ഗൂഗിള്‍ തന്റെ പുതിയ തലമുറ സ്മാര്‍ട്ട്‌ഫോണുകളായ പിക്‌സല്‍ 10 സീരീസ് ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. ഔദ്യോഗിക അവതരണത്തിന് മുമ്പ് തന്നെ, ഈ മോഡലുകളെക്കുറിച്ചുള്ള ഒരു വലിയ മാറ്റത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്.
പ്രശസ്ത ടിപ്‌സ്റ്ററായ ഇവാന്‍ ബ്ലാസിന്റെ വെളിപ്പെടുത്തലനുസരിച്ച്, യുഎസില്‍ ഇറങ്ങുന്ന പിക്‌സല്‍ 10 സീരീസില്‍ നിന്ന് ഫിസിക്കല്‍ സിം ട്രേ പൂര്‍ണമായും ഒഴിവാക്കാൻ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. പകരം, ഉപകരണങ്ങള്‍ മുഴുവനും ഇ-സിം സാങ്കേതികവിദ്യയെ ആശ്രയിക്കും. രണ്ട് ഇ-സിം സ്ലോട്ടുകള്‍ ലഭ്യമാകുന്നുവെന്നതിനാൽ ഉപയോക്താക്കൾക്ക് ഒരേസമയം രണ്ട് കണക്ഷനുകൾ നിലനിർത്താം, പക്ഷേ യാത്രയ്ക്കിടെ സിം മാറ്റി ഇടുന്ന സൗകര്യം നഷ്ടപ്പെടും.
എന്നിരുന്നാലും, ലൈനപ്പിൽ ഉൾപ്പെടാനിരിക്കുന്ന പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് മോഡലില്‍ ഫിസിക്കല്‍ സിം ട്രേ തുടരും എന്നാണ് റിപ്പോര്‍ട്ട്. ഇ-സിം മാത്രം പിന്തുണയുള്ള പതിപ്പ് യുഎസ് വിപണിയിലേക്കു മാത്രമാകും പരിമിതമാക്കുക, മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് പരമ്പരാഗത സിം സ്ലോട്ട് ലഭിക്കാനിടയുണ്ട്.
ഇ-സിം എന്താണ്?
ഇ-സിം (Embedded SIM) ഒരു ഡിജിറ്റല്‍ സിം ആണ്, ഉപകരണത്തിന്റെ മദര്‍ബോര്‍ഡില്‍ നേരിട്ട് ഉള്‍പ്പെടുത്തിയിട്ടുള്ള ചെറിയ ചിപ്പ്. ഉപയോക്താക്കള്‍ക്ക് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ, അല്ലെങ്കില്‍ ഓപ്പറേറ്റര്‍ നല്‍കുന്ന ക്രമീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തോ, നമ്പറും നെറ്റ്വര്‍ക്ക് പ്രൊഫൈലും സജ്ജമാക്കാം. ഐഫോണ്‍, സാംസങ് ഗാലക്‌സി, പിക്‌സല്‍ സീരീസ്, സ്മാര്‍ട്ട്‌വാച്ചുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഇതിനകം തന്നെ ഇ-സിം പിന്തുണയ്ക്കുന്നുണ്ട്.