പഞ്ചകേദാര്‍ ക്ഷേത്രങ്ങളിലൊന്നായ മാധ്യമഹേശ്വറിന്റെ ബെയ്സ് ക്യാമ്പാണ് ഉക്കിമഠ്. സമുദ്ര നിരപ്പില്‍നിന്ന് 4400 അടിയോളം ഉയരത്തിലാണ് ഉക്കിമഠ്. പുരാണേതിഹാസങ്ങളില്‍ സവിസ്തരം പ്രതിപാദിയ്ക്കുന്ന ബാണാസുരന്റെ രാജധാനി നിലനിന്നിരുന്ന സ്ഥലം. ബാണപുത്രിയായ ഉഷയുടെ പേരില്‍നിന്നാണ് ഉക്കിമഠ് എന്ന സ്ഥലനാമം ഉണ്ടായത് എന്നാണ് ഐതിഹ്യം.
പഞ്ചകേദാരങ്ങളിലെ പ്രഥമകേദാറായ കേദാര്‍നാഥ് ക്ഷേത്രത്തിലും ദ്വിതീയ കേദാറായ മാധ്യമഹേശ്വറിലും ഹിമം മൂടിക്കിടക്കുമ്പോള്‍, ആ ക്ഷേത്രങ്ങളിലെ പൂജകള്‍ ചെയ്യുന്നത് ഉക്കിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ വെച്ചാണ്. ശിവന്‍ ഓംകാര രൂപത്തില്‍ പ്രത്യക്ഷപ്പെട്ട, ഉത്തരഖണ്ഡിലെ പ്രധാന ആരാധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഓംകാരേശ്വര്‍ ക്ഷേത്രം. ഈ ക്ഷേത്രത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
12 വര്‍ഷങ്ങള്‍ ഒറ്റക്കാലില്‍ നിന്ന് തപസ്സുചെയ്ത മാന്ധാതാവിന്റെ മുന്നില്‍ 'ഓം'കാരധ്വനിയില്‍ ശിവന്‍ പ്രത്യക്ഷമായ സ്ഥലത്താണ് ഒരുഓംകാരേശ്വര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്, ക്ഷേത്രത്തിന്ന് തൊട്ടുതന്നെയാണ് ബാണരാജധാനി. ഉഷാപരിണയം നടന്ന വിവാഹമണ്ഡപവും, മറ്റ് കൊട്ടാരഭാഗങ്ങളുമാണെന്ന് വിശ്വസിയ്ക്കപ്പെടുന്ന സ്ഥലങ്ങളെല്ലാം ഇന്നും സംരക്ഷിച്ചു പോരുന്നു