1730 ൽ ജോധ്‌പൂരിലെ മഹാരാജാവായ അഭയ്‌സിങിൻറെ പടയാളികൾ ബിഷ്‌ണോയ് വിശ്വാസികളുടെ ഗ്രാമമായ ഖെജാരിയിലേക്കു വന്നു. കൊട്ടാരം പണിക്കും, വിറകിനുമായുള്ള മരങ്ങൾ മുറിക്കുവാൻവേണ്ടിയായിരുന്നു ആ സൈനികാഗമനം. പ്രകൃതി സംരക്ഷണത്തിലും സസ്യ-ജന്തുജാലങ്ങളോടുള്ള അതിരുകളില്ലാത്ത സ്നേഹത്തിലും പ്രസിദ്ധരാണ് ബിഷ്‌ണോയികൾ. അവരുടെ വിശ്വാസത്തിൻറെ ഭാഗമാണ് പ്രകൃതിസ്നേഹം. ജീവനെക്കാളേറെ തങ്ങൾ സ്നേഹിക്കുന്ന മരങ്ങൾ മുറിക്കുവാൻ അവർ അനുവദിച്ചില്ല. എതിർപ്പ് വകവയ്ക്കാതെ പട്ടാളക്കാൾ മരം മുറിക്കാൻ ആരംഭിച്ചു. ഗ്രാമവാസികൾ മരങ്ങൾക്കുചുറ്റും കൈകോർത്തുപിടിച്ച് പ്രതിരോധം തീർത്തു. ഭടന്മാർ ആ മനുഷ്യരെ മരങ്ങളോടൊപ്പം വെട്ടിവീഴ്ത്തി. 363 ജീവനുകളാണ് മരങ്ങൾക്കായി അന്ന് മരണത്തെ വരിച്ചത്! ചരിത്രത്തിലെ സവിശേഷമായ ഈ സംഭവം വായിച്ചതുമുതൽ ബിഷ്‌ണോയികളുടെ ഗ്രാമം ഹൃദയത്തിൽ ചേക്കേറിക്കഴിഞ്ഞിരുന്നു. ഒരിക്കലെങ്കിലും ആ ഗ്രാമവഴിയിലൂടെ നടക്കാൻ കഴിയുമെന്ന് ഉറപ്പിച്ചിരുന്നു.
ഥാർ മരുഭൂമിയുടെ കവാടമായ ജോധ്‌പൂരിലെ ബിഷ്ണോയികളുടെ ഗ്രാമത്തിലെത്തിയത് തണുപ്പുനിറഞ്ഞൊരു പൂർവാഹ്നനേരത്തായിരുന്നു. ബൈക്കിൽ, പൊടിപുതച്ചുനില്ക്കുന്ന മൺപാതയിലൂടെ ചെന്നെത്തിയത് ഒരു ബിഷ്‌ണോയി വീടിനുമുന്നിൽ. വീടിൻറെ വിശാലമായ മുറ്റത്തെ ഒരു കട്ടിലിൽ ഒരപ്പൂപ്പൻ ചിന്താനിമഗ്നനായിരിക്കുന്നു. 'നമസ്കാർ' ചൊല്ലി അദ്ദേഹത്തെ സമീപിച്ചെങ്കിലും ഒരിളം പുഞ്ചിരിപോലും വിരിയാത്ത മുഖവുമായി അപ്പൂപ്പൻ ചിന്താലോകത്തുതന്നെ തുടർന്നു. ആലോചാനാലോകത്തെ ആ അശ്രദ്ധനിമിഷത്തിൽ അങ്ങോരോടൊപ്പം ഫോട്ടോയെടുത്തു. നിസംഗഭാവത്തോടെ അദ്ദേഹം 'സഹകരിച്ചു'. ഒരുപക്ഷെ, ഈ നിശബ്ദമനുഷ്യൻ കേൾവിശക്തിയോ സംസാരശേഷിയോ ഇല്ലാത്തയാളായിരിക്കാം! ബഹളമയമായ ലോകത്തിൽനിന്നും വിട്ടുനിന്ന് മൗനലോകത്തെ പ്രാപിക്കാൻ ഭാഗ്യം ലഭിച്ചയാളാകാം!
മറുഭാഗത്തെ വീടകത്തുനിന്നും ഒരാൾ പുഞ്ചിരിയെറിഞ്ഞു പുറത്തേക്കുവന്നു. പരസ്പരമുള്ള ഉപചാരവാക്കുകൾക്കുശേഷം ഛോട്ടു 'കേരള'യിൽനിന്നും വന്ന അതിഥിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. ഓലമേഞ്ഞ വീടുകൂട്ടങ്ങൾക്കിടയിലുള്ള സ്വീകരണമുറിയിലേക്ക് അതിഥി ആനയിക്കപ്പെട്ടു. ആജാനുബാഹുവായ ആതിഥേയൻ ഒരു ബഹുവർണ്ണത്തുണിയെടുത്ത് എൻറെ തലയിൽ കെട്ടിത്തന്നു. തറയിൽ വിരിച്ച വിരിപ്പിൽ അദ്ദേഹത്തിനു സമീപത്തിരുത്തി. അജ്ഞാതമായ ഏതോ സ്തുതികീർത്തനങ്ങളോടെ തൊട്ടുമുന്നിലുള്ള, പ്രത്യേക രൂപത്തിലുള്ള പാത്രങ്ങളിലൂടെ വെള്ളമൊഴിച്ചു. എൻറെ കണ്ണുകളിൽ ആകാംക്ഷ, അദ്ദേഹത്തിൻറെ ചുണ്ടുകളിൽ മന്ത്രധ്വനികൾ.
കറുപ്പു ചേർത്ത വെള്ളം ദൈവകീർത്തനങ്ങളോടെ തയാറാക്കുന്ന ഈ ചടങ്ങ് ബിഷ്‌ണോയികളുടെ ഏറ്റവും ഹൃദ്യമായ ആതിഥ്യമര്യാദകളിൽ ഒന്നാണ്. അതിഥിയെ ദൈവത്തോടു തുല്യമായി കാണുന്ന ബിഷ്‌ണോയി സംസ്കാരത്തിനു സാക്ഷിയാവാനും പാത്രമാവാനും സാധിച്ചതിൻറെ അതിശയാനന്ദത്തിലാണ് ഞാൻ.
ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ ഇരുപത്തി ഒൻപത് തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ബിഷ്ണോയികൾ ജീവിച്ചുവരുന്നത്. ബീസ് = ഇരുപത്, നൗ = ഒൻപത് ഈ രണ്ടു വാക്കുകൾ ചേർന്നാണ് ബിഷ്ണോയ് എന്ന വാക്കുണ്ടായത്!
ഒരു സ്ത്രീ ഉണങ്ങിയ വിറകുകൊള്ളികളെടുത്ത് രണ്ടു മൂന്നുതവണ നിലത്തെറിയുന്നതു കണ്ടു. പിന്നെ അവ പെറുക്കിയെടുത്ത് അടുപ്പിലിട്ടു തീയൂതുന്നു. ഛോട്ടു പറഞ്ഞു: വിറകു കത്തിക്കുന്നതിനുമുൻപ് ബിഷ്‌ണോയികൾ ഇങ്ങനെ നിലത്തേക്കെറിയുന്നത്, അതിനകത്ത് ചെറിയ ജീവികളുണ്ടെങ്കിൽ രക്ഷപ്പെടുവാൻ വേണ്ടിയാണ്. അറിയാതെപോലും മിണ്ടാപ്രാണികളുടെ ജീവനെടുത്തുകൂടാ. ഉണങ്ങിയ മരക്കൊമ്പുകളേ അവർ വിറകായി ഉപയോഗിക്കൂ. വിറകിനായി ഒരിക്കലും മരം മുറിക്കില്ല. തൊട്ടപ്പുറത്ത് വൈക്കോൽ കൂനപോലെ ഒരു കാഴ്ചകണ്ടു. പശുക്കളുടെ ചാണകം ഉണക്കിയെടുത്ത് ഒരു പ്രത്യേകരൂപത്തിൽ അട്ടിയായി സൂക്ഷിച്ചുവച്ചതാണ്. ഉണങ്ങിയ മരക്കൊമ്പുകളില്ലാതെ വരുമ്പോൾ ഇത് വിറകായി ഉപയോഗിക്കും. ചാണകവിറകു കത്തിച്ചാൽ ഈച്ചകൾ വരില്ലത്രേ!
അതിരുകെട്ടാത്ത അതിരുകൾക്കപ്പുറത്തുകൂടെ മാനുകൾ ഓടുന്നതുകണ്ടു. കിളച്ചിട്ട തൊടിയിൽ മയിലുകൾ നടക്കുന്നതുകണ്ടു. അമർചിത്രകഥയിലെ ഒരു പുരാണ കഥാസന്ദർഭത്തിലെ കണ്ടുമറന്നൊരു സുന്ദരദൃശ്യം പുനരാവിഷ്കരിക്കപ്പെട്ടുനിൽക്കുന്നതുപോലെ, ദൃശ്യങ്ങളുടെ ഒരു കലൈഡോസ്‌കോപ് അവിടെ രൂപപ്പെട്ടു. ഒരു കാഴ്ചവട്ടത്തിൽ, കുറച്ചപ്പുറത്തായി, ഒരു തടാകം കാണായി. ആ തടാകത്തിൽ നീലക്കാളകൾ വെള്ളം കുടിക്കാൻ വന്നതും കണ്ടു. പ്രകൃതിയുടെ ഒരു വലിയ കാൻവാസിൽ മനോഹരമായൊരു പെയിന്റിങ് രൂപപ്പെട്ടതുപോലെ! മുൻപെന്നോ മനസ്സിലുടക്കിയ ഒരു ചിത്രം ഓർമവന്നു. കുഞ്ഞിനോടൊപ്പം ഒരു മാൻ പേടക്ക് മുലകൊടുക്കുന്ന ഒരു ബിഷ്‌ണോയി സ്ത്രീ. അതിശയോക്തിയല്ല ഇവരുടെ ജന്തുസ്നേഹമെന്നതിനു സാക്ഷ്യപത്രം!
ഇവിടെയെവിടെയോ വച്ചാണ് സൽമാൻഖാനും സംഘവും കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ആ മൃഗത്തിൻറെ ദീനരോദനം ബിഷ്‌ണോയികൾക്കു കേൾക്കാൻ കഴിയുമായിരുന്നു. ആ പ്രാണനൊമ്പരം കേൾക്കാതിരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അവരുടെ ഇടപെടലിലൂടെയാണ് ആ സംഭവം കോടതിയിലെത്തുന്നതും സൽമാൻ 'സെൽ' മാൻ ആയി മാറുന്നതും!
ആത്മനിർവൃതിയുടെ അവാച്യമായൊരു അവസ്ഥയിലാണു ഞാൻ. ബിഷ്‌ണോയികളുടെ അതിഥിസ്നേഹം. ആവോളം നുകർന്ന്, അവരുടെ സംസ്കാരത്തെ അദ്‌ഭുതാദരവോടെ അനുഭവിച്ച്, പ്രാശാന്തസുന്ദരമായ ആ നാട്ടുവഴിയിലൂടെ വണ്ടിയോടിച്ച് പോകവേ, ഒരു കുസൃതിച്ചാട്ടത്തോടെ ഓടിപ്പോകുന്നു, മാനുകൾ! ഇടംകണ്ണിട്ടു നോക്കുന്നു മയിലുകൾ... കാഴ്ചകളുടെ ആവർത്തനങ്ങൾ വിരസതയിലേക്ക് വീണുപോവാത്ത അനുഭൂതിയുടെ വർണ്ണചിറകുകൾ..