മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോമാര്‍ട്ട് സേവനങ്ങള്‍ ഇനി വാട്സാപ്പിലൂടെയും ലഭിക്കും. ഇതിനായി ടാപ്പ് & ചാറ്റ് ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം ആണ് ജിയോ മാര്‍ട്ട്. തുടക്കം പഴം, പച്ചക്കറികള്‍, പലവ്യഞ്ജന സാധനങ്ങള്‍ വില്‍ക്കുന്ന ഗ്രോസറി പ്ലാറ്റ്ഫോം ആയിട്ടായിരുന്നെങ്കിലും ഇന്ന് ജിയോ മാര്‍ട്ടില്‍ വസ്ത്രങ്ങള്‍ ഉള്‍പ്പടെ എല്ലാം വില്‍ക്കുന്നുണ്ട്.
വാട്സാപ്പിലൂടെ സേവനങ്ങള്‍ നല്‍കുമെന്ന് 2020ല്‍ തന്നെ ജിയോമാര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വാട്സാപ്പിന്റെ മാതൃസ്ഥാപനം മെറ്റ പ്ലാറ്റ്ഫോംസ് (ങലമേ ജഹമളേീൃാ െകിര), ജിയോയില്‍ 6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. വാട്സാപ്പിന് ഇന്ത്യയില്‍ 530 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്.
നിലവില്‍ ജിയോ ഉപഭോക്താക്കളുടെ എണ്ണം 425 മില്യണ്‍ ആണ്. 2025 ഓടെ രാജ്യത്തെ ഫൂഡ്& ഗ്രോസറി ബിസിനസ് 1.3 ട്രില്യണ്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കി ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.
റിലയന്‍സ് അടുത്തിടെ പുറത്തിറക്കിയ വിലകുറഞ്ഞ 4ജി ഫോണ്‍ ജിയോ നെക്സ്റ്റ് എത്തുന്നത് പ്രീലോഡട് ജിയോമാര്‍ട്ട്, വാട്സ്ആപ്പ് ആപ്ലിക്കേഷനുമായാണ്. ജിയോമാര്‍ട്ട് കൂടാതെ അജിയോ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുണ്ട്. താമസിയാതെ വാട്സാപ്പ് വഴിയുള്ള സേവനങ്ങള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിച്ചേക്കും. എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ്.