ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ മിവി, മികച്ച ശബ്ദപരിശുദ്ധിയോടെയും സ്‌നേഹപൂര്‍വം രൂപകല്‍പന ചെയ്ത എഐ സംവിധാനത്തോടെയും പുതിയ വയര്‍ലെസ് എഐ ബഡ്സ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ ആശ്രയിച്ചുള്ള ഈ ഗാഡ്‌ജറ്റ് ജൂലൈ 4 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളില്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. 6,999 രൂപയാണ് ഉത്പന്നത്തിന്റെ വില.
ഉപയോക്തൃ സൗഹൃദമായി രൂപകല്‍പന ചെയ്തിരിക്കുന്ന മിവി എഐ ബഡ്സ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാഠി, ബംഗാളി എന്നീ എട്ട് പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ വോയ്സ് അസിസ്റ്റന്റ് സേവനം നല്‍കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. “ഹായ് മിവി” എന്ന വോയ്സ് കമാന്റിലൂടെ സജീവമാകുന്ന അസിസ്റ്റന്റ്, ഭാഷാ സെറ്റിങ്ങുകള്‍ മാറ്റാതെ തന്നെ വിവിധ സേവനങ്ങള്‍ നല്‍കുന്നതാണ് പ്രത്യേകത.
വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പ്രത്യേകിച്ചുള്ള അവതാറുകള്‍ ഇതിനോടൊപ്പം പരിചയപ്പെടുത്തിയിട്ടുണ്ട്. പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ‘ഗുരു’ അവതാര്‍, മോക്ക് ഇന്റര്‍വ്യൂവുകള്‍ക്കായി ‘ഇന്റര്‍വ്യൂവര്‍’, പാചകസഹായത്തിനായി ‘ഷെഫ്’, വാര്‍ത്താ അപ്ഡേറ്റുകള്‍ക്കായി ‘റിപ്പോര്‍ട്ടര്‍’ എന്നീ അവതാറുകള്‍ പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ മിവി എഐ ആപ്ലിക്കേഷന്‍ മുഖേന ഈ അവതാറുകളും മറ്റ് എഐ സെറ്റിങ്ങുകളും നിയന്ത്രിക്കാവുന്നതാണ്.
ഹൈ-റെസലൂഷന്‍ ഓഡിയോ, എല്‍ഡിഎസി, 3ഡി സൗണ്ട്സ്റ്റേജ്, സ്‌പെഷ്യല്‍ ഓഡിയോ എന്നിവയെ പിന്തുണയ്ക്കുന്ന ഈ ബഡ്സ്, ആക്റ്റീവ് നോയിസ് ക്യാന്‍സലേഷനായി ക്വാഡ് മൈക്രോഫോണുകളും ഉള്‍ക്കൊള്ളുന്നുണ്ട്. ഏകതാനമായ ഉപയോഗത്തില്‍ 40 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ സവിശേഷത.
വോയിസ് അസിസ്റ്റന്റ് പ്രകടനവും ബാറ്ററി ദൈര്‍ഘ്യവും മെച്ചപ്പെടുത്തുന്നതിനായി മിവി തന്നെ വികസിപ്പിച്ച കസ്റ്റം ഫേംവെയറാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഇനി വോയ്സ് അസിസ്റ്റന്റുകള്‍ ഉപയോഗപ്പെടുത്തുന്നതിലും സംസാരം നടത്തുന്നതിലും പ്രാദേശിക ഭാഷകള്‍ കൂടുതല്‍ സ്വാഭാവികമായി ഇടംനേടുമെന്ന് ഈ ലോഞ്ച് വ്യക്തമാക്കുന്നു.