തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ ഇനി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ടിക്കറ്റെടുക്കാനാകും. ദക്ഷിണ റെയില്‍വേയുടെ പുതിയ നടപടിയായ തത്സമയ റിസര്‍വേഷന്‍ (കറന്റ് ബുക്കിംഗ്) സംവിധാനം നിലവില്‍ വന്നു. കേരളത്തിലൂടെ ഓടുന്ന ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് മംഗളൂറുവിലേക്കുള്ള, മംഗളൂറുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനുകളില്‍ ഇതിനോടകം ഈ സൗകര്യം പ്രാബല്യത്തില്‍ ആക്കി.
ഇതുവരെ സീറ്റുകള്‍ ഒഴിവുണ്ടായിരുന്നാലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടാല്‍ ബുക്കിംഗ് സാധ്യമായിരുന്നില്ല. എന്നാല്‍, ഇനി മുതൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിലേക്ക് ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പ് വരെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. കറന്റ് റിസര്‍വേഷന്‍ ലഭ്യമാകുന്നത് സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലൂടെയും IRCTC ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും ആണ്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള മറ്റ് പ്രധാന വന്ദേഭാരത് സര്‍വീസുകളിലും സമാന സംവിധാനം നിലവില്‍ വന്നു. ചെന്നൈ – നാഗര്‍കോവില്‍, നാഗര്‍കോവില് – ചെന്നൈ, കോയമ്പത്തൂര്‍ – ബെംഗളൂരു, മംഗളൂരു – മഡ്ഗാവ്, മധുര – ബെംഗളൂരു, ചെന്നൈ – വിജയവാഡ എന്നീ റൂട്ടുകളിലെ യാത്രക്കാര്‍ക്കും ഇനി യാത്രാ സമയത്തേയും അവസാന നിമിഷങ്ങളിലേയും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും.
യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭ്യമാകുന്ന പുതിയ പദ്ധതി, തത്സമയ യാത്രാസൗകര്യങ്ങള്‍ വിപുലമാക്കാന്‍ റെയില്‍വേയുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.