മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവികായേയും എല്ലാവര്ക്കും സുപരിചിതമാണ്. എന്നാൽ ഇപ്പോൾ മാളവിക യാത്രാമോഹങ്ങളെ കുറിച്ചെല്ലാം പങ്കുവയ്ക്കുകയാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മാളവിക മനോരമ ഒാൺലൈനിൽ വെളിയപ്പടുത്തിയിരിക്കുകയാണ്.
താരപുത്രിയുടെ വാക്കുകളിലൂടെ
യാത്രയോടുള്ള ഇഷ്ടംകൊണ്ട് ഏതു സ്ഥലം തിരഞ്ഞെടുത്താലും ഞങ്ങൾ ഹാപ്പിയാണ്. എത്ര തിരക്കാണെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ച് വർഷത്തിൽ ഒരു ട്രിപ് പോകാറുണ്ട്. ഇതുവരെ നടത്തിയ യാത്രകളെല്ലാം മധുരമുള്ള ഒാർമകളാണ്. എന്റെ ഡിഗ്രി പഠനത്തിന് യാത്രയുമായി ഏറെ ബന്ധമുണ്ട്. ബിഎ ഹിസ്റ്ററി ആൻഡ് ടൂറിസമായിരുന്നു. എനിക്ക് ഹിസ്റ്റോറിക്കൽ സ്ഥലങ്ങൾ കാണുന്നതാണ് ഏറ്റവും ഇഷ്ടം. പ്രകൃതിയോട് ചേർന്ന കാഴ്ചകളും ഇഷ്ടമാണ്. കാടും കാട്ടാറുമൊക്കെ നിറഞ്ഞ വശ്യസുന്ദരമായ പ്രകൃതിയിലേക്കുള്ള ഏതു യാത്രയ്ക്കും ഞാൻ തയാറാണ്. വിദേശരാജ്യങ്ങളടക്കം ഇതുവരെ ഒരുപാട് ഇടങ്ങളിലേക്ക് യാത്ര പോകാൻ സാധിച്ചിട്ടുണ്ട്. യൂറോപ്പ്, ബുഡപെസ്റ്റ്, ഒാസ്ട്രിയ, ചെക്റിപ്പബ്ളിക്, ദുബായ്, ഇറ്റലി, യുഎസ്,ആഫ്രിക്ക, സ്വിറ്റ്സർലൻഡ്, തായ്‍ലൻഡ്, യുകെ അങ്ങനെ നീളുന്നു അവ.
ലണ്ടനിലായിരുന്നു ഞാൻ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തത്. അവിടെ ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട്. വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥ, ഒരേ നിറത്തിൽ തിളങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ, വിംബിൾഡൺ ടെന്നിസ് മ്യൂസിയം, ടവർ ബ്രിജ്, ലണ്ടൻ ഐ, ബിഗ് ബെൻ, ടവർ ഓഫ് ലണ്ടൻ, ബക്കിങ്ങാം പാലസ് അങ്ങനെ കാഴ്ചകളുടെ നിധികുംഭമാണ് ലണ്ടൻ. കാസിലുകളുടെയും ഗോഥിക്, വിക്ടോറിയൻ കൊട്ടാരങ്ങളുടെയും നാടായ ലണ്ടൻ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇനിയും ആ കാഴ്ചകളിലേക്ക് യാത്രപോകണമെന്നുണ്ട്. പഠനം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തുന്നതിന് മുമ്പ് ഒറ്റക്ക് ലണ്ടൻ നഗരത്തിലേക്ക് ഞാൻ യാത്ര തിരിച്ചിരുന്നു. എന്റെ യാത്രായിഷ്ടങ്ങളോട് ഏറെ അടുപ്പമുണ്ട് ലണ്ടൻ നഗരത്തിന്. പൗരാണികകാഴ്ചകളും ചരിത്രങ്ങളും ഇഴചേർന്ന ലണ്ടൻ അടിപൊളിയാണ്. ഗ്രാജുവേഷൻ സെറിമണിക്കായി ഞാനും അപ്പയും അമ്മയും കണ്ണനുമൊക്കെയായി ലണ്ടനിൽ പോകണമെന്നും കാഴ്ചകൾ ആസ്വദിക്കണമെന്നും പ്ലാൻ ചെയ്തിരുന്നു. അപ്രതീക്ഷിതമായി എത്തിയ കൊറോണ എല്ലാം തകർത്തു എന്നു തന്നെ പറയാം.
അപ്പയ്ക്ക് ആനയോടുള്ള ഇഷ്ടം പോലെ ഞാനുമൊരു ആനപ്രാന്തിയാണ്. അപ്പയുടെ തറവാട് പെരുമ്പാവൂരാണ്. നാട്ടിൽ പോകുമ്പോൾ ഞങ്ങൾ കോടനാട് പോകാറുണ്ട്. കുന്നത്തുനാട് താലൂക്കില്‍ കപ്രിക്കാടിനടുത്തുള്ള അഭയാരണ്യം. അനാഥരായ മൃഗങ്ങള്‍ക്കുള്ള പുനരധിവാസ കേന്ദ്രമാണ് ഈ ഇക്കോ ടൂറിസം സെന്‍റര്‍. പെരിയാറിന്‍റെ കരയിലാണ് ഈ മൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആനകളും മാനുകളുമെല്ലാം അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ തന്നെ സംരക്ഷിക്കപ്പെടുന്നു. കോടനാട് ആന പരിശീലന കേന്ദ്രം ഏറെ പ്രസിദ്ധമാണ്. പിന്നെ കോന്നി ആനക്കൊട്ടിൽ യാത്രയും ഇഷ്ടമാണ്. ആനകൾ പ്രധാന ആകർഷണ കേന്ദ്രമാകുന്ന ആനത്താവളവും പരിസരവും ഇക്കോ ടൂറിസം സെന്ററായി വികസിപ്പിച്ചതോടെ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന വിനോദ സഞ്ചാരമേഖലയായി കോന്നി മാറി.
അപ്പയും കണ്ണനും ഷൂട്ടിന്റെ തിരക്കിലായിരുന്നു. ഞാൻ ഡിഗ്രിയുടെ സെമസ്റ്റർ കഴിഞ്ഞ് ഫ്രീയായി ഇരിക്കുന്ന സമയം. ഞാനും അമ്മയും ട്രിപ് പ്ലാൻ ചെയ്തു. കൊൽക്കത്തയും സിക്കിമും. കിടിലൻ ലേഡീസ് ഒണ്‍ലി ട്രിപായിരുന്നു. അമ്മയും എന്നെ പോലെ അഡ്വഞ്ചർ പ്രേമിയാണ്. കൊൽക്കത്ത നഗരവും കാളിഘട്ട് ക്ഷേത്രവുമൊക്കെ ഒരുപാട് ഇഷ്ടമായി. കൊൽക്കത്തയിൽ നിന്നുമാണ് ഞങ്ങള്‍ സിക്കിമിലേക്ക് പോകുന്നത്. അവിടെ റിവർ റാഫ്റ്റിങ് നടത്തിയിരുന്നു. ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നതു കൊണ്ടു മനസമാധാനമായിട്ട് നല്ലോണം ഷോപ്പിങ് നടത്താനും സാധിച്ചു.
അടുത്തിടെ ഞാനും അപ്പയും അമ്മയും കണ്ണനുമൊക്കെയായി സ്വിറ്റ്സർലൻഡ് യാത്ര പോയിരുന്നു. 10,000 അടി മുകളിലുള്ള ആൽപ്സ് പർവത നിരകളുടെ ഭാഗമായ ടിറ്റ്ലസ് മഞ്ഞുമലയിലേക്കുള്ള യാത്രയും അവിടത്തെ സ്വർഗീയ അനുഭവങ്ങളും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എനിക്ക് അഡ്വഞ്ചർ ആക്ടിവിറ്റികൾ ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഞാൻ അഡ്വഞ്ചർ ആക്ടവിറ്റികൾ ചെയ്യുന്നത് അപ്പയ്ക്ക് പേടിയാണ്. സ്വിറ്റ്സർലൻഡ് യാത്രയിൽ ആല്‍പ്സ് മൗണ്ടനുമുകളിലൂടെ പാരാഗ്ലൈഡിങ് ചെയ്തിരുന്നു. നല്ലൊരു അനുഭവമായിരുന്നു. പാരാസെയ്‌ലിങ്ങും വാട്ടർസ്പോർട്സും റോളർകോസ്റ്റും സിപ്‌ലൈനുമൊക്കെ ആസ്വദിച്ചിട്ടുണ്ട്. ഇനി സ്കൈ ഡൈവിങ്ങും ബന്‍ജി ജംപിങ്ങും ചെയ്യണമെന്നുണ്ട്.
എന്റെ ഇഷ്ടയാത്രയിലെ ഹിസ്റ്റോറിക്കൽ സ്ഥലങ്ങളുടെ പട്ടികയിൽ ജയ്പുരുമുണ്ട്. ശിലപങ്ങളും വാസ്തുവും ചരിത്രവുമൊക്കെ ഇഷ്ടമുള്ള ആർക്കും ജയ്പുര്‍ ഒരു ഛായാചിത്രം പോലെ മനസ്സില്‍ പതിഞ്ഞിരിക്കും. രാജകൊട്ടാരങ്ങളുടെ പ്രൗഢി പേറുന്ന രാജസ്ഥാനിലെ സുവർണനഗരമായ ജയ്പുരും എന്റെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. രാജകൊട്ടാരങ്ങളും മാളികകളും കോട്ടകളും പുരാവസ്തുകേന്ദ്രങ്ങളും അമ്പലങ്ങളും കാഴ്ചകളുമൊക്കെയുള്ള ആ നഗരം എനിക്ക് കൗതുകമായി തോന്നി.
കണ്ണന് ജീപ്പ് സഫാരിയും ഒാഫ്റോഡിങുമാണ് പ്രിയം. ഒരിക്കൽ കാഴ്ചകളുടെ സുന്ദരഭൂമിയായ ഇടുക്കിയിലെ പച്ചക്കാനത്തു പോയിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തിന് സമീപമാണ്. അന്ന് വെള്ളപ്പൊക്ക സമയമായിരുന്നു. കാടിനുള്ളിൽ ഞങ്ങൾ കുടുങ്ങിപ്പോയി. പേടിച്ചുപോയി. ഭാഗ്യത്തിന് രക്ഷപ്പെട്ടു.
കേരളത്തിലേക്ക് ഞങ്ങൾ വന്നത് ആദ്യത്തെ വെള്ളപ്പൊക്ക സമയത്തായിരുന്നു. വാളയാർ ചെക്പോസ്റ്റിൽ ഞങ്ങൾ പെട്ടു. ഒരു രാത്രി മുഴുവനും വാഹനത്തിൽ തന്നെ തങ്ങേണ്ടി വന്നു. ടെൻഷനും ഭയമുണ്ടായിരുന്നു. തൃശ്ശൂർ പൊലീസാണ് രക്ഷപ്പെടുത്തിയത്. അവർ ഞങ്ങളെ അവരുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി. ആ യാത്ര മറക്കാനാവില്ല.
ഞങ്ങളുടെ ആഫ്രിക്കൻ ട്രിപ് മറക്കാനാകില്ല. അവിടെ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞങ്ങളെ അദ്ഭുതപ്പെടുത്തിയ യാത്ര കെനിയയിലേക്കുള്ളതായിരുന്നു. വൈല്‍ഡ് ലൈഫ് സഫാരിയാണ് ഏറെ ആകർഷിച്ചത്. പ്രകൃതിയും വനസമ്പത്തും ഏറ്റവും കൂടുതലുള്ള കെനിയയിൽ ഇത്രയും സുന്ദരകാഴ്ചകൾ ഉണ്ടോയെന്ന് തോന്നിപ്പോയി. മസായ്മാര വൈൽഡ് സഫാരി ശരിക്കും വിസ്മയിപ്പിച്ചു. മൃഗങ്ങളെ അവയുടെ വിഹാരരംഗങ്ങളില്‍ നേരിട്ടുകാണുക ഒരു അപൂര്‍വ അനുഭവമായിരുന്നു.
പുലിയും സിംഹവും ഉൾപ്പെടെ മിക്ക മൃഗങ്ങളെയും അടുത്തു കാണാൻ സാധിച്ചു. കാലാവസ്ഥ മാറുമ്പോൾ മൃഗങ്ങൾ കൂട്ടമായി മാറാ നദി കടന്ന് താന്‍സാനിയയിലെ സെറീന്‍ഗെറ്റി നാഷനല്‍ റിസര്‍വിന്റെ ഭാഗത്തേക്കു നടത്തുന്ന യാത്രയാണ് മസായ്മാരയുടെ മറ്റൊരു സവിശേഷത. മൃഗങ്ങളുടെ നദി കടന്നുള്ള പലായനം മണിക്കൂറുകളോളം ഞങ്ങൾ കണ്ടു നിന്നു. ജൂണ്‍ മിഡ് സീസണ്‍ ആയും ഏപ്രില്‍ ലോ സീസണായുമാണ് കണക്കാക്കുന്നത്.
മൃഗങ്ങളുടെ മൈഗ്രേഷൻ സീസൺ ആകുമ്പോൾ അവിടെയുള്ള സുഹൃത്തുക്കൾ ആ കാഴ്ച ആസ്വദിക്കുവാനായി ഞങ്ങളെ വിളിക്കാറുണ്ട്. ഇനിയും പോകണമെന്ന് തോന്നുന്ന ഇടവും മസായ്മാരയാണ്.
യാത്രകളുടെ ലിസ്റ്റ് എടുത്താൽ, കണ്ടയിടങ്ങൾ എണ്ണിയാൽ തീരില്ല. എവിടേക്ക് യാത്രപോയാലും അന്നാട്ടിലെ വിഭവങ്ങളുടെ രുചിയറിയാൻ ഞാനും കണ്ണനും ശ്രമിക്കാറുണ്ട്. ഞങ്ങൾ രണ്ടാളും നന്നായി ഭക്ഷണം കഴിക്കും. വിഭവങ്ങളുടെ രുചിയുടെ കാര്യത്തിൽ ജയ്പുരിന് ഒന്നാംസ്ഥാനമാണ്. അവിടെ നല്ല കിടിലൻ വിഭവങ്ങൾ ഉണ്ട്. അവിടുത്തെ ലാൽമാസ് വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട്. സൂപ്പറാണ്.
സ്വപ്നയാത്ര എന്നുള്ളതില്ല, ആഗ്രഹമുള്ളയിടത്തേക്ക് പോകും. അങ്ങനെ പോകാൻ ആഗ്രഹിച്ച ഇടമായിരുന്നു സ്വിറ്റ്സർലൻഡ്. ആ ആഗ്രഹം സാധിച്ചു. അവിടുത്തെ കാഴ്ചകളും എനിക്കേറെ ഇഷ്ടമായി. ഇനി പോകാൻ ആഗ്രഹമുള്ളത് നോർത്തേൺ ലൈറ്റ് ആസ്വദിക്കണമെന്നാണ്. അപ്പയും അമ്മയും കണ്ണനുമൊത്ത് പോകണം. അടുത്ത യാത്ര അതാവണം എന്നാണ് എന്റെ ആഗ്രഹം.