ഉപയോക്താക്കളിൽ നിന്ന് ഉപയോഗിച്ചതും പഴയതുമായ ഫോണുകൾ തിരികെ വാങ്ങാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്സ് പോർട്ടലായ ഫ്ളിപ്കാർട്ട്. വിപണി പിടിക്കലിന്റെ ഭാഗമായാണ് പുതിയ സെൽ ബാക്ക് പദ്ധതി. ഇലക്ട്രോണിക്സ് റീ-കൊമേഴ്സ് സ്ഥാപനമായ 'യാന്ത്ര'യെ അടുത്തിടെ ഫ്ളിപ്കാർട്ട് സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും 1,700ൽ പരം പിൻകോഡുകളിലും സേവനം ലഭ്യമാകും. 125 ദശലക്ഷം ഉപയോഗിച്ച സ്മാർട്ട്‌ഫോണുകളിൽ 20 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ മാത്രമാണ് ഇന്ത്യക്കാർ ട്രേഡ് ചെയ്തതെന്ന് ഐഡിസി അടുത്തിടെ നടത്തിയ ഒരു സർവേ വ്യക്തമാക്കിയിരുന്നു.
പൂർണമായും ഓൺലൈൻ ആയി തന്നെയാകും ഇടപാട്. സെൽ ബാക്ക് പദ്ധതി പ്രണയദിനമായ ഫെബ്രുവരി 14നാണ് കമ്പനി അവതരിപ്പിച്ചത്. ഫ്ളിപ്കാർട്ട് ആപ് വഴി തന്നെ ഇടപാടിന് തുടക്കമിടാം. ഫോണുമായി ബന്ധപ്പട്ട അടിസ്ഥാന വിവരങ്ങൾ നൽകി കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ ഫ്ളിപ്കാർട്ട് എക്‌സിക്യൂട്ടിവ് നിങ്ങളെ സമീപിക്കും. തുടർന്നു ഫോൺ പരിശോധിക്കും.
റീ-കൊമേഴ്സ് ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ പദ്ധതിയെന്നു ഫ്ളിപ്കാർട്ട് വ്യക്തമാക്കി. ഇന്ത്യയിൽ റീ- കൊമേഴ്സ് വിപണിക്കു വലിയ സാധ്യതകളുണ്ടെന്നാണു വിലയിരുത്തൽ. '2ഗുഡ്' എന്ന പേരിൽ റീഫർബിഷ്ഡ് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന ഒരു പോർട്ടലും ഫ്ളിപ്കാർട്ടിനുണ്ട്.
ഇന്ന് വിപണിയിലുള്ള ഏതു ഫോണുകളും കാലപ്പഴക്ക വ്യത്യാസമില്ലാതെ ഫ്ളിപ്കാർട്ടിന് വിൽക്കാം. ഓൺലൈനിൽ വാങ്ങിയതോ, കടയിൽനിന്നു വാങ്ങിയതോ ആയ ഫോണുകളും തിരികെ വാങ്ങും. അതേസമയം വിദേശത്തു നിന്നു വാങ്ങിയ ഫോണുകൾ പദ്ധതിക്കു കീഴിൽ തിരികെ വാങ്ങുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഫോണിന്റെ മോഡൽ, കാലപ്പഴക്കം, നിലവിലെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാകും വില നിശ്ചയിക്കുക. തുടർന്നു തുകയ്ക്കുള്ള വൗച്ചർ നൽകും. ഉടനെ തുന്നെ പദ്ധതി ഇന്ത്യയിൽ മൊത്തം വ്യാപിപ്പിക്കും. പദ്ധതി വ്യാപകമാകുന്നതോടെ ഇ- വേസ്റ്റുകൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണു വിലയിരുത്തൽ. ഇങ്ങനെ ശേഖരിക്കുന്ന ഫോണുകൾ പരിശോധനകൾക്കു ശേഷം തിരികെ വിപണിയിലെത്തും.
എതിരാളികളിൽ നിന്നുള്ള മത്സരം കടുത്തതോടെ വിപണി പിടിക്കാനുള്ള തന്ത്രമാണ് ഫ്ളിപ്കാർട്ട് പയറ്റുന്നതെന്നാണു വിദഗ്ധരുടെ വാദം. അടുത്തിടെ കമ്പനി നിരവധി പദ്ധതികൾ ആപ്പിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും പുതിയതാണ് സെൽ ബാക്ക്. യാന്ത്രയുടെ ഏറ്റെടുപ്പ് നിർണായകമായി. 2013ൽ ജയന്ത് ഝാ, അങ്കിത് സാരാഫ്, അമോൽ ഗുപ്ത എന്നിവർ ചേർന്ന് തുടങ്ങിയ സ്ഥാപനമാണ് യാന്ത്ര. ഉപയോഗിച്ച ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളാണ് പ്രധാനമായും കമ്പനി കൈകാര്യം ചെയ്യുന്നത്.