ചെറിയ ക്ലാസ്സിലായിരുന്നപ്പോൾ പഠിച്ചിട്ടുണ്ട് ലോകത്തിലെ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം. ഈ യാത്ര അവിടേക്കാണ്. മേഘങ്ങളുടെ നാടായ മേഘാലയിലേക്ക്. ഇപ്പോൾ ഏറ്റവും കൂടുതൽ മഴ കിട്ടുന്നത് ചിറാപുഞ്ചിയിലല്ല അതിനടുത്തുള്ള മോസിൻറാമിലാണ്. ആദ്യം എത്തിയത് ഗുവഹാത്തിയിൽ, പിന്നീട് അവിടെ നിന്ന് 100 km യാത്ര ചെയ്താൽ മേഘാലയുടെ തലസ്ഥാനമായ ഷില്ലോംഗിലെത്തും. ഗുവഹാത്തിയിൽ നിന്ന് കാറിലാണ് പോയത്. മലഞ്ചെരുവിലൂടുള്ള യാത്ര. നിറയെ വളവും തിരിവുമുള്ള വഴി. ഇടക്കിടക്ക് പൈനാപ്പിളും മുളയരിയും ബാംബു ഷൂട്ടൊക്കെ വിൽക്കുന്നവരുണ്ട് വഴിയരികിൽ. ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്ത് ഷില്ലോംഗിലെത്തി. മലമുകളിലെ ഒരു സുന്ദരൻ പട്ടണം. അവിടെ നിന്നും വീണ്ടും രണ്ട് മണിക്കൂർ യാത്രയുണ്ട് ചിറാപുഞ്ചിയിലേക്ക്. ഷില്ലോംഗിങ്ങിൽ താമസിച്ച് ക്ഷീണമൊക്കെ അകറ്റി പിറ്റേന്നാണ് ചിറാപുഞ്ചിക്കുള്ള യാത്ര.
പിറ്റേന്ന് കാലത്തെ തന്നെ യാത്ര തുടങ്ങി. മൂടൽമഞ്ഞൊക്കെയുണ്ട് വഴിക്ക്. മൂന്നാറിലെ ഒരു പ്രഭാതം പോലെയുണ്ട്. പ്രധാന ലക്ഷ്യം അവിടെയുള്ള ഡബിൾ ഡക്കർ റൂട്ട് ബ്രിഡ്ജ് ആണ്. വളരെ വർഷങ്ങൾ കൊണ്ട് മരങ്ങളുടെ വേരുകൾ വളർന്ന് ഒരു പാലമായി മാറിയിരിക്കുന്നു. എല്ലാ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന പാലം: രണ്ട് മണിക്കൂറിലതികം കാട്ടിലൂടെ നടന്ന് മാത്രമേ അവിടെ എത്താനാകു. എത്തിക്കഴിഞ്ഞാൽ ഒരു ആത്മ നിർവൃതിയാണ്. മനുഷ്യ ഇടപെടലും കടന്നുകയറ്റവും ഇല്ലാത്ത ' ഒരിടമായിട്ടാണ് എനിക്ക് തോന്നിയത്. നടന്ന് ക്ഷീണിച്ച് അവിടെ എത്തിയപ്പോൾ ഓലമേഞ്ഞ കുടിലുകളിൽ നിന്ന് കിട്ടിയ ഒരു കപ്പ് ചൂടുചായ ഊർജ്ജവും സന്തോഷവും ഇരട്ടിയാക്കി.
ചില്ലുപോലെ തെളിഞ്ഞ വെള്ളമൊഴുകുന്ന അരുവികൾ. ഇതൊക്കെ പറഞ്ഞ് മഴയുടെ കാര്യം മറന്നു; വർഷം മുഴുവൻ മഴയാണെന്നാണ് കേട്ടിട്ടുണ്ടായിരുന്നത്. ഞങ്ങൾ എത്തിയപ്പോഴും മഴയായിരുന്നു. മഴക്കോട്ടും കുടയും മൊക്കെയായിട്ടാണ് യാത്ര. ചിലപ്പേൾ നല്ല മനസ്സു കുളിർപ്പിക്കുന്ന നനുത്ത മഴ: ഇടക്ക് നല്ല കാറ്റൊക്കെയായി ഇടിവെട്ട് മഴ . മഴ പണ്ടേയിഷ്ടമാണ് ,യാത്ര പോലെ തന്നെ. മഴയത്ത് കാണാനായി കുറേ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. ചെറുതും വലുതുമായി പത്തോളം വരും. അവയിൽ പ്രധാനപ്പെട്ടവയാണ് സെവൻ സിസ്റ്റർസ്, കിൻറെം പിന്നെ നോക്കാലിക്കായ്. മൂടൽമഞ്ഞായതിനാൽ നോക്കാലിക്കായ് വ്യക്തമായി കാണാനായില്ല എന്നത് ഇന്നും ഒരു സങ്കടമാണ്.
(കടപ്പാട്: എബിന്‍ ജോഷി)