ആപ്പിൾ ആരാധകരുടെകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആപ്പിളിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഐ ഒ എസ് 17 ഇന്നലെ പുറത്തിറങ്ങി. പല പുതിയ ഫീച്ചറുകളും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റിലുണ്ട്. ലൈവ് വോയ്സ്മെയിൽ, നിങ്ങളുടെ ഐഫോൺ മറ്റൊന്നിൽ ടച്ച് ചെയ്യുക വഴി കോൺടാക്ട് വിവരങ്ങൾ ഷെയർ ചെയ്യാനുള്ള സൗകര്യം എന്നിവ അതിലുണ്ട്.
പുതിയ ഐ ഒ എസ് 17 വഴി ഐഫോണുകളെ കൂടുതൽ പേഴ്സണൽ ആക്കിയിരിക്കുകയാണെന്നാണ് ആപ്പിൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റ് ക്രെയ്ഗ് ഫെഡെറി പറഞ്ഞത്. ഐ ഫോൺ എക്സ് എസും പുതിയ മോഡലുകൾക്കും ഐ ഒ എസ് 17 അനുയോജ്യമാണ്. അതായത്, ഐഫോൺ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്സ്, ഐഫോൺ 13, 13 മിനി,13, പ്രോ, 13 പ്രോ മാക്സ് ഐഫോൺ 12, 12 മിനി, 12 പ്രോ, 12 പ്രോ മാക്സ്, ഐഫോൺ 11, ഐഫോൺ 11 പ്രോ, 11 പ്രോ മാക്സ്, ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ്, എക്സ് ആർ, എസ് ഇ എന്നി ഫോണുകളിൽ ഇത് ഡൗൺലോഡ് ചെയ്യാൻ കഴിയും.
പുതിയ ഐ ഒ എസ് 17 ഇന്നലെ പുറത്തിറക്കിയെങ്കിലും അത് എപ്പോൾ മുതൽ ഡൗൺലോഡ് ചെയ്യാൻ കഴിയും എന്നതിന്റെ കൃത്യമായ വിവരം ആപ്പിൾ നൽകിയിട്ടില്ല. എന്നിരുന്നാലും ഇത് ഇപ്പോൾ ലഭ്യമായിട്ടുണ്ടാകും എന്നാണ് കരുതുന്നത്. ഐ ഒ എസ്സിന് അനുയോജ്യമായ ഫോൺ ആണ്‌നിങ്ങളുടേതെങ്കിൽ, സെറ്റിങ്സ് ആപ്പിൽ പോയി അത് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആപ്പ് തുറന്ന്, ജനറൽ, സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ് എന്നിങ്ങനെ പോയി ഐ ഒ എസ് 17 ലഭ്യമാണെങ്കിൽ അത് ഡൗൺലോഡ് ചെയ്യുക.
പുതിയ ഐ ഒ എസ്സ് 17 ലെ ചെക്ക് ഇൻ ഫീച്ചർ നിങ്ങളുടെ ഒരു കുടുംബാംഗം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിയെങ്കിൽ അക്കാര്യം അറിയിക്കും. അവർ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് വരെ, ഡിവൈസിന്റെ ലൊക്കെഷൻ ബാറ്ററി ലെവൽ സെൽ സർവ്വീസ് സ്റ്റാറ്റസ് തുടങ്ങിയ ചില വിവരങ്ങൾ താത്ക്കാലികമായി പങ്കുവയ്ക്കും. പങ്കു വയ്ക്കുന്ന ഏത് വിവരവും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും.
വോയ്സ് മെയിലിന്റെ യഥാ സമയത്ത് തന്നെ അതിന്റെ ട്രാൻസ്‌ക്രിപ്ഷൻനടത്തുന്ന വോയ്സ് മെയിൽ ഫീച്ചറാണ് മറ്റൊന്ന്. ആരെങ്കിലും വോയ്സ് മെയിൽ അയച്ചാൽ തത്സമയം അത് എഴുതിക്കാണിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ദൂരെ നിന്നു തന്നെ നോട്ടിഫിക്കേഷനുകൾ കാണാൻ സഹായിക്കുന്ന സ്റ്റാൻഡ്ബൈ ഫെസിലിറ്റിയാണ് മറ്റൊരു ഫീച്ചർ.
അതുപോലെ ഐഫോൺ നിങ്ങളുടെ മുഖത്തിനോട് കൂടുതൽ അടുത്ത് പിടിക്കുകയാണെങ്കിൽ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സ്‌ക്രീൻ ഡിസ്റ്റൻസ് ഫീച്ചറും പുതിയ ഐ ഒ എസ്സിൽ ഉണ്ട്. അതോടൊപ്പം ഓട്ടോ കറക്റ്റ് ഫീച്ചർ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.