തന്റെ ബാല്യകാലത്തിലെ രസകരമായ ഒരു ഓര്‍മ പങ്കുവെച്ച് നടന്‍ ധ്രുവ് വിക്രം. ഒരിക്കല്‍ അച്ഛന്‍ വിക്രം തന്നെ വളരെ അധികം അടിച്ചിട്ടുണ്ടെന്ന് ധ്രുവ് പറഞ്ഞു. ആ അടിച്ചതിന്റെ കാരണമാണ് ധ്രുവ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ''ജീവിതത്തില്‍ അച്ഛന്‍ രണ്ടോ മൂന്നോ തവണ മാത്രമേ എന്നെ അടിച്ചിട്ടുള്ളൂ. അതില ഒരു അടിക്ക് പപുറത്ത് പാട് തന്നെ വീണിട്ടുണ്ട്'' എന്ന് ചിരിയോടെ ധ്രുവ് പറഞ്ഞു. ഷങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന ചിത്രത്തിലെ ജനപ്രിയഗാനം 'മെര്‍സലായിട്ടേന്‍' ഷൂട്ടിന് മുന്‍പ് തന്നെ സ്‌കൂളിലെ സുഹൃത്തുക്കള്‍ക്ക് കേള്‍പ്പിച്ചതാണ് ഈ അടിക്ക് കാരണം എന്നാണ് ധ്രുവ് പറയുന്നത്.
''പാട്ട് പുറത്തിറങ്ങുന്നതിന് മുന്‍പ് ആരും കേള്‍ക്കരുത് എന്നായിരുന്നു ഷങ്കര്‍ സാറിന്റെ നിര്‍ദേശം. അച്ഛന്‍ അതീവ ശ്രദ്ധയോടെ പാട്ട് സൂക്ഷിച്ചിരുന്നു. പക്ഷേ, അത് എനിക്ക് കിട്ടി. വലിയ കാര്യമൊന്നുമല്ലെന്ന് കരുതി സ്‌കൂളില്‍ കൊണ്ടുപോയി കൂട്ടുകാര്‍ക്ക് കേള്‍പ്പിച്ചു. വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ സിനിമയ്ക്ക് വേണ്ടി കഠിനമായ ബോഡി ബില്‍ഡിംഗില്‍ ആയിരുന്നു. ഞാന്‍ അകത്തുകയറിയതും മുതുകില്‍ ഒരു കനത്ത അടിയായിരുന്നു,'' ധ്രുവ് ഓര്‍ത്തെടുത്തു.''അത് ഒരു പാഠമായിരുന്നു. ആ അടിയുടെ പാട് രണ്ടാഴ്ച്ചയോളം എന്റെ പുറത്ത് ഉണ്ടായിരുന്നു,'' എന്നും താരം പറഞ്ഞു.
ചേച്ചിയാണ് എന്റെ ഒറ്റിക്കൊടുത്തത്. പെന്‍ഡ്രൈവ് സ്‌കൂളില്‍ കൊണ്ടുപോയ കാര്യം ചേച്ചിയാണ് അച്ഛന്റെ അടുത്ത് പറഞ്ഞ് കൊടുത്തത്. കൈ കൊണ്ടാണ് അടിച്ചത്. പക്ഷേ പാട് വീണു. ആ ചിത്രത്തിന് വേണ്ടി നല്ല ബോഡി ഒക്കെ ആക്കി നില്‍ക്കുന്ന സമയം ആയതുകൊണ്ട് ആ കൈ കൊണ്ട് ഒന്ന് കിട്ടിയാല്‍ മതിയായിരുന്നു. ധ്രുവ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇപ്പോഴിതാ ധ്രുവ് വിക്രം നായകനായി അഭിനയിച്ച ബൈസണ്‍ കാലമാടന്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ഈ ചിത്രം ജാതി രാഷ്ട്രീയവും കായിക ആത്മാര്‍ത്ഥതയും മിശ്രിതമാക്കിയ ഒരു സ്‌പോര്‍ട്സ് ഡ്രാമയായി പ്രേക്ഷകപ്രശംസ നേടി. അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം, ധ്രുവ് വിക്രമിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുകയാണ്.