ആഗോള ടെക്ക് കമ്പനിയായ എച്ച്പി ഇന്ത്യയില്‍ ലാപ്പ്ടോപ്പ് നിര്‍മാണം ആരംഭിച്ചു. ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് കമ്പനി ഫ്‌ലക്സ് ആണ് എച്ച്പിക്കായി ഇന്ത്യയില്‍ ലാപ്ടോപ്പുകള്‍ നിര്‍മിക്കുന്നത്. ഫ്‌ലക്സിന്റെ ശ്രീപെരുമ്പത്തുരിലെ (തമിഴ്നാട്) ഫാക്ടറിയിലാണ് നിര്‍മാണം. ലാപ്ടോപ്പുകള്‍ക്ക് പുറമെ ഡെസ്‌ക്ടോപ്പ്ടവര്‍, മിനി ഡെസ്‌ക്ടോപ്പ്, മോണിറ്റര്‍ തുടങ്ങിയവയും എച്ച്പി ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്.
രാജ്യത്തെ മറ്റൊരു പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയായ ഡിക്സണ്‍ ടെക്നോളജീസ് ലാപ്ടോപ്പ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കാന്‍ പുതിയ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഏസെര്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കായി ലാപ്ടോപ്പ് നിര്‍മിക്കുന്നത് ഡിക്സണ്‍ ആണ്. ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയിലെ കോപ്പാര്‍ട്ടി ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍(ഇഎംസി) 127 കോടി രൂപയുടെ യൂണീറ്റാണ് ഡിക്സണ്‍ സ്ഥാപിക്കുക.
1,800 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്. 14,100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇഎംസി സ്ഥാപിച്ചിരിക്കുന്നത്. ടിവി, ലാപ്ടോപ് തുടങ്ങിയവ നിര്‍മിക്കാന്‍ ഡിജികോണ്‍ സൊല്യൂഷന്‍സ് 75 കോടിയും സ്മാര്‍ട്ട് ഫോണ്‍, ടാബ് ലെറ്റ്, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ സെല്‍ക്കോണ്‍ 100 കോടിയുടേയും നിക്ഷേപം ഇഎംസിയില്‍ നടത്തും.