നാലു ചുറ്റിലും തൂവെള്ള നിറത്തിൽ നോക്കെത്തുന്ന ദൂരമത്രയും പരന്ന് കിടക്കുന്ന മഞ്ഞ്
അതിന് അതിരിട്ട് നിൽക്കുന്ന അംബരചുംബികളായ പർവ്വതങ്ങൾ
സാന്ദ്രമായ നീല നിറത്തിൽ മേലാപ്പ് വിരിച്ച് നിൽക്കുന്ന തെളിഞ്ഞ ആകാശം
അതിനിടയിൽ വെള്ളി ഉരുക്കി ഒഴിച്ചത് പോലെ തിളങ്ങി നിൽക്കുന്ന ഒരു തെളിനീർ തടാകം
ബ്രഹ്മാവ് തപസ് ചെയ്തു എന്ന ഐതിഹ്യമുറങ്ങുന്ന മണ്ണാണ് ബ്രഹ്മതാൽ തടാകത്തിന്റേത്
സത്യമാവും ആ ഐതിഹ്യം
പ്രപഞ്ചം സൃഷ്ടിച്ചത് ബ്രഹ്മാവാണെങ്കിൽ, അദ്ദേഹത്തിനറിയുമല്ലോ പ്രപഞ്ചത്തിലെ ഏറ്റവും ശാന്തവും സുന്ദരവുമായ പ്രദേശം ഏതാണെന്ന്. അവിടം തന്നെ തന്റെ തപസ്സിന് ബ്രഹ്മാവ് തെരഞ്ഞെടുക്കുകയും ചെയ്യും. ഭൂമിയിലെ സ്നിഗ്ധമായ ശാന്തതക്കും ലാവണ്യത്തിനും ഇത്ര സുന്ദരമായി ഒന്നു ചേരാൻ കഴിയുന്ന അപൂർവ്വം ഇടങ്ങളേ ഉണ്ടാകൂ. അവയിൽ എന്തുകൊണ്ടും മുൻ നിരയിൽ നിൽക്കുന്നു ബ്രഹ്മതാൽ
ഉത്തരാഖണ്ഡിൽ, ചമോലി ജില്ലയിൽ ആണ് ബ്രഹ്മതാൽ
വലിയ ആയാസമില്ലാതെ പൂർത്തിയാക്കാൻ കഴിയുന്ന ഒരു ട്രെക്കിംഗ് ആണ് ബ്രഹ്മതാലിലേക്കുള്ളത്
വിന്റർ മാസങ്ങളിൽ നടത്താനാവുന്ന അപൂർവ്വം ഹിമാലയൻ ട്രെക്കിംഗുകളിൽ ഒന്നുമാണിത്
രാവിലെ 6 മണിക്ക് ന്യൂ ഡെൽഹി സ്റ്റേഷനിൽ നിന്ന് കാത്ഗോഡം ശതാബ്ദി ട്രെയിനിൽ കയറിയതാണ്. 12 മണിയോടെ കാത്ഗോഡം സ്റ്റേഷനിൽ എത്തി. ഇനി ലോഹജംഗിലേക്ക് ആണ് യാത്ര. 280 കിലോമീറ്റർ ദൂരമുണ്ട്
കാത്ഗോഡത്ത് നിന്ന് ബസിലാണ് യാത്ര. 10 മണിക്കൂറോളം അകലെയാണ് ലോഹാജംഗ്
ഉത്തരാഖണ്ഡിന്റെ സർവ്വപ്രതാപവും സൗന്ദര്യവും വിളിച്ചോതുന്ന വഴികളിലൂടെയാണ് ബസ് നീങ്ങുന്നത്
ശാന്തസുഭഗയായി ഒഴുകുന്ന കോസി നദിയുടെ ദൃശ്യഭംഗി നുകർന്നാണ് യാത്ര. കുമയൂണി ഹിമാലയയുടെ വശ്യമായ ഭംഗിയാണ് ചുറ്റിലും. അതിനിടയിലൂടെ കോസിയുടെ തീരത്തെ നനുത്ത കാറ്റും കൊണ്ടുള്ള ബസ് യാത്ര അതിഹൃദ്യം
കോസി നദിയുടെ ലാസ്യമായ ഒഴുക്കിൽ നിന്നും പിണ്ടാരി നദിയുടെ വന്യമായ തുള്ളിക്കുതിപ്പിലേക്ക് കാഴ്ചകൾ പകർന്നാടി
കുമയൂൺ പ്രവിശ്യയിൽ നിന്ന് യാത്ര ഗഡ്‌വാളി ഹിമാലയൻ പ്രവിശ്യയിലേക്ക് കടന്നിരിക്കുന്നു
കൂടുതൽ വളഞ്ഞ് പുളഞ്ഞും കയറ്റവും ഇറക്കവും നിറഞ്ഞുമുള്ള വഴികളിലൂടെ ബസ് മുന്നോട്ട് നീങ്ങി
തണുപ്പ് കഠിനമായി വരുന്നുണ്ട്. ബസിന്റെ ചില്ലു ജാലകങ്ങൾ അടച്ചു. മഫ്ലർ കൊണ്ട് ചെവിയും തലയും മൂടിക്കെട്ടി
മെല്ലെ മെല്ലെ ഗഡ്വാളി മലനിരകളിൽ ഇരുട്ട് പരന്നു. മഞ്ഞ നിറമുള്ള ഫോഗ് ലൈറ്റ് തെളിയിച്ച്, ചെറിയ മൂടൽമഞ്ഞ് മറവീഴ്ത്തിയ വഴിയിലൂടെ ബസ് ലോഹജംഗ് ലക്ഷ്യമാക്കി നീങ്ങി. 10 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ രാത്രി എട്ട് മണിയോടെ ലോഹജംഗിൽ എത്തി
രൂപ്‌കുണ്ട് ട്രെക്കിംഗിന്റെ ബേസ് ക്യാമ്പ് എന്ന നിലയിലാണ് ലോഹാജംഗിനെ ആളുകൾ അറിയുന്നത്. പാർവ്വതി ദേവി ലോഹാസുരനുമായി ഏറ്റുമുട്ടിയ ഭൂമി എന്ന ഐതിഹ്യത്തിൽ നിന്നാണ് ഈ കുഞ്ഞ് ദേശത്തിന് ലോഹജംഗ് എന്ന് പേരു കിട്ടിയത്
ഹിമവാന്റെ മടിത്തട്ടിൽ സമുദ്രനിരപ്പിൽ നിന്ന് 7600 അടി ഉയരെയുള്ള ലോഹാജംഗിൽ ഡിസംബർ മാസത്തെ ഈ രാവിൽ തണുപ്പ് കഠിനമാണ്. ഹോംസ്റ്റേയിൽ എത്തി ഭക്ഷണം കഴിച്ച് വേഗം കിടന്നുറങ്ങി
രാവിലെ നേരത്തെ തന്നെ ഗൈഡ് രഞ്ജൻ ബിഷ്ട് എത്തി. ഒപ്പം സഹായികളായ രമേഷ് ബിഷ്ടും രഹാനെയും. അത്യാവശ്യം സാധനങ്ങൾ നിറച്ച ഒരു ചെറിയ ബാഗ് ഒഴികെയുള്ള ബാഗുകൾ കോവർ കഴുതകളുടെ പുറത്ത് വെച്ച് കെട്ടി രഹാനെ യാത്ര പുറപ്പെട്ടു
രഞ്ജൻ ഞങ്ങൾക്ക് യാത്രയുടെ വിശദാംശങ്ങൾ പറഞ്ഞ് തന്നു. ഡെൽഹിയിൽ നിന്ന് അമർജ്ജിത്, നന്ദിത, ചൻഡിഗഢിൽ നിന്ന് സുഖ്ജിത്, വിഹാൻ, മധുരയിൽ നിന്ന് രാം, അഷ്മിത, രജനി, ശരത്, അസീം എന്നിവരും ഒപ്പമുണ്ട്. വളരെ വേഗം ഞങ്ങൾ പരിചയപ്പെട്ടു. ഇനി അഞ്ച് രാപ്പകലുകൾ മഞ്ഞുമലകളിൽ ഒന്നിച്ചാണ് കഴിയേണ്ടത്
സമുദ്ര നിരപ്പിൽ നിന്ന് 9690 അടി ഉയരെയുള്ള ബികൽതാൽ തടാകക്കരയിലേക്കാണ് ഇന്നത്തെ യാത്ര. ആറ് കിലോമീറ്ററോളം ദൂരം ആറു മണിക്കൂറോളം സമയം കൊണ്ട് താണ്ടുക എന്ന ലക്ഷ്യത്തോടെ ഉച്ചഭക്ഷണം പൊതിഞ്ഞെടുത്ത് പ്രാതലും കഴിച്ച് ഞങ്ങൾ യാത്ര തുടങ്ങി
അവിടവിടെ കാണുന്ന ഗഡ്‌വാളി ഗ്രാമീണ വീടുകൾക്ക് ഇടയിലൂടെ കണ്ട മൺപാതയിലൂടെ നടന്നു
ഇടക്ക് ഗ്രാമീണരെ കാണാം. മഞ്ഞുകാലത്തെ ഗഡ്വാൾ ആലസ്യത്തിന്റെ പര്യായപദമാണെന്ന് തോന്നും. ബീഡി വലിച്ചും തകരപ്പാട്ടയിൽ നിന്ന് ചായ മോന്തിക്കുടിച്ചും വെറുതെ ഇരുന്ന് സമയം കളയുകയാണ് മിക്കവരും. വളരെ കുറച്ച് പേർ മാത്രം കന്നുകാലികളെ പരിപാലിക്കുന്ന തിരക്കിലാണ്. മഞ്ഞുകാലത്ത് ഇവിടെ കാര്യമായ കൃഷിപ്പണികൾ നടക്കാറില്ല
അവരുടെ ഇടയിലൂടെ നടന്ന് കാട്ടിലേക്ക് കയറി
കാട്ടു വഴിയിലൂടെ അൽപം കയറ്റം കയറി കുറച്ച് ദൂരം നടന്ന് കഴിഞ്ഞപ്പോൾ മൻഡോലി ഗ്രാമത്തിലെത്തി
അൽപം കൂടി നടന്നപ്പോൾ അകലെയായി കാളി താഴ്‌വര കണ്ടു
മലനിരകൾ മുടിയഴിച്ചിട്ടത് പോലുണ്ട് കാളി താഴ്‌വര. പച്ചയും നീലയും കറുപ്പും നിറങ്ങൾ പലപല കടുപ്പത്തിൽ അവിടെ കയറ്റിറക്കങ്ങൾ സൃഷ്ടിച്ചു. മുടിയിഴകളിലെ ചുഴികളെപ്പോലെ, അവ്യക്തമായി അങ്ങകലെ താഴ്‌വരയിൽ ഒഴുകുന്ന നദികൾ കാണാം. കാളി നദിയും പിൻഡാരി നദിയും ഈ താഴ്‌വരയിലാണ് ഒഴുകുന്നത്
പിത്തോഗഡ് ജില്ലയിലെ, സമുദ്ര നിരപ്പിൽ നിന്ന് 11800 അടി ഉയരെയുള്ള പർവത ഭൂവിൽ പിറന്ന്, ഉത്തരാഖണ്ഡിനെ തഴുകി ഒഴുകിയിറങ്ങി, അവസാനം ഉത്തർപ്രദേശിലെ, സമുദ്ര നിരപ്പിൽ നിന്ന് 370 അടി ഉയരെ ഉള്ള ഘാഗ്ര നദിയിൽ അലിഞ്ഞു ചേരുവോളം നേരം കാളി നദി ഒട്ടനവധി സംസ്കാര ഭൂമികളിലൂടെയാണ് ഒഴുകിയിറങ്ങുന്നത്. കാലാപാനിയിൽ നിന്ന് ഉദ്ഭവിച്ച് ഇന്ത്യക്കും നേപ്പാളിനും ഇടയിൽ അതിർത്തി തീർത്ത് ഒഴുകുന്ന കാളി നദിക്ക് കറുത്ത പുഴ, ശാരദ നദി എന്നീ വിളിപ്പേരുകളും കൂടിയുണ്ട്.
പിണ്ഡാരി നദി പിറക്കുന്നത് നന്ദാദേവി പർവ്വതത്തിനു കീഴിലെ മനുഷ്യസ്പർശ്ശം അപൂർവ്വമായി മാത്രം
ഏൽക്കുന്ന പിണ്ഡാരി ഗ്ലേസിയറിൽ നിന്നാണ്. ഒരു ഹിമാലയൻ നദിയുടെ സർവ്വ സൗന്ദര്യവും തികഞ്ഞ കുസൃതിപ്പെണ്ണാണ് പിണ്ഡാരി. സദാനേരവും തുള്ളിക്കുതിച്ചാണ് ഒഴുകുക. കാളീ താഴ്‌വരയിലൂടെ ഒഴുകി ലോഹാജംഗിനും വടക്ക് പടിഞ്ഞാറു മാറി കർണ്ണപ്രയാഗിൽ വെച്ച് അളകനന്ദാ നദിയിൽ കൂടിച്ചേരും പിണ്ഡാരി
നദികളുടെ ദൂരക്കാഴ്ചകൾ കണ്ട് മുന്നോട്ട് പിന്നെയും നടന്ന് ബുദ്‌ല ഗ്രാമവും പിന്നിട്ടു. മണ്ണും മരവും കൊണ്ട് പണിത ചുമരിനു മീതെ ചെറിയ തകരക്കഷണങ്ങളും കട്ടിയുള്ള മരപ്പലകകളും നിരത്തി നിർമ്മിച്ച അഞ്ചാറ് വീടുകളുണ്ട് ഗ്രാമത്തിൽ. ഇവിടെയും ആളുകൾ ലാസ്യമായ ഒരു താളത്തിലാണ് മഞ്ഞുകാലത്തെ വരവേൽക്കുന്നത്
ഇവിടെ റോഡോഡെൻഡ്രോൺ മരങ്ങളുണ്ട്. ഇവയിൽ ഡിസംബറിൽ പൂക്കൾ കാണില്ല
വീതിയേറിയ ഒരു തോട് ഒഴുകിയിറങ്ങിപ്പോകുന്നുണ്ട്. അതിനു മുകളിലെ പാലത്തിലൂടെ നടക്കുമ്പോൾ താഴെയുള്ള പളുങ്കുമണി പോലത്തെ വെള്ളത്തിലേക്ക് കാലൊന്ന് ഇറക്കാൻ കൊതി തോന്നുന്നു. പാലത്തിന് മുപ്പത് അടിയോളം നീളമുണ്ട്
പാലം കടന്ന് മുന്നോട്ട് നടന്ന്, ഞങ്ങൾ ബീഗം എന്ന സുന്ദരമായ സ്ഥലത്തെത്തി. ഇവിടെ നിന്ന് നോക്കിയാൽ അകലെ, തെക്ക് കിഴക്ക് ഭാഗത്തായി നവാലി ബുഗ്യാൽ, ബാഗ്ഡി ബുഗ്യാൽ എന്നീ പച്ചപ്പുൽ മൈതാനങ്ങൾ കാണാം. അവയുടെ പളപളപ്പുള്ള പച്ചനിറം വെയിലേറ്റ് വെട്ടിത്തിളങ്ങുന്നുണ്ട്. കുറച്ച് നാളുകൾ കൊണ്ട് അവ മഞ്ഞ് വീണ് മൂടിപ്പോകും
അൽപനേരം നടന്ന് ഞങ്ങൾ ഗുജ്‌റാണി അരുവിയുടെ കരയിലെത്തി. വെള്ളത്തിന് നല്ല തണുപ്പുണ്ട്. വെള്ളം തൊട്ട കൈവിരലുകൾ മരവിച്ചു. കൈക്കുമ്പിളിൽ ആ പളുങ്കുവെള്ളം കോരിയെടുത്ത് മുഖം കഴുകി. ഐസ് കട്ടയെടുത്ത് മുഖത്ത് ഉരച്ചത് പോലെയുണ്ട്. അത്രക്ക് തണുപ്പാണ്
ഇപ്പോൾ നടക്കുന്നത് ഓക്ക് മരക്കാട്ടിലൂടെയാണ്
നിനച്ചിരിക്കാതെ മഞ്ഞ് പെയ്യാൻ തുടങ്ങി. നല്ല പഞ്ഞിക്കെട്ട് പോലുള്ള നനുത്ത മഞ്ഞാണ് പെയ്യുന്നത്. റെയിൻ കോട്ട് ഇട്ട് മഞ്ഞു പെയ്ത്തും കൊണ്ട് നടന്നു
വല്ലാത്ത അനുഭൂതിയാണ് ഈ മഞ്ഞ് പെയ്ത്ത്
ചെറിയ മഞ്ഞുപാളികൾ പറന്ന് വന്ന് ദേഹത്ത് വീഴും. നോവിക്കാതെ. മെല്ലെ മെല്ലെ
ഒരായിരം തണുത്ത ചുണ്ടുകൾ ഒന്നിച്ച് വന്ന് ഉമ്മ വെക്കുന്നത് പോലെ തോന്നും
ആ കുളിരനുഭൂതിയിൽ മുഴുകി നടന്നു
മഞ്ഞു പെയ്ത്തിൽ കാഴ്ചാപരിധി വല്ലാതെ കുറഞ്ഞിട്ടുണ്ട്. പത്ത് മീറ്ററിൽ താഴെ ദൂരമേ മുന്നോട്ട് കാണാൻ കഴിയുന്നുള്ളൂ
രഞ്ജൻ മുന്നിൽ നടന്നു. അതിനു പിന്നിൽ വരിയായി ഞങ്ങൾ. ഏറ്റവും പിന്നിൽ രമേഷ്. അല്ലെങ്കിൽ മങ്ങിയ കാഴ്ചയിൽ വഴി തെറ്റിപ്പോവും
മുന്നോട്ട് നോക്കുമ്പോൾ മഞ്ഞുപാളിക്ക് അപ്പുറത്ത്, ഓക്ക് മരങ്ങൾ മങ്ങിയ ദൃശ്യങ്ങളായി കാണാം
തൂവെള്ള മഞ്ഞ് പെയ്ത്തിന്റെ പൊയ്ജാലകത്തിനപ്പുറം, നരച്ചും കറുത്തും, സൂചിമുഖികളായി മുകളിലേക്ക് ഉയർന്നും, നേർത്ത ശിഖരങ്ങൾ വശങ്ങളിലേക്ക് പടർത്തിയും നിന്ന ഓക്ക് മരങ്ങൾ മറ്റൊരു ലോകത്ത് നിന്ന് ഞങ്ങളെ എത്തിനോക്കുന്നത് പോലെ തോന്നുന്നു
ഞങ്ങൾക്കും ഓക്ക് മരങ്ങൾക്കുമിടയിൽ ദേവലോകത്തെ ചില്ലുജനാല പോലെയാണ് നേർത്ത മഞ്ഞ് പെയ്യുന്നത്
സുഖം പകരുന്ന കുഞ്ഞ് മഞ്ഞുപെയ്ത്തിൽ ഇവിടമാകെ ഇന്ദ്രലോകമായി മാറിയിട്ടുണ്ട്
ഇടയ്ക്ക് മെല്ലെ വീശുന്ന കാറ്റിൽ ഓക്ക് മരങ്ങൾ ഇളകുമ്പോൾ ദേവനർത്തകികൾ നൃത്തമാടുന്ന അത്രയും ലാസ്യഭാവം
സ്വർഗ്ഗസമാനമായ ദൃശ്യം
ഈ ചാരുത പറഞ്ഞറിയിക്കാൻ വാക്കുകൾക്ക് കഴിയുന്നില്ല
മഞ്ഞു പെയ്ത്തിന്റെ കട്ടി കുറഞ്ഞ് വന്നു. ഞങ്ങൾ ഖോപ്ഡാലിയയിൽ എത്തി. ഇവിടെ കുറെ ടെന്റുകൾ ഉണ്ട്. പല നിറങ്ങളിൽ ഉള്ളവ. ഇവിടെയാണ് ഇന്ന് രാത്രി ക്യാമ്പിംഗ്
കുറച്ചകലെ മാറിയാണ് ബികൽതാൽ തടാകം.
നേരത്തേ പുറപ്പെട്ട രഹാനെ ഞങ്ങളെക്കാൾ ഏറെ മുൻപ് ക്യാമ്പിൽ എത്തിയിരുന്നു
രഹാനെ സൂപ്പും ഗോബി ചില്ലിയും ഉള്ളിപ്പക്കോടയും ചൂടോടെ വിളമ്പിത്തന്നു. ഈ തണുപ്പിൽ ഭക്ഷണത്തിന് വല്ലാത്ത സ്വാദ്. ചൂടുള്ള ടൊമാറ്റോ സൂപ്പ് കുരുമുളക് പൊടി വിതറി ഊതിയൂതിക്കുടിച്ചൂ
ബാഗുകൾ ടെന്റുകളിൽ വെച്ച് ഞങ്ങൾ ബികൽതാലിലേക്ക് നടന്നു. നിലത്ത് വീണുകിടക്കുന്ന മഞ്ഞിൽ ചവിട്ടിയാണ് നടത്തം. പത്ത് മിനിറ്റ് കൊണ്ട് ബികൽതാലിൽ എത്തി
ഓക്ക് മരങ്ങൾക്കിടയിൽ ഒരു ചെറിയ തടാകം. അതിന്റെ കരയിലും മഞ്ഞ് വീണിട്ടുണ്ട്. ഒരു ഭാഗം ഉറഞ്ഞ് കട്ടിയായത് പോലെയുണ്ട്. തടാകത്തിൽ ഓക്ക് മരങ്ങളും മഞ്ഞ് മലകളും പ്രതിഫലിച്ചു. അവയുടെ തല തിരിഞ്ഞ രൂപങ്ങൾ നിശ്ചലമായ തെളിഞ്ഞ ജലത്തിൽ തെളിഞ്ഞുകാണാം
നല്ലൊരു ബ്ലാക്ക് ആൻഡ് വൈറ്റ് പെയ്ന്റിംഗ് പോലെയുണ്ട് കാഴ്ച. ചുളുക്കുത്തുന്ന തണുപ്പിൽ ബികൽതാളിന്റെ കരയിൽ ഞങ്ങൾ ഏറെ നേരം നിന്നു
ഇടയ്ക്കിടെ നിലത്ത് നിന്ന് മഞ്ഞ് വാരിയെടുത്ത് കൂട്ടുകാരെ എറിഞ്ഞു. ഏറുകൊള്ളാതെ ഓടിമാറിയും, തരം നോക്കി പങ്കാളിയെ മഞ്ഞ് വാരി ഉരുട്ടിയെറിഞ്ഞും, ബികൽതാൾ കരയിൽ നേരം പോയതറിഞ്ഞില്ല. ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ തിരികെ ക്യാമ്പിലേക്ക് മടങ്ങി
പകൽ വിട പറയുന്ന സന്ധ്യാ നേരത്ത് ഹിമവാന്റെ മുകൾത്തട്ട് സാന്ദ്രമാകും
എങ്ങും നിറഞ്ഞ് നിൽക്കുന്ന സർവ്വവ്യാപിയായ ഒരാത്മീയ ചൈതന്യം നമ്മെ വന്ന് മൂടും
അതിന്റെ മൂടുപടത്തിനടിയിൽ നിന്നാണ് പിന്നെ ഓരോ നിമിഷവും നമ്മളറിയുക
ഓരോ ദൃശ്യവും നമ്മൾ കാണുക
തണുപ്പിനൊപ്പം, വിടപറയാനൊരുങ്ങുന്ന കുഞ്ഞ് വെളിച്ചവും നമ്മെ തഴുകി നിൽക്കും
പകലിന്റെ അവസന കിരണങ്ങൾക്ക്, ഹിമവാനെ ഇരുട്ടിൽ തനിച്ചാക്കി പോകാൻ മടിയുള്ളത് പോലെ തോന്നും
ഖോപ്ഡാലിയയിലെ ക്യാമ്പ് സൈറ്റിന് പിൻഭാഗം പരന്ന് കിടക്കുന്ന ഭാഗമാണ്
അവിടെ അകലെയായി ചക്രവാളം കാണാം
അതിൽ പല നിറങ്ങൾ മിന്നി മായുന്നുണ്ട്
ഒടുവിൽ വെളിച്ചം മാഞ്ഞു
ഖോപ്ഡാലിയയിൽ ഇരുട്ട് പരന്നു
രമേഷും രഹാനെയും കൂടി വലിയ ഓക്ക് മര മുട്ടികൾ കൂട്ടിയിട്ട് ക്യാമ്പ് ഫയർ തെളിയിച്ചു
കോട്ടിനും സ്വെറ്ററിനും അടിയിലേക്ക് തുളഞ്ഞിറങ്ങിയ തണുപ്പിൽ നിന്ന് രക്ഷ കിട്ടാൻ ഞങ്ങൾ തീക്കുണ്ഢത്തിനരികിലേക്ക് നീങ്ങിയിരുന്നു
ഷൂവും ഗ്ലൗസും അഴിച്ച് കൈകാലുകൾ തീനാളങ്ങൾക്ക് നേരെ നീട്ടി ചൂടാക്കി
മഞ്ഞുമലയുടെ മുകളിലെ തണുപ്പിൽ, വിറച്ച് കൂനിക്കൂടി ഇരിക്കുമ്പോൾ, കായാൻ കിട്ടുന്ന തീച്ചൂടിന്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രക്ക് ഉന്മേഷവും സുഖവും പകരുന്നുണ്ട് ഈ തീനാളങ്ങൾ
അതിനൊപ്പം സുഖം പകരുന്നുണ്ട്, രഹാനെയുടെ അടുക്കളയിൽ നിന്ന് ഉയർന്ന് വന്ന, മത്ത് പിടിപ്പിക്കുന്ന മസാല മണങ്ങൾ
രഹാനെ വൈകിട്ട് സൂപ്പും സ്നാക്സും തന്നപ്പോൾ തന്നെ ആളൊരു പാചക മാത്രികനാണെന്ന് തെളിഞ്ഞതാണ്
രഹാനെയും രമേഷും ചേർന്ന് പാത്രങ്ങൾ ക്യാമ്പ് ഫയറിനരികിലേക്ക് കൊണ്ടുവന്നു.
നല്ല മയമുള്ള ചപ്പാത്തി. കുറുകിയ ദാലിൽ ജീരകവും മുളക് പൊടിയും ചേർത്ത് കടുകെണ്ണയിൽ വറവിട്ടത്. വെണ്ടക്കയിൽ നാവിനെ ഇക്കിളിയാക്കുന്ന മസാലകൾ ചേർത്ത് വറുത്തെടുത്ത ഭിണ്ഡി മസാല. ചെറിയൊരു സാലഡും ചെറുമധുരമുള്ള അച്ചാറും. നല്ല രുചിയുള്ള ഭക്ഷണം. വയറു നിറയെ കഴിച്ചു. സ്വന്തം വീട്ടിലെത്തിയ അതിഥികൾക്ക് വിളമ്പിത്തരുന്നത് പോലെയാണ് രഹാനെ വിളമ്പിത്തരുന്നത്. വയറിനൊപ്പം മനസ്സും നിറഞ്ഞു
പാട്ടും നൃത്തവും കൊണ്ട് ക്യാമ്പിനെ ഹരം കയറ്റി അമർജ്ജിത്തും നന്ദിതയും. ദലേർ മെഹന്ദിയുടെ ഭാംഗ്ഡയും ജഗ്ജിറ്റ് സിംഗിന്റെ ഗസലുകളും ഒരേ പോലെ അനായാസമായി പാടിയ അമർജ്ജിത് അനുഗൃഹീത ഗായകനാണ്. അവന് ചേർന്ന പങ്കാളിതന്നെ, സുന്ദരമായി നൃത്തം ചെയ്യുന്ന, ഒരു പവർ ഹൗസ് പോലെ ഞങ്ങളെയാകെ നൃത്തച്ചുവടുകളിലേക്ക് കോരിയെടുത്തിട്ട, നന്ദിത
ഇത്തരം രാവുകളാണ് യാത്രകളെ ധന്യമാക്കുന്നത്
ഇന്ന് രാവിലെ വരെ തമ്മിൽ കണ്ടിട്ട് പോലുമില്ലാത്ത, പലനാട്ടിൽ നിന്നുള്ള സഞ്ചാരികൾ, ചിരകാല സൗഹൃദങ്ങളെപ്പോലെ ഈ രാവിൽ ഒത്ത് ചേരുന്നു
ഒരേ പാത്രത്തിൽ നിന്ന് കൈകളിട്ടെടുത്ത് ഭക്ഷണം കഴിക്കുന്നു. ഒന്നുചേർന്ന് നൃത്തച്ചുവടുകൾ വെക്കുന്നു. ഭാങ്ങ്ഡയുടെ താളത്തിൽ മുഴുകി എല്ലാം മറക്കുന്നു. നൃത്തം ചെയ്ത് തളർന്നിരിക്കുമ്പോൾ പരസ്പരം തോളിൽ ചായുന്നു. പിന്നെയും ഒഴുകിവരുന്ന അമർജ്ജിത്തിന്റെ സുന്ദരമായ ഗസൽ കേട്ട്, അതിലലിഞ്ഞ്, നക്ഷത്രങ്ങൾ നിറഞ്ഞ ഇരുണ്ട വാനത്തെ നോക്കിയിരിക്കുന്നു.
നക്ഷത്രങ്ങൾ അസൂയകൊള്ളുന്നുണ്ടാവും ഈ കാഴ്ച കണ്ടിട്ട്. അത്രയധികം മനസ് സൗഹൃദത്തിൽ നിറഞ്ഞ് അലിഞ്ഞ് ചേരുന്നുണ്ട്
ഇത് തന്നെ സഞ്ചാരിയുടെ ഭാഗ്യം
ഒരുപക്ഷേ സഞ്ചാരികൾ മാത്രമാവാം, ഈ സൗഹൃദപ്പെരുക്കം ഇത്ര തീവ്രമായ അളവിൽ അനുഭവിക്കുന്നത്
രാവേറെ വൈകി ടെന്റുകളിൽ കിടന്നുറങ്ങി. ഉറക്കത്തിൽ നിറയെ സുഖമുള്ള സുന്ദരമായ സ്വപ്നങ്ങളായിരുന്നു. സൗഹൃദത്തിന്റെ പൂരം കഴിഞ്ഞുള്ള രാവിൽ സുഖദമായ സ്വപ്നങ്ങളല്ലാതെ വേറെന്താണ് സഞ്ചാരിയെ തേടിയെത്തുക
രാവിലെ വിസിൽ വിളി കേട്ടാണ് ഉണർന്നത്
പെട്ടെന്ന് റെഡിയായി പ്രാതൽ കഴിച്ച് യാത്ര തുടങ്ങി
ഇന്ന് ബ്രഹ്മതാലിലേക്കാണ് യാത്ര
മനം മയക്കുന്ന ദൃശ്യങ്ങളുമായി കാത്തിരിക്കുന്ന ബ്രഹ്മതാലിലേക്ക് എത്താൻ കൊതിയേറി
10440 അടി ഉയരെയാണ് ബ്രഹ്മതാൽ തടാകം
മഞ്ഞ് വീണു കിടക്കുന്ന വഴികളിലൂടെ നടപ്പ് തുടങ്ങി
ഓക്ക് മരങ്ങളും റോഡോഡെൻഡ്രോണും നിറഞ്ഞ കാട്ടിലൂടെ കുത്തനെ കയറ്റമാണ്
വഴിയിൽ മഞ്ഞ് വീണ് കിടപ്പുണ്ട്
മഞ്ഞിൽ ചവിട്ടി മെല്ലെ മെല്ലെ മുന്നോട്ട്
ഓരോ വളവിലും ഈ വഴി കാത്തുവെക്കുന്നത് അപാരമായ ദൃശ്യവൈവിധ്യമാണ്
വലത് ഭാഗത്ത് മഞ്ഞുമലകൾ മാനത്തേക്ക് ഉയർന്ന് നിൽപ്പാണ്
അവയിൽ വെയിൽ തട്ടി വെട്ടിത്തിളങ്ങുന്നുണ്ട്
ഇടയ്ക്ക് ഓക്ക് മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ മഞ്ഞുമലകൾ കാണുമ്പോൾ വല്ലാത്ത ദൃശ്യ ഭംഗി
കറുപ്പും വെളുപ്പും ഒളിച്ച് കളിക്കുന്ന ചലച്ചിത്രം പോലെ ഒരദ്ഭുതലോകം
അതിന്റെ നിസ്തുലമായ ദൃശ്യഭംഗിയിൽ മനം മയങ്ങി, കണ്ണുകൾ അടുത്ത വളവിൽ വെച്ച് വഴിയുടെ ഇടത് ഭാഗത്തേക്ക് നീങ്ങുമ്പോൾ, അവിടെ തീർത്തും കോണ്ട്രാസ്റ്റിംഗ് ആയ ദൃശ്യമാണ് കാത്തിരിക്കുന്നത്
നോക്കെത്തുന്ന അത്രയും ദൂരേക്ക്, അങ്ങ് താഴെ പരന്ന് കിടക്കുന്ന താഴ്‌വരകളാണെങ്ങും
നീലിമ അഗാധമായ നിറച്ചാർത്തുകൾ അണിഞ്ഞ് കാത്തിരിക്കുന്ന താഴ്‌വരകൾ
അവയുടെ വിരിമാറിൽ അണിഞ്ഞ വെള്ളിമാലകൾ പോലെ നദികൾ വെട്ടിത്തിളങ്ങുന്നു
താഴ്‌വരകളിലെ കുന്നുകൾക്കും, അവയെ ആലിംഗനം ചെയ്ത് നിൽക്കുന്ന കാടിനും, വെയിലും നിഴലും ചേർന്ന് നിറഭേദങ്ങൾ തീർക്കുന്നുണ്ട്
കാഴ്ചയുടെ അതി ഗംഭീരമായ ആഘോഷമായി താഴ്‌വരകൾ കണ്മുന്നിൽ നിന്നു
ഇങ്ങനെ മഞ്ഞുമലകളും താഴ്‌വരകളും മാറിമാറി കണ്ടുകൊണ്ട്, കുത്തനെയുള്ള വഴി, മഞ്ഞിൽ ചവിട്ടിക്കയറി
കാട് വിട്ട്, മഞ്ഞ് വീണുറഞ്ഞ് കിടക്കുന്ന അതി വിശാലമായ, ഏറെക്കുറെ സമനിരപ്പായ ഭാഗത്തേക്ക് കയറി. ഇവിടെ മഞ്ഞില്ലാത്തപ്പോൾ പുല്ലു വളർന്ന് നിൽക്കുന്ന ഭാഗമായിരിക്കണം. ഇപ്പോൾ നല്ല കട്ടിയിൽ മഞ്ഞാണ് കാണാനുള്ളത്. ചവിട്ടുമ്പോൾ കാൽ ഒരു രണ്ടിഞ്ചോളം മാത്രമേ താഴുന്നുള്ളൂ. ഉറച്ചിട്ടുണ്ട് മഞ്ഞ്, അതിനടിയിൽ
മുന്നിലായി ത്രിശൂൽ പർവ്വതവും നന്ദഘുണ്ടി പർവ്വതവും കാണാം
അവയുടെ സ്തൂപികാഗ്ര കൊടുമുടികൾ നീലാകാശത്തേക്ക് ഉയർന്ന് നിൽപ്പാണ്
ആ കൊടുമുടികളിലാകെ തൂവെള്ള മഞ്ഞ് വീണ് മൂടിയിട്ടുണ്ട്
നീല കാൻവാസിൽ തൂവെള്ള നിറം വാരിയെറിഞ്ഞത് പോലുണ്ട് കാണാൻ
വല്ലാത്ത ആകർഷണീയതയുണ്ട് ഈ ഗംഭീര ദൃശ്യത്തിന്
ചെറിയ കയറ്റമാണ് വഴി. അത് കയറി നീങ്ങാൻ വലിയ ബുദ്ധിമുട്ടില്ല. ഇടയ്ക്ക് മഞ്ഞ് വീണുറഞ്ഞ് കിടക്കുന്ന ചെറു കുന്നുകളിലേക്ക് വഴി പടർന്ന് കയറും. ആ കുഞ്ഞ് കുന്നിൻ പള്ളകളിലൂടെ കട്ടിമഞ്ഞിൽ ചവിട്ടി നടന്നു. ചുറ്റിലും മഞ്ഞല്ലാതെ മറ്റൊന്നും കാണില്ല കുറേ ദൂരത്തേക്ക്
നടന്ന് നടന്ന് റിഡ്ജിന്റെ ഏറ്റവും മുകളറ്റത്തെത്തി. ഇതാണ് ജൻഡി റ്റോപ്പ്. ഇവിടെ നിന്നിനി ബ്രഹ്മതാലിലേക്ക് നടന്നിറങ്ങണം
ജൻഡി റ്റോപ്പിലെ കാഴ്ച വാക്കുകളിൽ പറഞ്ഞ് തീർക്കാനാവില്ല. അത്രക്ക് സുന്ദരം
മുന്നിൽ കൊടുമുടികളുടെ കൂട്ടമാണ് കാണുന്നത്
മഞ്ഞ് മൂടിയ തൂവെള്ള കൊടുമുടികൾ
ഒന്നിനു പിന്നിൽ ഒന്നായി, അഞ്ചെട്ട് നിര കൊടുമുടികളെ എണ്ണാം. ഓരോ നിരയിലും ഒട്ടനവധി അംബരചുംബികളെ കാണാം
ഇത്രയധികം ഹിമവദ് കൊടുമുടികളെ ഒരുമിച്ച് കാണാൻ കഴിയുന്ന ഇടങ്ങൾ കുറവാണ്
കൊടുമുടികൾ മാത്രമല്ല ഇവിടെ നിന്ന് കാണാൻ കഴിയുന്നത്. വാൻ മുതൽ രൂപ്കുണ്ട് വരെ നീളുന്ന, രൂപ്കുണ്ട് തടാക യാത്രയുടെ ഏതാണ്ട് മുഴുവൻ വഴിയും ഇവിടെ നിന്ന് കാണാനാവും. രഞ്ജൻ ഞങ്ങൾക്ക് ഓരോ പോയിന്റും ചൂണ്ടിക്കാണിച്ചു തന്നു
ജൻഡി ടോപ്പിലെ അവിസ്മരണീയ ദൃശ്യങ്ങൾ മനസ്സിൽ നിറച്ച്, ബ്രഹ്മതാലിലേക്കുള്ള വഴിയിലൂടെ മെല്ലെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. ജൻഡി റ്റോപ്പിൽ നിന്ന് കണ്ണിലേക്ക് ഗാംഭീര്യത്തോടെ നിറഞ്ഞ കൊടുമുടികളുടെ ദൃശ്യങ്ങൾ ഇപ്പോൾ കാണാനില്ല
ഒന്നര മണിക്കൂർ നേരത്തെ നടത്തം കൊണ്ട് ഞങ്ങൾ ക്യാമ്പ് സൈറ്റിൽ എത്തി
ഇവിടെ നിന്ന് വെറും പതിനഞ്ച് മിനിറ്റ് നടന്നാൽ ബ്രഹ്മതാലിൽ എത്താം. വല്ലാത്ത കൊതിയാണ് അവിടെ വരെ എത്താൻ. ക്യാമ്പ് സൈറ്റിൽ സാധനങ്ങളൊക്കെ ഇറക്കി വെച്ച് വേഗം നടന്നു
ഒന്നര മണിക്കൂർ നേരത്തെ മലയിറക്കം കൊണ്ട് കാലുകൾ വേദനിക്കുന്നുണ്ട്
അതൊന്നും ബ്രഹ്മതാലിന്റെ വിളിക്ക് മുന്നിൽ വലുതായി തോന്നിയില്ല
ക്യാമ്പ് സൈറ്റിൽ നിന്ന് ചെറിയ കയറ്റമാണ് വഴി
മഞ്ഞ് മൂടിയ ചെറിയ കുന്നുകൾക്ക് മുകളിലേക്ക് കയറി, അതിന്റെ അറ്റത്ത് എത്തിയപ്പോൾ കണ്ടു, മുന്നിൽ, മഞ്ഞ് മൂടിയ ഒരു ക്രേറ്ററിന്റെ ഒരറ്റത്തായി, വെള്ളിത്തളിക പോലെ ബ്രഹ്മതാൽ
അവിടേക്ക്, ആ ക്രേറ്ററിനടിയിലേക്ക്, അതിവേഗം നടന്ന് നീങ്ങി
ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കാൻ കഴിയുന്ന അത്രയും നിശബ്ദമാണിവിടം
എവിടേക്ക് നോക്കിയാലും മഞ്ഞ് വീണുറഞ്ഞ തൂവെള്ള ഇടങ്ങൾ മാത്രം കാണാം
ക്രേറ്ററിന്റെ ചുറ്റിലും കുഞ്ഞ് മലകൾ പോലെ ഉയർന്ന ഭാഗങ്ങളാണ്
അവയിലെല്ലാം മതിൽ കെട്ടിയത് പോലെ മഞ്ഞ് വീണ് കിടക്കുന്നുണ്ട്
ആ മഞ്ഞുകൊട്ടാരത്തിനു നടുവിൽ മയങ്ങിക്കിടപ്പാണ് ബ്രഹ്മതാൽ
സ്ഫടികം പോലുള്ള വെള്ളം
ഐസ് പോലെ തണുത്ത വെള്ളം കൈക്കുമ്പിളിൽ കോരിയെടുത്തു
ചിലപ്പോൾ ബ്രഹ്മതാൽ പൂർണ്ണമായും ഐസ് ആയി മാറാറുണ്ട്. അപ്പോൾ, ഇവിടെ ഇങ്ങനൊരു തടാകം ഉണ്ടെന്ന് പോലും തിരിച്ചറിയാൻ കഴിയില്ല
ഇന്ന് ഈ നിമിഷം ബ്രഹ്മതാലിൽ നിൽക്കുമ്പോൾ മനസ്സിൽ ഭക്തിയാണ് നിറയുന്നത്
മറ്റൊന്നുമില്ലാത്ത, ഭക്തി മാത്രമുള്ള അവസ്ഥ
അതി ബൃഹത്തായ പ്രപഞ്ചത്തിലെ എത്ര സൂക്ഷ്മമായ ഒരണു മാത്രമാണ് സ്വജീവൻ എന്ന ബോധമുണരുമ്പോൾ മനസ്സിൽ നിറയുന്ന ഭക്തി.
സൃഷ്ടാവിനു മുന്നിൽ നമസ്കരിക്കാതെ സൃഷ്ടി ഈ സുന്ദര ദൃശ്യത്തിനെങ്ങനെ നന്ദി പറയും
അവിടെ മഞ്ഞിൽ നെറ്റിത്തടം മുട്ടിച്ച് നമസ്കരിച്ചു
കൈകൾ ഉയർത്തി നിശബ്ദമായി ഇരുന്നു
ഈ ഇരിപ്പിൽ ഈശ്വര സാന്നിധ്യം അറിയാം
ഇടയിൽ ഒന്നുമില്ലാതെ ഈശ്വര സവിധത്തിലേക്ക് നേരിട്ട് നടന്ന് കയറിയത് പോലൊരു അനുഭൂതി
ഈ സുന്ദരഭൂമിയിലെ, അതിസുന്ദരമായ ഈ കുഞ്ഞ് കഷ്ണം, സ്വർഗ്ഗത്തിൽ നിന്ന് അടർന്ന് വന്നതാണെന്നേ തോന്നൂ
അത്രക്ക് ശാന്തം, സുന്ദരം
ഹൃദയത്തിലേക്ക് നേരിട്ടിറങ്ങി സംവദിക്കുന്ന ദൃശ്യമാണ് ബ്രഹ്മതാൽ
ഇതിന്റെ മാസ്മരികമായ നിർവ്വൃതി പറഞ്ഞറിയിക്കാനാവില്ല
ഈ അനുഭൂതിയിൽ ലയിച്ചിരിക്കുമ്പോൾ എല്ലാ അല്ലലും അഴലും അകലുന്നു
സുഖദമായ ഈ തണുപ്പിൽ, മനസ്സിലെ സർവ്വ ഭാരങ്ങളും അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു
ഒരു മേഘത്തുണ്ട് പോലെ, ശരീരം ഭാരം നഷ്ടപ്പെട്ട്, വായുവിൽ പാറി നടക്കുന്നത് പോലെ തോന്നുന്നു
ഭാരത്തിനൊപ്പം അകന്നു പോയത് അഹന്തയും, ഭയവും, വെറുപ്പും അങ്ങനെയുള്ള സർവ്വ പ്രതിലോമ ചിന്തകളുമാണ്
അവയെല്ലാം അകന്ന്, മഞ്ഞു തുള്ളിപോലെ സുന്ദരവും സ്വഛവുമായ മനസ്സിൽ ഇപ്പോൾ ഏകാഗ്രമായ സദ്ച്ചിന്തകൾ മാത്രം
ഇത് തന്നെയാവാം താപസികൾ തേടുന്ന ഭാവം
അതുകൊണ്ട് തന്നെയാവാം ബ്രഹ്മതപസ്സിന് ഇവിടം വേദിയായതും
സത്യമായും, ഇവിടെ സൃഷ്ടാവിനെ ആരാധിച്ച്, നിർമ്മലമായ മനസ്സോടെ ഇരുന്ന്, അതേ ഇരിപ്പിൽ ജീവിതം മുഴുവൻ തീർക്കാൻ കൊതി തോന്നിപ്പോകുന്നു
അത്രക്ക് മനോമോഹനമാണ് ബ്രഹ്മതാൽ
അത്രക്ക് ആകർഷകമാണ് ഇവിടം പകരുന്ന അനുഭൂതി
അത്രക്ക് ആശ്വാസമാണ് ഇവിടെ നിറഞ്ഞ് തുളുമ്പുന്ന, അകൃത്രിമമായ ഭക്തി
അതിന്റെ നിറവിൽ മുഴുകി ഇരിക്കവെ, ജീവിതം തീർന്നു പോകില്ല; പകരം ജീവിതം പൂർണ്ണമാകും
മനസ്സില്ലാ മനസ്സോടെ ഈ ദേവഭൂവിൽ നിന്ന് ക്യാമ്പിലേക്ക് മടങ്ങി
എല്ലാവരും നിശബ്ദരായിരുന്നു
ഉള്ളിൽ നിറഞ്ഞ അഭൗമമായ ചൈതന്യത്തെ ഒരു വാക്ക് കൊണ്ട് പോലും കളങ്കപ്പെടുത്താൻ എല്ലാവരും മടിക്കുന്നത് പോലെ തോന്നി
ക്യാമ്പിൽ തിരികെയെത്തി ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചു
ഈ രാത്രി അമർജ്ജിത് പാടിയത് ഗസലുകൾ മാത്രം. ആരും നൃത്തമാടിയില്ല. മനസ്സ് നിത്യമായ ഒരു നൃത്താവസ്ഥയിൽ ആയിരിക്കെ, ശരീരത്തിന് ഇളക്കമില്ലാതെ തന്നെ, നൃത്തത്തിന്റെ സർവ്വ കാലങ്ങളിലൂടെയും ജീവിതം കടന്ന് പോകും
അവാച്യമായ ആ അനുഭൂതിയിൽ മുഴുകി ഉറങ്ങിയ രാവ്. ജീവിതത്തിലെ ഏറ്റവും ശാന്തമായ നിദ്രകൊണ്ട് അനുഗ്രഹീതമായ രാവ്. ഇത്ര സുഖമായി ഇന്നോളം ഉറങ്ങിയിട്ടില്ല
രാവിലെ ഞങ്ങൾ ഖോരുറായിലേക്ക് ഇറങ്ങി. ക്യാമ്പിൽ നിന്ന് മുകളിലേക്ക് നടന്ന് കയറിയ ശേഷം പിന്നീട് കുത്തനെ മല ഇറങ്ങുകയാണ് ഖോരുറായിലേക്ക്. വഴി നീളെ മനം മയക്കുന്ന കാഴ്ചകളുണ്ട്. പക്ഷേ ബ്രഹ്മതാലിന്റെ മാസ്മരികമായ, വശ്യമായ ഭംഗിയിൽ മനം മയങ്ങിയ സഞ്ചാരിക്ക് ബാക്കിയെല്ലാം മങ്ങിയ ദൃശ്യങ്ങളായേ തോന്നിയുള്ളൂ
രാത്രി ഖോരുറായിയിൽ ടെന്റടിച്ച് കൂടി. പിറ്റേന്ന് രാവിലെ ലോഹാജംഗിലേക്ക് നടപ്പ് തുടർന്നു. രണ്ട് ദിവസം ലോഹാജംഗിൽ വിശ്രമിച്ച് രൂപ്കുണ്ടിലും കൂടെ പോയിട്ട് വേണം തിരികെ കാത്ഗോഡം വഴി ഡെൽഹിയിലേക്ക് മടങ്ങാൻ
=====
വലിയ പ്രയാസമില്ലാതെ പോകാവുന്ന ഒരു ട്രെക്ക് ആണ് ബ്രഹ്മതാൽ
മഞ്ഞു കാലമാണ് ഏറ്റവും ദൃശ്യഭംഗി നുകരാനാവുക
വർഷം മുഴുവനും തന്നെ ഈ ട്രെക്കിംഗ് റൂട്ട് പ്രാപ്യമാണെന്ന് പറയാം. അതിശക്തമായ മഞ്ഞ് വീഴ്ചയോ മലയിടിച്ചിലോ ഉണ്ടായാൽ മാത്രമേ ഈ റൂട്ട് അടക്കാറുള്ളൂ
Route: Delhi- Kathgodam- Lohajung- Brahmatal
Distance:
Delhi to Kathgodam - 280 km
Kathgodam to Lohajung - 280 km
Lohajung to Brahmatal and back- 4 days trekking
My trip was in December. I enjoyed every bit of it.
പോയി നോക്കുക. നഷ്ടമാവില്ല ഒരിക്കലും. അനുഭവത്തിലും ആനന്ദത്തിലും ധനികനായേ ബ്രഹ്മതാലിൽ നിന്ന് മടങ്ങൂ. ഉറപ്പ്. അത്രക്ക് പവിത്രമാണവിടം. സുന്ദരവും