ഐഫോണ്‍ എക്‌സ് ആര്‍ ആയിരുന്നു ആപ്പിള്‍ കഴിഞ്ഞ വര്‍ഷമിറക്കിയ ഫോണുകളില്‍ ഏറ്റവുമധികം വിറ്റു പോയ മോഡല്‍. അപ്രതീക്ഷിതമായിരുന്നു ആ വിജയം. തഞ മോഡലിന്റെ പിന്‍ഗാമിയായി ഇറക്കിയ മോഡലാണ് ഐഫോണ്‍ 11.
ഐഫോണ്‍ 11 മോഡലിന് പഴയ മോഡലിന്റേതിനു സമാനമായ 6.1-ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലെയാണുള്ളത്. എന്നാല്‍ പഴയ സ്‌ക്രീനില്‍ നിന്നു വ്യത്യസ്തമായി ഡോള്‍ബി വിഷന്‍, എച് ഡിആര്‍ 10 എന്നീ ഡിസ്പ്ലെ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ സ്‌ക്രീനിന് കൂടുതല്‍ ഉപയോഗസുഖം നല്‍കുന്നുണ്ട്. ഐപി 68 റെയ്റ്റിങ്ങുമായി വരുന്ന ഫോണിന് വെള്ളത്തെയും പൊടിയെയും അകറ്റി നിര്‍ത്താനുള്ള കഴിവുണ്ട്.
ഐഫോണ്‍ 11നെ വ്യത്യസ്തമാക്കുന്ന ഫീച്ചറുകളില്‍ പ്രധാനം ഇരട്ട ക്യാമറകളാണ്. സെല്‍ഫി ക്യാമറയടക്കം മൂന്ന് 12എംപി ക്യാമറകളെയാണ് ആപ്പിള്‍ പുതിയ മോഡലില്‍ അണിനിരത്തുന്നത്. ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ്, ഐഫോണ്‍ എസ് എസ്മാക്സ് എന്നീ മോഡലുകളില്‍ കണ്ട ഇരട്ട ക്യാമറകളെക്കാള്‍ ഈ ഫോണിന്റെ ഇരട്ട പിന്‍ക്യാമറകള്‍ക്ക് വ്യത്യാസമുണ്ട്. മുന്‍ മോഡലുകളിലെല്ലാം വൈഡ് ആംഗിള്‍ ലെന്‍സിനൊപ്പം ടെലി ലെന്‍സ് ആയിരുന്നു കമ്പനി നല്‍കിയിരുന്നത്. എന്നാല്‍ ഐഫോണ്‍ 11ലാകട്ടെ അള്‍ട്രാ വൈഡ് ആംഗിള്‍ ആണ് രണ്ടാം ഷൂട്ടറായി എത്തുന്നത്. പ്രായോഗികമായി പറഞ്ഞാല്‍ മുന്‍ മോഡലുകളെ പോലെയല്ലാതെ, കൂടുതല്‍ വിശാലമായ ഫ്രെയിം ആയിരിക്കും രണ്ടാം ലെന്‍സില്‍ കിട്ടുക. ഐഫോണ്‍ 11 ഇരു ക്യാമറകളും സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ 4കെ വിഡിയോ ഷൂട്ടു ചെയ്യാന്‍ കെല്‍പ്പുള്ളതാണ്. അത്യാകര്‍ഷകമായ വിഡിയോ പ്രകടനമാണ് ഈ ഫോണ്‍ നടത്തുന്നത്. സെല്‍ഫി ക്യാമറയ്ക്കും കാര്യമായ ശക്തിക്കൂടുതല്‍ ലഭിക്കുന്നുണ്ട്. 4കെ വിഡിയോ ഇതിലും ഷൂട്ടു ചെയ്യാം.
വൈഡ് ആംഗിള്‍ ലെന്‍സ് സെല്‍ഫി ക്യാമറ എന്ന ആശയം ആപ്പിള്‍ കൊണ്ടുവന്നതല്ല. എന്നാല്‍ അതില്‍ സ്ലോമോഷന്‍ വിഡിയോ പകര്‍ത്തിക്കളിക്കാന്‍ കമ്പനി തങ്ങളുടെ ഉപയോക്താക്കളെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറ ഇതേറ്റെടുക്കുമോ എന്നറിയില്ല, എന്തായാലും റിവ്യൂവര്‍മാര്‍ക്കാര്‍ക്കും തന്നെ ഇതത്ര വിപ്ലവകരമായ ഒരു ആശയമായി തോന്നിയില്ല.
മുന്‍ തലമുറ ഐഫോണ്‍ ഉടമകള്‍ക്കു പരിചിതമല്ലാത്തതും ഗൂഗള്‍ പിക്സല്‍ ഉടമകള്‍ക്കും മറ്റും സുപരിചിതമായതുമായ ഒരു ഫീച്ചറാണ് നൈറ്റ് ഷോട്ട്. ഐഫോണ്‍ 11ന് ഇരുളിലും മികവുറ്റ ചിത്രങ്ങളെടുക്കാമെന്നതാണ് ഇതിന്റെ മെച്ചം.