ രണ്ടാം തവണ നാട്ടില്‍ നിന്നാണ് പോയത്. മൂകാംബിക യാത്രയോട് അനുബന്ധിച്ചാണ് രണ്ടു യാത്രകളും ഉണ്ടായത് . മൂകാംബികയില്‍ നിന്ന് 65 കിലോ മീറ്റര്‍ ആണ് മുരുഡേശ്വർക്ക് . സാജേട്ടനും കുടുംബവും , രാജേട്ടനും കുടുംബവും ,ശാന്ത ഇച്ചമ്മയും, ആയിരുന്നു സഹയാത്രികര്‍. മൂകാംബികയില്‍ മാളുവിനെ എഴുത്തിനു ഇരുത്തിയതിനു ശേഷം , ഹോട്ടലുകാർ ഒരുക്കി തന്ന ഇന്നോവയില്‍ ആണ് ഞങ്ങള്‍ മുരുഡേശ്വർക്ക് പോയത്. മുരുഡേശ്വർ ക്ഷേത്രം ഏഷ്യയിലെ ഏറ്റവും വലിയ ശിവ പ്രതിമയാണ് ഇവിടെയുള്ളത്. ഒരു ഷെട്ടി കുടുംബതിന്റേതാണ് ഈ ക്ഷേത്രവും അവിടെ അടുത്തുള്ള എല്ലാ സ്ഥലങ്ങളും. 11 മണിയോട് കൂടി ഞങ്ങൾ കൊല്ലൂരില്‍നിന്ന് പുറപ്പെട്ടു. കൊല്ലൂരില്‍ നിന്ന് 35 k.m പോയാല്‍ N.H -17 എത്തും , ഹൈവേയിലൂടെ 40 കിലോ മീറ്ററുണ്ട് മുരുഡേശ്വർക്ക്. നാല് സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോകുന്ന ഈ പാതയുടെ അവസ്ഥ തീര്‍ത്തും നിരാശാജനകമാണ് . നമ്മുടെ ഗ്രാമീണ റോഡുകള്‍ പോലും ഇതിലും നല്ലതാണ് . വഴി മുഴുവന്‍ പോലീസ് ചെക്ക് പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇടക്ക് ഇടക്ക് വര്‍ഗീയ കലാപം ഉണ്ടാകുന്ന സ്ഥലങ്ങളാണിതെന്നു ഞങ്ങളുടെ സാരഥി ഞങ്ങളോട് പറഞ്ഞു. റോഡിന്‍റെ മഹത്വം കാരണം ഞങ്ങള്‍ 2 മണിയോടെ ക്ഷേത്ര നഗരിയില്‍ എത്തി . കൊങ്കണ്‍ പാതയിലെ മുരുഡേശ്വർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 15 മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ മുരുഡേശ്വർക്ക് . അവിടെ എത്തുമ്പോൾ തന്നെ ഒരു കൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയവും, ആശുപത്രി കെട്ടിടവും കാണാം . ഇതും ഈ ഷെട്ടി കുടുംബതിന്റേത് തന്നെയാണ് . ഇവിടെ പാവപ്പെട്ടവര്‍ക്കെല്ലാം തന്നെ സൌജന്യമാണ് , ഇതും ഞങ്ങളുടെ സാരഥി ഞങ്ങളോട് പറഞ്ഞു തന്ന വിവരം തന്നെയാണ്. പൈസ ഉണ്ടാവുന്നതല്ല അത് മറ്റുള്ളവര്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുന്നു എന്നുള്ളതാണ് കാര്യം. ഞങ്ങള്‍ ചെന്ന സമയം ക്ഷേത്രം അടച്ചിരിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടെ ഉള്ള ഒരു മനോഹരമായ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രത്തിന്റെയടുത്ത് തന്നെ ഒരു ഉഗ്രന്‍ ബീച്ചുണ്ട്. ഒട്ടും തന്നെ അപകട സാധ്യതയില്ലാത്ത , മനോഹരം ആയ ബീച്ചാണിത്. ഈ ബീച്ചിന്റെ മുകളിലായിട്ടാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയുന്നത്. ബീച്ചും അതിന്റെ പരിസര പ്രദേശങ്ങളും വളരെ വൃത്തിയായി സൂക്ഷിക്കാന്‍ അവിടുത്തെ ജീവനക്കാര്‍ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട് എന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ് . ഭക്ഷണം കഴിച്ചു ഞങ്ങള്‍ നേരെ വലിയ ശിവ പ്രതിമ ലക്ഷ്യമാക്കി നീങ്ങി . മുകളില്‍ നിന്ന് നോക്കുമ്പോള്‍ വളരെ മനോഹരമാണ് ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍. ധാരാളം ശില്പങ്ങള്‍ നമുക്ക് അവിടെ ദര്‍ശിക്കാവുന്നതാണ്. എല്ലാം തന്നെ ക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ശില്പങ്ങളാണ് എന്നതാണ് അതിന്റെ പ്രത്യേകതയും . ചിത്രങ്ങളില്‍ നിന്ന് വ്യക്തമായി നമുക്ക് കഥകള്‍ മനസ്സിലാക്കാം. അതിനു ചെറുതായി പുരാണം ഗ്രാഹ്യം മതി . രാവണന്‍ തനിക്ക്പരമശിവന്‍ കൊടുത്ത ശിവലിംഗം സന്ധ്യാവന്ദന സമയത്ത് , ബ്രാഹ്മണ വേഷം കെട്ടിയ വിഷ്ണു ഭഗവാന് കൊടുക്കുന്ന രംഗം വളരെ മനോഹരമായി ഇവിടെ ചെയ്തു വെച്ചിരിക്കുന്നു. സൂര്യ ഭഗവാന്റെ രഥവും, ഗീത ഉപദേശത്തിന്റേയും ശില്പങ്ങളും നമുക്കിവിടെ കാണാന്‍ സാധിക്കും . മാത്രമല്ല ഇവിടുത്തെ പൂന്തോട്ടവും നയനാനന്ദകരം തന്നെയാണ്. ഇവിടെ നിന്ന് നോക്കിയാല്‍ സ്വര്‍ണ്ണ നിറത്തിലുള്ള ക്ഷേത്ര സമുച്ചയവും, ആകാശം മുട്ടിനില്‍ക്കുന്ന ക്ഷേത്ര ഗോപുരവും കാണാം . ശിവ പ്രതിമയുടെ പുറകില്‍ നിന്ന് നോക്കിയാല്‍ സമുദ്രത്തിന്റെ ശരിക്കുമുള്ള ഭംഗി നമുക്ക് ആസ്വദിക്കാം. ക്ഷേത്ര ഗോപുരതിന്റേയും , സമുദ്രത്തിന്റേയും ചില ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. പിന്നെ ഞങ്ങള്‍ നേരെ ബീച്ചിലേക്ക് പോയി. വളരെയധികം വൃത്തിയും വെടിപ്പുമുള്ള ഒരു ബീച്ചാണിത്. ഇന്ത്യയിലെ അപൂര്‍വ്വം ചില ഡ്രൈവിംഗ് ബീച്ചില്‍ ഒന്നാണിത്. അപകട സാധ്യത ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു ലൈഫ് ഗാര്‍ഡ്സിനെ അധികമവിടെ കണ്ടില്ല. ഞാനും രാജേട്ടനും മാത്രമേ കടലില്‍ ഇറങ്ങിയുള്ളൂ. ബാക്കിയുള്ളവര്‍ ബോട്ട് സവാരി കൊണ്ടു തൃപ്തിപെട്ടു . ക്ഷേത്ര ദര്‍ശനത്തിനു നീണ്ട നിര തന്നെയുണ്ടായിരുന്നു. കൂടുതലും സ്കൂള്‍ കുട്ടികളായിരുന്നു. അതുകൊണ്ട് ദര്‍ശനത്തിന് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. ക്ഷേത്രത്തിന്റെ ഉള്‍വശവും മനോഹരമാണ് .ദര്‍ശനം കഴിഞ്ഞു വാഹനത്തില്‍ കയറിയപ്പോളേക്കും സമയം 5 മണിയായിരുന്നു. അസ്തമയം കാണണം എന്ന് ആഗ്രഹമുണ്ടായെങ്കിലും, മൂകംബികയിലെ ദീപാരാധന തൊഴണം എന്നതിനാല്‍ വേഗം മടങ്ങി പോന്നു. വിചാരിച്ചതുപോലെ ദീപാരാധന സമയത്ത് ദേവി സന്നിധിയില്‍ തിരിച്ചെത്തുകയും ചെയ്തു. ക്ഷേത്ര ചരിത്രവും മറ്റും രണ്ടാം യാത്രയുടെ വിവരണത്തില്‍ എഴുതാം . കൂടുതല്‍ ചിത്രങ്ങള്‍ ഞാന്‍ ഇവിടെകൊടുക്കുന്നു .