ദക്ഷിണ മലബാറിലെ പ്രസിദ്ദമായൊരു തീർത്ഥാടന കേന്ദ്രമാണ് രായിരനെല്ലൂർ കുന്ന്. പാലക്കാട് ജില്ലയുടെ പശ്ചിമ ഭാഗത്ത് ഭാരതപുഴയുടെ കരയിലെ വിളയൂർ, തിരുവേഗപുറ എന്നീ ഗ്രാമങ്ങൾകിടെയിലാണ് രായിരനെല്ലൂർ കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാറിൽ അങ്ങോളമിങോളം കാണുന്ന ഇടനാടൻ കുന്നുകളുടെ തുടർചയായിതിനെ കാണാം. തനതായ ജന്തു-സസ്യജാലങ്ങളാൽ സമ്പുഷ്ടമായ ഇവിടം നാറണത്തു ഭ്രാന്തൻ എന്ന കഥാപാത്രതിന്റെ പേരിനോടനുബന്ധിച്ചാണ് പ്രസിദ്ധമായത്.
കുന്ന് കേറി ചെന്നാൽ കാണാവുന്ന പ്രധാന കാഴ്ചയാണ് ഇവിടുത്തെ ദുർഗാ ദേവി ക്ഷേത്രം. ക്ഷേത്ര ദർശനത്തിനായി എല്ലാ വർഷവും തുലാം ഒന്നിന് ആയിരകണക്കിനാളുകൾ മല കയറി ഇവിടെയെത്തുന്നു. ഭ്രാന്തന്റെ കല്ലുമായി നിൽകുന്ന ശില്പം വളരെ ദൂരെ നിന്നു തന്നെ കാണാവുന്നതാണ്.കല്ല് കാൽകീഴിൽ വച്ച് കൈകളുയർത്തി അനുഗ്രഹിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ നിർമ്മാണം. ഈ ശില്പം രായിരനെല്ലൂരിനെ മറ്റ് കുന്നുകളിൽ നിന്നും തിരിച്ചരിയാൻ സഹായിക്കുന്നു.പണ്ട് ഭ്രാന്തനെ ചങ്ങലക്കിട്ടുവെന്ന് കരുതപ്പെടുന്ന ആൽ മരവും ഇവിടെ കാണാം. ആൽ മരത്തിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന ഏതാനും ചങ്ങലകണ്ണികൾ നാറാണത്ത് ഭ്രാന്തനെന്ന സങ്കല്പത്തിന് മജ്ജയും മാംസവും നൽകുന്നു.