Latest News

കന്യാകുമാരിയിലെ ഉദയാസ്തമയങ്ങള്‍ 

Malayalilife
കന്യാകുമാരിയിലെ ഉദയാസ്തമയങ്ങള്‍ 

സൂര്യാസ്തമയത്തിനു തൊട്ടു മുന്‍പായിരുന്നു കന്യാകുമാരിയില്‍ വണ്ടി ഇറങ്ങിയത്. ഉദയാസ്തമയങ്ങള്‍ ദര്‍ശനം തരുന്ന ഭാരതത്തിന്റെ ദക്ഷിണമുനമ്പില്‍. ത്രിലോകസാഗരങ്ങളുടെ സംഗമവേദിയില്‍. ചക്രവാള സീമകളില്‍ ആരോ കുങ്കുമം വാരി വിതറിയിരിക്കുന്നു. തണുപ്പ് തലോടുന്ന  തെന്നലലകള്‍ ഒരു സ്വപ്ന സഞ്ചാരിയെപോലെ പാറിനടക്കുന്നു. നാനാദേശക്കാര്‍. പലവിധ ഭാഷകള്‍. കത്തിക്കാളുന്ന സൂര്യന്‍ ചിലര്‍ക്ക് ദൈവം തന്നെയാണ്. തെക്കുഭാഗത്തെ പാറക്കൂട്ടങ്ങളിലേക്കു നീങ്ങുകയാണ് ജനം. അവിടെയാണ് ആ വിടവാങ്ങല്‍ വേദി. വളരെ ശാന്തമാണ് കടല്‍. തീരെ ഒച്ചയടക്കി പാറകളില്‍ ചിന്നി ചിതറുന്ന തിരമാലകള്‍. 

സാക്ഷികളായി ഒന്നുരണ്ടു മേഘകീറുകള്‍. ആകാശം കൂടുതല്‍ ശോണിമയാര്‍ന്നു. സൂര്യന്‍ രക്തവര്‍ണ്ണാങ്കിതനായി. കടലോളങ്ങളില്‍ തുടിക്കുന്ന ചുവപ്പ് ഒഴുകി പരന്നു . ഏറെ  കോമളവും പ്രണയാര്‍ദ്രവുമാണ്  അര്‍ക്കഭാവം. പതുക്കെ അറബിക്കടലിന്റെ ചുണ്ടുകളില്‍ ആ തീക്കനല്‍ ചുംബനമറിയിച്ചു . പിന്നെയതൊരു ഗാഢാലിംഗനമായിമാറി. സൂര്യനെ പ്രണയിക്കുന്ന കടലോ കടലിനെ പ്രണയിക്കുന്ന സൂര്യനോ . ത്രിസന്ധ്യയായി. രക്തം വാര്‍ന്ന മനം കാളിമയാര്‍ന്നു. തീരം തിരശീല വീണ രംഗവേദിയായി. പതുങ്ങിയെത്തുന്ന നിശ .  തണുത്ത കാറ്റടിക്കുന്നു .ഇരുട്ട് വീഴുന്ന നടവഴികള്‍. തിരിച്ചുള്ള നടത്തവും വേറിട്ട അനുഭവമാകുന്നു . നക്ഷത്രങ്ങള്‍ ചിതറിയ ആകാശം . അലയടിക്കുന്ന കടലാരവം . കുളിരേകുന്ന കടല്‍കാറ്റ് .

കവലയില്‍ തിരിച്ചെത്തിയ ശേഷമാണ് മുറിയന്വേഷിച്ചത് . ഇനി പ്രഭാതം വരെ കാത്തിരിക്കണം . ഉദയം ബംഗാള്‍ ഉള്‍ക്കടലിലാണ് . തീരങ്ങളില്‍ രാത്രിദീപങ്ങള്‍ തെളിഞ്ഞു . കുറെ നേരം വെറുതെ ചുറ്റി നടന്നു . ദീപ്തമായ വിവേകാനന്ദപ്പാറയും തിരുവള്ളൂര്‍ ശില്പവും നോക്കി ക്ഷേത്രമതിലില്‍ കയറിയിരുന്നു . ഗാന്ധിമണ്ഡപവും മാതാവിന്റെ പള്ളിയും കണ്ടു . തിരികെയെത്തിയപ്പോഴേക്കും നിദ്ര കണ്ണുകളില്‍ കനം വച്ച് തൂങ്ങി . കിടക്കയിലേക്ക് വീണതെ ഓര്‍മയുണ്ടായുള്ളു. തിരമാലകള്‍ താരാട്ടു പാടി . സുഖസുഷുപ്തിയിലും തെളിമയാര്‍ന്നൊരു സൂര്യോദയമായിരുന്നു മനസ്സില്‍ .


 

Read more topics: # a travelogue to kanyakumari
a travelogue to kanyakumari

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES