Latest News

കുഞ്ഞുങ്ങളുമൊത്ത് ഉല്ലാസ യാത്രക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
കുഞ്ഞുങ്ങളുമൊത്ത് ഉല്ലാസ യാത്രക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ധ്യവേനല്‍ അവധി ഇങ്ങെത്തിക്കഴിഞ്ഞു. കുടുംബമായി ഉല്ലായാത്രക്ക് പോകാന്‍ താത്പര്യമില്ലാത്തവര്‍ ആരാണുള്ളത്. കൃത്യമായി പ്ലാന്‍ ചെയ്താല്‍ കുട്ടികളോടൊത്തുള്ള യാത്ര കൂടുതല്‍ ഉല്ലാസകരമാക്കാം. കുഞ്ഞുങ്ങളോടൊപ്പം ഉല്ലാസയാത്ര ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ഓര്‍ത്തിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്

യാത്ര പുറപ്പെടുമ്പോള്‍ കയ്യിലെന്തൊക്കെ കരുതണം?
ഹ്രസ്വ യാത്രകളാണെങ്കില്‍ വെള്ളം, ഭക്ഷണം, മാറ്റാനുള്ള വസ്ത്രം, ബാന്‍ഡ് എയ്ഡുകള്‍ തുടങ്ങിയവ കയ്യില്‍ കരുതണം. ദീര്‍ഘദൂരയാത്രകള്‍ക്കും അവധിക്കാല ഉല്ലാസയാത്രകള്‍ക്കും തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ നടത്തണം.

എങ്ങനെ യാത്ര ചെയ്യുന്നു?
കാറിലാണോ തീവണ്ടിയിലാണോ ബസ്സിലാണോ വിമാനത്തിലാണോ യാത്ര ചെയ്യുന്നത് എന്നതനുസരിച്ച് തയ്യാറെടുപ്പുകളിലും വ്യത്യാസം വരുത്തേണ്ടതുണ്ട്.

ഏതുതരം യാത്രയായാലും കയ്യില്‍ ഉണ്ടാവേണ്ടവ
ഭക്ഷണവും (പെട്ടെന്ന് ചീത്തയാവാത്ത സ്നാക്സുകള്‍) വെള്ളവും.
ആവശ്യത്തിന് വസ്ത്രങ്ങള്‍ (സോക്സുകള്‍, ചൂടുവസ്ത്രങ്ങള്‍, നീന്തല്‍ വസ്ത്രങ്ങള്‍ എന്നിവയും)
പ്രഥമശുശ്രൂഷാകിറ്റ്
കുട്ടിയുടെ സ്ഥിരം മരുന്നുകള്‍
കൊതുകുനാശിനി
യാത്രകളില്‍ ഉപയോഗിക്കാവുന്ന കളിപ്പാട്ടങ്ങള്‍
കുട
ചെറിയ പുതപ്പുകള്‍
ടിഷ്യൂ പേപ്പറുകള്‍ (പെട്ടെന്ന് വൃത്തിയാക്കാന്‍)
ടോര്‍ച്ച്
പ്ലാസ്റ്റിക് ബാഗുകള്‍
കുട്ടിയുടെ ഫോട്ടോ (അടിയന്തരഘട്ടത്തില്‍ ആവശ്യമായി വന്നാല്‍)
കുട്ടികള്‍ക്കുള്ള പ്രത്യേക സോപ്പും ടൂത്ത്ബ്രഷും മറ്റു ടോയ്ലറ്റ് സാമഗ്രികളും
കുട്ടികളുടെ ഡോക്ടറുടെ ഫോണ്‍നമ്പര്‍.

കാറിലെങ്കില്‍

പന്ത്രണ്ടുയസ്സിനു താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഒറ്റക്കിരിക്കാന്‍ അനുവദിക്കരുത്. കുട്ടികള്‍ക്ക് യാത്ര എളുപ്പം ബോറടിക്കും. അതൊഴിവാക്കാന്‍ കുട്ടിക്ക് കാഴ്ചകള്‍ കാണിച്ച് കൊടുക്കുകയോ കുട്ടിയോടൊപ്പം ഗെയിം കളിക്കുകയോ ആവാം. ട്രാവലിങ് ഗെയിമുകള്‍ കുട്ടികളുടെ വിപണിയില്‍ ലഭ്യമാണ്. മൂന്നു മണിക്കൂര്‍ ഇടവിട്ടെങ്കിലും കുട്ടിക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമൊരുക്കുക. കുട്ടിയെ ഒറ്റക്ക് കാറിലിരുത്തി പുറത്തു പോകാതിരിക്കുക. അടച്ചിട്ട കാറിലെ വായു എളുപ്പം വിഷമയമാകും. കുട്ടിക്കായി കാര്‍ സേഫ്റ്റി സീറ്റ് ഘടിപ്പിക്കുക. ചെറിയ കുഞ്ഞുങ്ങളുണ്ടെങ്കില്‍ പാലു കൊടുക്കാനും കിടത്താനും ചെറിയ തലയിണകള്‍കൂടി കരുതണം. മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സണ്‍ഗ്ലാസ്സുകള്‍ നല്‍കുക.

വിമാനത്തില്‍

കയ്യില്‍ വെക്കാവുന്ന ബാഗില്‍ വേണം കുട്ടിക്കാവശ്യമുള്ള ഭക്ഷണവും വെള്ളവും കരുതേണ്ടത്. കുട്ടിക്ക് കളിക്കാന്‍ ബാറ്ററികളില്ലാത്ത കളിപ്പാട്ടങ്ങളും ഗെയിമുകളും കയ്യില്‍ കരുതുക. അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ കരുതാം. വിമാനത്തില്‍ ഞാന്‍ ബോംബ് വച്ചിട്ടുണ്ട് തുടങ്ങിയ തമാശകള്‍ പറയരുതെന്ന് കുട്ടികളോട് നേരത്തെതന്നെ പറയണം. വിമാനത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പറയാം.

എവിടെ താമസിക്കണം

അവധിക്കാല ഉല്ലാസയാത്രകള്‍ക്ക് പോകുമ്പോള്‍ അല്‍പം സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്; പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കില്‍. മൂന്ന് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുണ്ടെങ്കില്‍ ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ വീട്ടില്‍ താമസിക്കാന്‍ പറ്റുമെങ്കില്‍ അതാവും അഭികാമ്യം. കുട്ടികളുടെ ഫീഡിങ് ബോട്ടില്‍ തിളപ്പിക്കാനും ശുചിത്വമാര്‍ന്ന ഭക്ഷണം ലഭിക്കാനും ഇത് സഹായിക്കും.

ഹോട്ടല്‍ തെരഞ്ഞെടുക്കുമ്പോള്‍ വൃത്തിക്കാണ് പ്രധാനന്യം കൊടുക്കേണ്ടത്. കുട്ടികള്‍ വെറും നിലത്ത് കളിക്കാനനാഗ്രഹിക്കുന്നവരാണ്. പൊടിപടലങ്ങള്‍ ഇല്ലാത്ത ഹോട്ടല്‍മുറികള്‍ തെരഞ്ഞെടുക്കുക. ഹോട്ടലായാലും വീടായാലും കുട്ടികളെ കളിക്കാന്‍ വിടുന്നതിന് മുമ്പ് പരിസരം കൃത്യമായി പരിശോധിച്ച് അപകടകേന്ദ്രങ്ങള്‍ (വെള്ളത്തില്‍ വീഴാനും ഷോക്കേല്‍ക്കാനുമൊക്കെ സാധ്യതയുള്ള) ഇല്ലെന്നുറപ്പുവരുത്തണം.

മുറിയില്‍ പ്രവേശിച്ച ഉടന്‍തന്നെ ഹോട്ടല്‍ മുറിയിലെ ബെഡ്സ്പ്രെഡ് മാറ്റണം. ബാക്ടീരിയ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇടമാണിത്. അതോടൊപ്പം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വൈപ്പിങ് ടവല്‍ കൊണ്ട് തുടക്കണം. ഉദാ: ഫോണ്‍, റിമോട്ട് തുടങ്ങിയവ. കുഞ്ഞുങ്ങളുടെ പാല്‍ക്കുപ്പി ചൂടുവെള്ളത്തില്‍ കഴുകാനുള്ള സൗകര്യമുണ്ടോ, രാത്രി പാലു ലഭിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ തന്നെ അന്വേഷിക്കണം.

റസ്റ്റോറന്റില്‍

യാത്രക്കിടയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണവും പ്രധാനമാണ്. വൃത്തിയില്ലാത്ത ഭക്ഷണം വയറിളക്കം, ചര്‍ദ്ദി, പനി തുടങ്ങിയവയ്ക്ക് ഇടയാക്കുന്നു. ഹോട്ടലിന്റെ അടുക്കളയില്‍ നമുക്ക് പ്രവേശനം ലഭിച്ചെന്ന വരില്ല. എന്നാല്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ റസ്റ്റോറന്റിലെ ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ച് കൃത്യമായ രൂപം ലഭിക്കും. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ബാത്ത്റൂം വൃത്തിയുള്ളതാണോ? - അടുക്കള പോലുള്ള സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നിടത്തേ സാധാരണയായി ബാത്ത്റൂം വൃത്തിയായി കാണപ്പെടാറുള്ളൂ. ബാത്ത്റൂമിന്റെ ഓരോ കോണും വൃത്തിയായി സൂക്ഷിച്ചിട്ടുള്ള ഹോട്ടലുകളില്‍ ധൈര്യമായി ഭക്ഷണം കഴിക്കാന്‍ കയറാം.

വൃത്തിയുള്ള ഭക്ഷണ മേശകള്‍, വെടിപ്പുള്ള വിരികള്‍
നന്നായി കഴുകിത്തുടച്ചു വൃത്തിയാക്കിയ പാത്രങ്ങളും സ്പൂണുകളും.
വൃത്തിയുള്ള വെയിറ്റര്‍മാര്‍ - ശുചിത്വമാര്‍ന്ന കൈകളുള്ള, നന്നായി വസ്ത്രം ധരിച്ച വെയിറ്റര്‍മാര്‍ റസ്റ്റോറന്റിന്റെ വൃത്തിയെ സൂചിപ്പിക്കുന്നു.

ഭക്ഷണത്തിന്റെ ചൂട് - നന്നായി തണുത്തിരിക്കേണ്ടതോ നന്നായി ചൂടു വേണ്ടതോ ആയ ഭക്ഷണത്തിന് അന്തരീക്ഷ താപനനില മാത്രമേ ഉള്ളൂവെങ്കില്‍ അത് കുട്ടികള്‍ക്ക് നല്‍കരുത്.

പൊതുവായി ശ്രദ്ധിക്കേണ്ടത്

യാത്ര തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് കുട്ടിയെ ശിശുരോഗവിദഗ്ധനെ കാണിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്, ചില പ്രത്യേക സ്ഥലങ്ങളിലോ കാലാവസ്ഥയിലോ സഞ്ചരിക്കുമ്പോള്‍ പ്രതിരോധമാര്‍ഗങ്ങള്‍ തേടേണ്ടിവരും. തിരക്കുള്ള സ്ഥലങ്ങളിലെ ഷോപ്പിങ് ഒഴിവാക്കുക. ദീര്‍ഘനേരമുള്ള ഷോപ്പിങ് കുട്ടികളെ ബോറടിപ്പിക്കും. മ്യൂസിയങ്ങള്‍, ചരിത്രസാമരകങ്ങള്‍ എന്നിവടങ്ങളില്‍ കൂടുതല്‍ സമയം ചെലവിടുന്നത് കുട്ടികളെ വേഗം മടുപ്പിക്കും.

അവധിക്കാലയാത്രകള്‍ കുട്ടികളുള്ള മറ്റൊരു കുടുബത്തോടൊപ്പമാക്കുന്നത് ദീര്‍ഘയാത്രകളില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് കളിക്കാന്‍ കൂട്ടാകും. ആള്‍ത്തിരക്കുള്ള സ്ഥലത്ത് കുട്ടികള്‍ കൈവിട്ടുപോകാതെ സൂക്ഷിക്കണം. അഥവാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആ സ്ഥലത്ത് എവിടെ വന്നു നില്‍ക്കണമെന്ന് കുട്ടികള്‍ക്ക് കൃത്യമായ ധാരണ കൊടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാവിന്റെ പേരും ഫോണ്‍ നമ്പരും എഴുതിയ ടാഗ് വസ്ത്രത്തില്‍ കൊളുത്തിയിടുന്നത് നല്ലതാണ്.

Read more topics: # Traveling,# Infant,# trip,# tour
Things to Carry while Traveling with Your Infant

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES