മൈക്രോസോഫ്റ്റ് ഒക്ടോബറില്‍ ലഭ്യമാക്കിയ വിന്‍ഡോസ് 10 അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ (version 1809) ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഇന്‍സ്റ്റാള്‍ ചെയ്ത പലരുടെയും കമ്പ്യൂട്ടറുകളില്‍ നിന്ന് ഫയലുകള്‍ അപ്രത്യക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് നടത്തിയ അന്വേഷണത്തില്‍ അപ്‌ഡേറ്റിലുണ്ടായ പാളിച്ചയാണ് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് ഫയലുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് മൈക്രോസോഫ്റ്റാണ് മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്. നിലവില്‍ അപ്‌ഡേറ്റ് വിതരണം മൈക്രോസോഫ്റ്റ് മരവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ മറഞ്ഞുകിടക്കുന്ന മറ്റൊരു അപകടമുണ്ട്.
നിലവില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ വിന്‍ഡോസ് 10 തനിയെ അപ്‌ഡേറ്റാകും. അതായത് അപ്‌ഡേറ്റ് ചെയ്യണമോയെന്ന് വിന്‍ഡോസ് 10 ഉപയോക്താവിനോട് ആരായില്ല. അപ്ഡ!!േറ്റ് ചെയ്യപ്പെട്ട ഫയല്‍ എപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതു മാത്രമാണ് ഉപയോക്താവിന് തീരുമാനിക്കാനാകുക. ഒക്ടോബറിലെ അപ്‌ഡേറ്റ് ഡൌണ്‍ലോഡ് ചെയ്ത് പിന്നീടത്തേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനായി മാറ്റിവച്ചിരിക്കുന്നവര്‍ ഒരുകാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നാണ് മൈക്രോസോഫ്റ്റ് മുന്നോട്ടുവച്ചിരിക്കുന്ന മുന്നറിയിപ്പ്. പണം മുടക്കി ഒറിജിനല്‍ വിന്‍ഡോസ് 10 വാങ്ങിയവരാണ് കുടുക്കിലായിരിക്കുന്നത്. 'പൈറേറ്റഡ്' വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ടാകും. ഏതായാലും അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും രേഖകളും ഫോള്‍ഡറുകളും വരെ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.