തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിൽ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് കൊടൈ.എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്.
വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മുതലാണ്. അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്. മഴക്കാലം കേരളത്തിലേതു പോലെയാണ്. മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട്. വാർഷികപാതം 165 സെ.മീ. ആണ്. കടുത്ത മഴ കിട്ടുന്നത് ഒക്ടോബർ ഡിസംബർ മാസങ്ങളിലാണ്.
സമുദ്രനിരപ്പിൽ നിന്നും ശരാശരി 2,133 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. കൊടൈക്ക് 2000 ച.കി.മീ. ചുറ്റളവുണ്ട്. 87 കിലോ മീറ്റർ നീളവും 24 കി.മീ വീതിയും ഉണ്ട്. ഏറ്റവും ഉയരം കൂടിയ ഭാഗം വഡരവും മലയാണ്. ഇതിന് 2533 മീറ്റർ ഉയരമുണ്ട്. പളനി മലകൾക്ക് രണ്ടു പ്രത്യേക ഭൂഭാഗങ്ങൾ കാണാം മേൽ പളനിയും കീഴ് പളനിയും. കീഴ്പ്പളനി 1000-1500 മീറ്റർ വരേ ഉയരമുള്ള ഭാഗങ്ങൾ ആണ്. ഈ ഭാഗങ്ങളിലാണ് കാപ്പി, തേയിൽ, പഴങ്ങൾ എന്നിവ കൂടുതലായി കൃഷി ചെയ്തു വരുന്നത്. മേൽ പളനി കേരളത്തിന്റെ അതിർത്തിയിലായി വരുമിത് 1500 മുതൽ 2500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ ആണ്. പ്രധാന കൃഷി വെളുത്തുള്ളി, പിയേഴ്സ്, പ്ലം, പിച്ച് എന്നിവയാണ്,
കാടുകളിൽ വന്യ മൃഗങ്ങൾ ധാരാളമായി വസിക്കുന്നു. കാട്ടു തീ പടരുമ്പോൾ ഇവ നാട്ടിലേക്ക് ഇറങ്ങാറുണ്ട്. പില്ലർ റോക്ക് എന്നറിയപ്പെടുന്ന സ്തൂപാകൃതിയിലുള്ള പാറക്കെട്ട് കൊടൈക്കനാലിലെ ഒരു വിശേഷ കാഴ്ചയാണ്. മറ്റൊരു പ്രസിദ്ധ സ്ഥലമായ ആഴമേറിയ ഗുണ ഗുഹകൾ ഇതിന് പുറകിലാണ്. ബ്ര്യൻറ് പാർക്ക്, ബോട്ട് ക്ലബ്, ഗുണാ ഗുഹ, ബ്രയന്റ് പാർക്ക് തുടങ്ങിയ സഥലങ്ങളെല്ലാം ഏറെ കൗതുകകരമാണ്.