അലക്കുക, ഉണക്കുക, തേയ്ക്കുക ,മടക്കുക തുടങ്ങിയ തുണിക്കാര്യങ്ങള്‍ ദിവസവും ചെയ്യാറുണ്ടെങ്കിലും പൊതുവേ വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന ജോലികളാണിവ. വസ്ത്രങ്ങള്‍ അലക്കാനും ഉണക്കാനും തേയ്ക്കാനുമൊക്കെയുള്ള യന്ത്രങ്ങള്‍ ഇന്ന് സുലഭമാണെങ്കിലും വസ്ത്രങ്ങള്‍ മടക്കിയൊതുക്കി അലമാരയില്‍ വയ്ക്കുക എന്നതൊരു ചടങ്ങാണ്. പലരുടേയും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരകള്‍ യുദ്ധഭൂമിക്ക് സമാനമാണ്. ഈ തലവേദന മാറ്റാന്‍ ഇതാ പുതിയൊരു ഉപകരണം. വസ്ത്രങ്ങള്‍ നന്നായി മടക്കി തരുന്ന ഫോള്‍ഡിമേറ്റ് എന്ന കിടിലന്‍ യന്ത്രം. വസ്ത്രങ്ങള്‍ വെറുതേ മെഷീനിനുള്ളില്‍ വച്ചാല്‍ മതി അവ ഉള്ളിലേക്ക് പോയി നന്നായി മടക്കിയൊതുങ്ങി പുറത്ത് വരും.
അമേരിക്കയില്‍ നടക്കുന്ന ലോക കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഈ പുത്തന്‍ യന്ത്രം രംഗപ്രവേശം ചെയ്തത്. ഒരു ഫ്രിഡ്ജ് വയ്ക്കുന്ന സ്ഥലം മതി ഇതിനും. വില അല്‍പ്പം കൂടുതലാണെങ്കിലും ഭാവിയില്‍ കുറയ്ക്കുമെന്നാണ് ഉടമകളുടെ വാദം. ഇപ്പോള്‍ 980 ഡോളറാണ് (71,270 രൂപ) വില. 2019ല്‍ ഫോള്‍ഡിമേറ്റ് വിപണിയില്‍ എത്തും.