ഇന്‍സ്റ്റഗ്രാമിലേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങള്‍ തമ്മില്‍ ലയിപ്പിക്കുകയാണ് ഫേസ്ബുക്ക്. ഇതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഐഓഎസിലും, ആന്‍ഡ്രോയിഡിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ പുതിയ അപ്‌ഡേറ്റ് സ്‌ക്രീന്‍ പ്രത്യക്ഷപ്പെട്ടതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്‌സാപ്പ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് നടപ്പാക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയക്കാന്‍ പുതിയ വഴി എന്ന തലക്കെട്ടോടുകൂടിയുള്ള പോപ്പ് അപ്പ് സ്‌ക്രീനില്‍ പുതിയ സംവിധാനത്തിലെ ഫീച്ചറുകള്‍ എന്തെല്ലാം ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വര്‍ണാഭമായിരിക്കും. കൂടുതല്‍ ഇമോജി റിയാക്ഷനുകള്‍ ഉണ്ട്. സൈ്വപ്പ് റ്റു റിപ്ലൈ ഓപ്ഷന്‍, ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും. 2012 ല്‍ നൂറ് കോടി ഡോളറിനാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കിയത്. 2014 ല്‍ 1900 ഡോളറിന് വാട്‌സാപ്പിനേയും ഏറ്റെടുത്തു
ഇന്‍സ്റ്റാഗ്രാം അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ആപ്പിന് വലത് ഭാഗത്ത് മുകളിലുള്ള ഡയറക്ട് മെസേജിന്റെ ലോഗോ മാറി പകരം മെസഞ്ചര്‍ ലോഗോ വരും. ഇന്‍സ്റ്റാഗ്രാം രൂപകല്‍പനയില്‍ മാറ്റം വന്നുവെങ്കിലും നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫേസ്ബുക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, മെസഞ്ചര്‍ എന്നിവയില്‍ ഏതെങ്കിലും ഒരു ആപ്പ് ഉണ്ടെങ്കില്‍ ഈ മൂന്ന് സേവനങ്ങളുടെ ഉപയോക്താക്കളുമായും ആശയവിനിമയം നടത്താന്‍ ഇനി സാധിക്കും. പരസ്പര ബന്ധതമായ മെസേജിങ് സംവിധാനം എന്റ് റ്റു എന്റ് എന്ക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ആപ്പിളിന്റെ ഐമെസേജ് സേവനവുമായി നേരിട്ട് മത്സരിക്കാനാണ് ഫെയ്സ് ബുക്കിന്റെ ശ്രമം