ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം കൊളമായി.
അങ്ങനെ ഏറണാകുളം വന്നു. ഒരു കോപ്പും കിട്ടാനില്ല. ഉച്ചയ്ക്ക് കൊല്ലതുന്നുള്ളവനും വന്നു. ഒരുത്തന്‍ കിംസ് ഇല്‍ നിന്നും വരാനും ഉണ്ട്. നശിച്ചു പോട്ടെ കേരളം എന്ന് കരുതി. വണ്ടിക്കാരന്‍ ഉച്ചയ്ക്ക് വിളിച്ചു. ‘ഞാന്‍ വണ്ടി എടുക്കാന്‍ റെഡി ആണ്. അടിമാലി വഴി ചിന്നാര്‍ പോകാം.‘ നല്ല ചേട്ടന്‍. തല്ലു വന്നാല്‍ നിങ്ങള്‍ തടഞ്ഞാല്‍ മതി. അങ്ങനെ തുടങ്ങി.
അടിമാലി ചെന്നപ്പോള്‍ വണ്ടി നിര്‍ത്തി. അടിമാലിയില്‍ രണ്ടു റൂം ഒക്കെ എടുത്തു യാത്രയ്ക്കുള്ള ആലോചന തുടങ്ങി. കാലത്ത് 6 മണിക്ക് തന്നെ നേരെ ടോപ് സ്റ്റേഷന്‍
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന സഹ്യന്‍. കമ്പം തേനി തുടങിയ സ്ഥലങ്ങളില്‍ ഇളവെയില്‍ വീഴുമ്പോള്‍. മലയാള നാടിന്റെ ഭംഗി. മൂന്നാറില്‍ പോകുമ്പോള്‍ മിക്കപ്പോഴും ആളുകള്‍ വിട്ടുകളയുന്ന ഇടമാണ്. കാലത്ത് പോകണം. പരപര വെളുക്കണ സമയത്ത്. ഉച്ച കഴിഞ്ഞാല്‍ കോട വീഴും, ഒന്നും കാണാന്‍ ആവില്ല.
വരുന്ന വഴി, നല്ല ചൂട് ചായയും പഴം പൊരിയും കഴിക്കാന്‍ തേയില തോട്ടങ്ങള്‍ക്ക് അരികിലുള്ള ഒരു കടയില്‍ വണ്ടി നിര്‍ത്തി. തേയില നാമ്പുകളുടെ പച്ചപ്പും, മുന്നാറിലെ കാറ്റും, പിന്നെ ഈ ചായയും, ചുമ്മാതല്ല കണ്ട സായിപ്പന്മാര്‍ ഇവിടെ വരുന്നത്.
പിന്നെ നേരെ മറയൂര്‍ രൂട്ടിലേക്ക് വെച്ച് പിടിച്ചു. തേയില തോട്ടങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവും ഭംഗിയുള്ളത് ഇവിടെ ആകും. മുന്നാര്‍ മറയൂര്‍ റോഡില്‍ മഞ്ഞ്, മഴ, ഇളംവെയില്‍, പച്ചപ്പ്, പൂക്കള്‍, മേഘങ്ങള്‍. അവിടെ കാണാന്‍ പറ്റാത്ത വേറെ ഒന്നും കാണില്ല. ബാച്ചിലേർസ് ആയതിനാല്‍ ഞങ്ങള്‍ക്ക് തണ്ണി മാത്രമേ ഉള്ളു നെഞ്ചോടു ചേര്‍ക്കാന്‍. എവിടെ തിരിഞ്ഞാലും സീനറികള്‍. പ്രകൃതിയിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന കാഴ്ചകള്‍.
കുറെ ചെന്നപ്പോള്‍ മഴ തുടങ്ങി. മഴ വക വെയ്ക്കാതെ പുറത്തിറങ്ങി. രാത്രി മഴ പോലെ തന്നെ. കാടിന്റെ നടുവില്‍ പെയ്യുമ്പോള്‍, മഴ നനഞ്ഞു. അവിടുന്ന് പാസ് എടുത്തു നേരെ വെള്ള ചാട്ടത്തിലേക്ക്. മഴ വെള്ളത്തേക്കാള്‍ തണുപ്പാണ് ഒഴുകുന്ന വെള്ളത്തിന്. പാറയ്ക്ക് നല്ല വഴുവഴുപ്പും. അവിടെ കണ്ട നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിമാരെ പോലെ വശ്യമായ പാറകള്‍. സൂക്ഷിച്ചില്ലേല്‍ പണി പാളും. ആ പെണ്ണുങ്ങളെ പോലെ ഒരു പെന്‍സില്‍ ബ്യൂട്ടി ആണ് വെള്ളച്ചാട്ടം. ശരീരത്തില്‍ വീഴുമ്പോള്‍ നല്ല കുളിരുണ്ട്. മഴ നന്നായി പെയ്യുന്നു. വെള്ളച്ചാട്ടം സൌത്ത് ഇന്ത്യന്‍ പെണ്‍കൊടികളെ പോലെ ശക്തി പ്രാപിച്ചു. വേദനിക്കുന്ന അത്ര പവര്‍. അകലെ നിന്ന് കാണാന്‍ നല്ല ഭംഗിയുണ്ട്. അടുത്ത് വന്നപ്പോളല്ലേ മനസിലായെ.
മെല്ലെ മുകളിക്ക് നോക്കി. ഒരു കാട്ടു വഴി പോലെ തോന്നി. ട്രെക്കിങ്ങ് പാത്ത് ആണ്. മഴ പെയ്തു കിടക്കുന്നതിനാല്‍ ട്രെക്കിംഗ് ഇല്ല. ഞാനും അനുവും കൂടി മുകളിക്ക് പോയി. വാച്ച് മാന്‍ ഒരു കൂട്ടം കോളേജ് പെൺപിള്ളേര്‍ വന്നപ്പോള്‍ ബിസി ആയി. ഞങ്ങള്‍ നടന്നു. വഴുക്കലുണ്ട്. വള്ളികളും ഇടയ്ക്കിടെ തടി പാലങ്ങളും കയറ്റവും ഇറക്കവും ഒക്കെയായി, കുറെ നടന്നു. മുകളില്‍ ഒരു ചെറിയ വീട് പോലെ ഒന്നുണ്ട്. അവിടെ വഴി തീര്‍ന്നു. ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. വെള്ള ചാട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം. നടന്നു നടന്നു മടുത്തു. ഈ വഴികള്‍ പിന്നെയും താണ്ടണം എന്ന് ഓര്‍ത്തു. മനസ്സ് പിടച്ചു.
വന്നത് വെറുതെ ആയില്ല. വെള്ളച്ചാട്ടത്തിന്റെ തുടക്കം അകലെ കാണാം. കുറെ പാറകള്‍ കേറി ഇറങ്ങി. സൂക്ഷിക്കണം, ഒരു വശം നല്ല ഒഴുക്കുള്ള കയമാണ്. എന്നാലും വെള്ളച്ചാട്ടത്തിന്റെ തുടക്കം കാണുമ്പോള്‍ ഉള്ള സന്തോഷം. അതും ആ മഴയില്‍. പ്രേമഭാജനം ഇല്ലാണ്ട് പോയി എന്നോര്‍ത്ത് നെടു വീര്‍പ്പിടാന്‍ പറ്റിയ അനേകം ലോക്കഷനുകളില്‍ ഒന്ന് മാത്രം. ലക്കം ഫാള്‍സ്. മനസ്സില്‍ മഴയെക്കാള്‍ കുളിര്‍ കോരിയിട്ടു ആ കാനന പാത. ഇരുട്ടി വീഴും മുന്നേ, പുതിയ ഹര്‍ത്താല്‍ പ്രഖ്യാപിക്കും മുന്നേ ആഞ്ഞു നടന്നു, വണ്ടി തേടി. അവിടെ നല്ല കാട മുട്ട വറുത്തതും കട ഫ്രൈ യും കിട്ടും. ഒരു രക്ഷയില്ലാത്ത ടേസ്റ്റ് ആണോ വിശപ്പാണോ എന്ന് അറിയില്ല, കുറെ തിന്നു. മറയൂര്‍ ഇനിയും അകലെയാണ്. രാത്രിയായി, കൂട്ടുകാരന്‍ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരു പാട് ഉള്ളിലാണ്. മഴയുടെ ആലസ്യത്തില്‍ മടങ്ങി നാട്ടിലേക്കു തിരിച്ചു. തിരികെ വരും, എന്നേലും.....