ഐഫോൺ 10 ലാണ് ആദ്യമായി ആപ്പിൾ ഡിസ്പ്ലേ നോച്ച് അവതരിപ്പിച്ചത്. അതിന് ശേഷം ഐഫോൺ 14 പരമ്പര വരെ നോച്ച് ഡിസ്പ്ലേകൾ കമ്പനി നിലനിർത്തി. എന്നാൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കാനിരിക്കുന്ന ഐഫോൺ 15 പരമ്പരയിൽ ഡിസ്പ്ലേ നോച്ച് ഒഴിവാക്കപ്പെടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പകരം കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ മോഡലുകളിൽ അവതരിപ്പിച്ച ഡൈനാമിക് ഐലൻഡ് ഐഫോൺ 15 , 15 പ്ലസ് മോഡലുകളിലും പ്രോ പതിപ്പുകളിലും കൊണ്ടുവരും.ഡിസ്പ്ലേ വലിപ്പത്തിലും മാറ്റം വരുമെന്നും 9 ടു 5 മാക് റിപ്പോർട്ടിൽ പറയുന്നു. ബേസ് മോഡലുകളിലെ 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ ഐഫോൺ 15 ൽ 6.2 ഇഞ്ച് ആയി വർധിക്കും. അതേസമയം ഐഫോൺ 15 പ്രോയിൽ സ്‌ക്രീൻ വലിപ്പം വർധിപ്പിക്കുമോ എന്ന് സൂചനകളില്ല.
ഐഫോൺ 15 ഡിസൈനുമായി ബന്ധപ്പെട്ട് ചോർന്ന ചില കാഡ് ചിത്രങ്ങളിൽ ഫോണിന്റെ പിൻഭാഗം പഴയ മോഡലുകളെ പോലെ തന്നെയാണ്.അതേസമയം സാധാരണ പതിപ്പുകളിലേക്ക് 'പ്രോ മോഷൻ' എന്ന് ആപ്പിൾ പേരിട്ട് വിളിക്കുന്ന 120 ഹെർട്സ് റിഫ്രഷ് റേറ്റ് അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. സാധാരണ ഐഫോൺ പതിപ്പുകളുടെ വിലയുള്ളതും വില കുറഞ്ഞതുമായ ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനകം 120 ഹെർട്സ് ഡിസ്പ്ലേകൾ ലഭ്യമാണ്