'പൂമരം' എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നീതപിള്ള. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയാണ് ചെയ്തു താരം. യാത്രകളെ ഏറെ പ്രണയിക്കുന്ന താരം ഷൂട്ടിന്റെ ഭാഗമായും അല്ലാതെയും നിരവധി യാത്രകൾ നടത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മനോരമ ഒാണ്‍ലൈനിലൂടെ മനസ്സ് തുറക്കുകയാണ്.
കുട്ടിക്കാലം മുതൽ ഫാമിലിയുമായി ഒരുമിച്ച് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. പുതിയ സ്ഥലങ്ങൾ പുതിയ കാഴ്ചകൾ പുതിയ ആളുകൾ അങ്ങനെ എല്ലാം അറിഞ്ഞും കേട്ടും കണ്ടും പഠിച്ചുമുള്ള യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഇന്ത്യക്കകത്തും പുറത്തുമായി ഒരുപാട് ഇടങ്ങളിലേക്ക് യാത്ര പോകുവാൻ സാധിച്ചിട്ടുണ്ടെന്നും നീത പറയുന്നു. സത്യത്തിൽ ജീവിതത്തിലെ തിരക്കുകളിൽ നിന്നൊക്കെ മാറി മനസ്സിന് സ്വസ്ഥതയും സമാധാനവുമൊക്കെ ലഭിക്കാൻ ഏറ്റവും നല്ല മരുന്ന് ചെറുയാത്രകളാണ്.
മനസ്സ് ശരിക്കും ഫ്രീയാകും. എല്ലാ വർഷവും ഞാൻ യാത്ര പ്ലാൻ െചയ്യാറുണ്ട്. ഞങ്ങൾ കുറച്ച് അടുത്ത സുഹൃത്തുക്കളുണ്ട്. ചെറിയൊരു ഗ്രൂപ്പ്. അവർ പലരും പലസ്ഥലങ്ങളിലാണ്. വർഷത്തിൽ ഒരു തവണ ഞങ്ങളെല്ലാവരും ഒത്തുച്ചേരും. നീണ്ട യാത്ര പ്ലാൻ ചെയ്യാറില്ല. മറിച്ച് കായൽ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തീരങ്ങളോട് ചേർന്നുള്ള റിസോർട്ടിൽ താമസിക്കും. മനംകുളിർപ്പിക്കുന്ന സുന്ദരകാഴ്ചകൾ ആസ്വദിച്ച് ഞങ്ങളെല്ലാവരും മുന്നാലുദിവസം ഞങ്ങളുടേതായ ലോകത്തിലേക്ക് പറക്കും.
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് തരുന്നത്. ആ യാത്രകളിൽ അൽപ്പം സാഹസികത കൂടി കലർത്തിയാൽ ഇരട്ടിമധുരമാണ് ഉണ്ടാവുക. നോർത്ത് ഇന്ത്യൻ ട്രിപ്പുകള്‍ നടത്തിയിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹിമാചല്‍പ്രദേശ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലേക്കെല്ലാം പോയിട്ടുണ്ട്. ഞാൻ പഠിച്ചത് ബെംഗളൂരുവിലാണ്. ഒഴിവ് കിട്ടുമ്പോൾ ഞാനും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് റൈഡിങ്ങിനും ഹൈക്കിങ്ങിനുമൊക്കെ പോകാറുണ്ട്. അഡ്വഞ്ചർ ട്രിപ്പും ഇഷ്ടമാണ്. ബെംഗളൂരുവിലെ സാവൻ ദുർഗയിലേക്കാണ് ബൈക്ക് റൈഡിങ്ങും ഹൈക്കിങ്ങിനുമായി പോകുന്നത്. സമുദ്രനിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സാവൻ ദുർഗ. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറകളിലൊന്നാണ്.ബെംഗളുരു സിറ്റിയിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് സാവൻദുർഗ്ഗ സ്ഥിതി ചെയ്യുന്നത്. കുന്നുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ മനോഹരമായ ദൃശ്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സുഹൃത്തുക്കളുമായി ചേർന്ന് ഞാൻ കശ്മീർ ട്രിപ് പോയിരുന്നു. ആ യാത്ര മറക്കാനാവില്ല. വലിയ പ്ലാനിങ്ങൊന്നുമില്ലായിരുന്നു. പല ട്രെയിനിൽ കയറിയിറങ്ങിയാണ് കശ്മീരിൽ എത്തിയത്. സത്യം പറഞ്ഞാൽ ബെംഗളൂരുവിൽ നിന്നും ശരിക്കും സാഹസിക നിറഞ്ഞ യാത്രയായിരുന്നു കാശ്മീരിലേക്കുള്ളത്. സ്വന്തം റിസ്കിലുള്ള യാത്രയായതിലാൽ അതിന്റെ ത്രില്ലൊന്നു വേറെയായിരുന്നു.
ആ യാത്രയും അനുഭവങ്ങളുമൊന്നും മറക്കാനാവില്ല. മറ്റൊന്ന് കുങ്ഫു മാസ്റ്റർ സിനിമാ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയായിരുന്നു.‘ബദരീനാഥ്, ചൈനീസ് അതിർത്തി, ഉത്തരാഖണ്ഡ് തുടങ്ങി ഹിമാലയത്തിന്റെ പല താഴ്‍വരകളിലായി 170 ദിവസത്തിലേറെയാണ് ‘കുങ്ഫൂമാസ്റ്റർ’ ചിത്രീകരിച്ചത്. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ മാത്രമേ ചിത്രീകരണം സാധ്യമാകാറുള്ളൂ. പ്രതികൂല കാലാവസ്ഥയും മഞ്ഞുവീഴ്ചയുമായിരുന്നു കാരണം. ഈ മഞ്ഞ് തണുത്ത് ഉറഞ്ഞ് ഐസ് ആകും. അപ്പോള്‍ സ്റ്റേബിള്‍ ആയി നില്‍ക്കാന്‍ സാധിക്കില്ല. കാലുകള്‍ വഴുതി പോകുന്നുണ്ടാകുമായിരുന്നു.
ആക്‌ഷന്റെ പരിക്കും ക്ഷീണവും മറുവശത്ത്. എന്നാൽ ഡബ്ബിങ്ങിനിരുന്നപ്പോൾ അതെല്ലാം മറന്നു. അത്ര സുന്ദരമായ വിഷ്വലുകൾ. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകളായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മാറക്കാത്ത അനുഭവമായിരുന്നു കുങ്ഫൂമാസ്റ്റർ സിനിമയുടെ ക്ലൈമാക്സ് ലൊക്കേഷൻ, കാരണമുണ്ട്. ഞങ്ങൾ എത്തിച്ചേരുന്ന സമയത്ത് ജോഷിമഠിൽ ആറേഴു വർഷങ്ങൾക്കു ശേഷമാണ് ഇത്രയും കാഠിന്യത്തിൽ മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. ഷൂട്ടിങ് പ്ലാൻ ചെയ്ത ലൊക്കേഷനിലേക്ക് വാഹനം പോകില്ലായിരുന്നു.
ആർട്ടിസ്റ്റെന്നോ അല്ലെങ്കിൽ ടീമിലെ മറ്റ് അംഗങ്ങളോ എന്ന വ്യത്യാസം കാണിക്കാതെ ഞങ്ങളൊരുമിച്ച് കാമറായും മറ്റു അവശ്യസാധനങ്ങളും ആഹാരവും ചുമന്നുകൊണ്ട് ലൊക്കേഷനിലേക്ക് നടന്നു. നാലുകിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ലൊക്കേഷനിലേക്ക്. ഫൈറ്റ് സ്വീക്വൻസായിരുന്നു ഷൂട്ട് ചെയ്യേണ്ടിരുന്നത്. തിരിച്ച് അത്രയും ദൂരം തന്നെ താണ്ടിയായിരുന്നു വാഹനം പാർക്ക് ചെയ്ത ഇടത്തേക്ക് എത്തിയത്. ആ യാത്രയും അനുഭവവും ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവില്ല.
ചില കാഴ്ചകളും ഒാർമകളും മനസ്സിന്റെ കോണിൽ മായാതെ നിൽക്കുന്നതിന് കാരണമുണ്ട്.സ്വപനങ്ങളിലെ കാഴ്ചകൾ നേരിട്ട് കാണുമ്പോഴാണ് നമ്മൾ ശരിക്കും അതിശയിക്കുന്നത്.അങ്ങനെയൊരു കാഴ്ചയായിരുന്നു ഷൂട്ടിങ് ലൊക്കേഷനിലേത്. ‘കുങ്ഫൂമാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ്ങിനായി പോയപ്പോൾ ഋശികേഷിലെ കാഴ്ചകളും മറക്കാനാവില്ല. ഗംഗനദീതീരത്തെ ആരതി വളരെ ഗംഭീരമായിരുന്നു. എന്റെ ഹൃദയത്തിൽ തൊട്ട കാഴ്ചയായിരുന്നു അത്. പ്രാർത്ഥനയിൽ മുഴുകിയ അന്തരീക്ഷം വല്ലാത്തൊരു അനുഭൂതിയായിരുന്നു. പ്രകൃതിയുടെ സൗന്ദര്യം നുകർന്നുള്ള യാത്രയും എനിക്ക് പ്രിയമാണ്. കുട്ടനാട് എനിക്കിഷ്ടമുള്ള സ്ഥലമാണ്. കുട്ടനാട്ടിൽ വെള്ളത്തിനോട് ചേർന്ന വീട്ടിൽ കാഴ്ചകൾ ആസ്വദിച്ച് താമസിക്കണം എന്നുള്ളത് എന്റെ മോഹമാണ്.
തായ്‍ലൻഡും യുകെയും അമേരിക്കയിലേക്കും പോകാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവസരം കിട്ടിയാൽ ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെന്നുണ്ട്. സ്വപ്നയാത്ര എന്നുള്ളതല്ല എന്റെ ഡ്രീം. എനിക്കേറ്റവും ഇഷ്ടം െഎലൻഡ് ട്രിപ്പുകളാണ്.
പണ്ട് ഞാൻ വിചാരിച്ചത് ഫാമിലിയായിട്ടോ അല്ലെങ്കിൽ ഗ്രൂപ്പായിട്ടോ യാത്ര പോകണം എന്നായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ മറ്റൊന്നാണ്. ഒറ്റയ്ക്ക് യാത്ര പോകണം. പോകുന്ന സ്ഥലത്തിന്റെ കൾച്ചറും കാഴ്ചയുമൊക്കെ ആസ്വദിച്ച് പഠിക്കണം.ഒറ്റക്കുള്ള യാത്രയിൽ ഒരുപാട് പഠിക്കുവാനും കണ്ടെത്തുവാനും സാധിക്കും. െഎലൻഡോ ഇന്ത്യക്കകത്തുള്ള ഗ്രാമങ്ങളോ ഏതുമാകട്ടെ ഒറ്റയ്ക്ക് യാത്ര പോകണം അതാണെന്റെ മോഹം എന്നും നീത പറയുന്നു.