ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഒ എസ് അപ്‌ഡേറ്റ് ചില ഐഫോണുകളെ ഉപയോഗക്ഷമമല്ലാതാക്കുന്നതായ പരാതി ഉയരുന്നു. പലർക്കും പ്രശ്നം പരിഹരിച്ചു കിട്ടുന്നതിനായി പ്രൊഫഷണലുകളെ സമീപിക്കേണ്ടി വരുന്നതായും പറയപ്പെടുന്നു. ആപ്പുകൾ എല്ലാം തന്നെ താറുമാറായി എന്നും, സ്മാർട്ട്‌ഫോണുകൾ നിശ്ചലമായി എന്നും പരാതിപ്പെട്ടുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. ബുധനാഴ്‌ച്ച രാവിലെ അപ്‌ഡേറ്റ് ചെയ്തതിനു ശേഷം സ്‌ക്രീനിൽ സ്വൈപ്പ് ചെയ്ത് അൺലോക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ സ്‌ക്രീൻ പ്രതികരിക്കുന്നില്ല എന്നായിരുന്നു ഒരളുടെ പരാതി.
പിന്നീട് ആപ്പിൾ സ്റ്റോറിൽ കൊണ്ടു പോയി, ഫോൺ റിവൈവ് ചെയ്തതിനു ശേഷം മാത്രമാണ് അത് പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ, ഇത്തരത്തിൽ കേടായ ഫോണുകൾ ഒരു ലാപ്‌ടോപ് ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ നേരെയാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. അപ്‌ഡേറ്റ് പൂർത്തിയാകാത്തതോ അതല്ലെങ്കിൽ, അത് നടന്നുകൊണ്ടിരിക്കുന്നതോ ആകാം ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് ചിലർ പറയുന്നു.
2024 മാർച്ച് 21 ന് ആയിരുന്നു ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഒ എസ് 17.4.1 വേർഷൻ റിലീസ് ചെയ്തത്. എന്നാൽ, ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ ഐ ഫോണിന്, ബാറ്ററിയിൽ ഒരു നിശ്ചിത അളവ് ചാർജ്ജുവേണം. മാത്രമല്ല, വൈഫൈ കണക്ഷനും ഉണ്ടായിരിക്കണം. അതല്ലെങ്കിൽ, അപ്‌ഡേറ്റ് ഓട്ടോമാറ്റിക് ആയി സാവധാനം ഡൗൺലോഡ് ആകും. ഡൗൺലോഡ് ആകാനായി കാത്തിരുന്നവരുടെ ഫോണുകളിലാണ് ബഗ്‌സ് ആക്രമണം ഉണ്ടായത് എന്ന് കരുതുന്നു. അതുവഴി, മറ്റ് പല ആപ്പുകളും പ്രവർത്തന രഹിതമാവുകയും ചെയ്തു.
പ്രവർത്തന രഹിതമായ പല ആപ്പുകളും റീഇൻസ്റ്റാൾ ചെയ്തിട്ടും, ഫോൺ റീസ്റ്റാർട്ട് ചെയ്തിട്ടും പ്രവർത്തിച്ചിരുന്നില്ല. ഐ ഫോൺ ഏതാണ്ട് പൂർണ്ണമായും ഉപയോഗശൂന്യമായ നിലയിലായിരുന്നു പലർക്കും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, ആപ്പിൾ സ്റ്റോറിലെ സാങ്കേതിക വിദഗ്ദ്ധർ, ഫോൺ ഒരു ലാപ്‌ടോപ്പിൽ ഘടിപ്പിച്ച്, ഐ ഒ എസ് പൂർണ്ണമായും റീഇൻസ്റ്റാൾ ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങൾ ഇതിനോടകം തന്നെ ഐ ഒ എസ് 17.4.1 ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിലും ഈ മാർഗ്ഗത്തിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇത് ഉപയോക്താക്കൾക്ക് വീടുകളിലും ചെയ്യാമെന്ന് ഒരു റെഡിറ്റ് ഉപയോക്താവ് പറയുന്നു. ഐ ഒ എസ് 17.4.1 ന്റെ പുതുക്കിയ വേർഷ ഐ ട്യൂൺ വഴി ലഭ്യമാണ്. ഫോൺ, കമ്പ്യൂട്ടറുമായി ഘടിപ്പിച്ചതിന് ശേഷം ഈ വേർഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപ്‌ഡേറ്റുകൾ ഓവർ ദി എയർ (ഒ ടി എ) ആകുമ്പോൾ ഫോൺ കമ്പ്യൂട്ടറുമായി ഘടിപ്പിക്കേണ്ടതില്ല. എന്നാൽ, ഒ ടി എ അപ്‌ഡേറ്റുകൾ എല്ലാവർക്കും ഉടനടി ലഭിക്കണമെന്നുമില്ല. മാത്രമല്ല, ഒ ടി എ അപ്‌ഡേറ്റ് ലഭിക്കാൻ ഫോൺ വൈഫൈ കണക്ഷനുമായി ബന്ധപ്പെടുത്തിയിരിക്കണം.
മൊബൈൽ ഡാറ്റയിൽ അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. മാത്രമല്ല, നിങ്ങളുടെ ഫോണിൽ ആവശ്യത്തിനുള്ള സ്റ്റോറേജ് ഇടവും ഉണ്ടായിരിക്കണം. ഇതിൽ ഏതെങ്കിലും ഒരു നിബന്ധന പാലിക്കപ്പെട്ടില്ലെങ്കിൽ അപ്‌ഡേറ്റ് വൈകും.