ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലെ വ്യാജ റിവ്യുകള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന് മുന്നോടിയായി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്‌സ്, അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളും തമ്മിലാണ് യോഗം നടക്കുക.
ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും പുറമേ ടാറ്റ സണ്‍സ്, റിലയന്‍സ് റീടെയില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിനെത്തും. നിയമവിദഗ്ധരും ഉപഭോക്തൃ സംരക്ഷണ പോരാട്ടത്തിനായി നിലനില്‍ക്കുന്നവരും യോഗത്തിനെത്തും. നേരത്തെ യുറോപ്യന്‍ കമ്മീഷനും വ്യാജ റിവ്യുകള്‍ക്കെതിരെ രംഗത്തെതിയിരുന്നു. 223ഓളം വെബ്‌സൈറ്റുകളുടെ റിവ്യുകളാണ് യുറോപ്യന്‍ കമ്മീഷന്‍ നിരീക്ഷണവിധേയമാക്കിയത്.