പലചരക്ക്, ഗാര്‍ഹിക സാധന സാമഗ്രികള്‍ എന്നിവ ഓര്‍ഡര്‍ ചെയ്‌തു കഴിഞ്ഞാൽ 90 മിനിറ്റിനകം സാധനങ്ങൾ വീട്ടിൽ എത്തിക്കുന്ന അതിവേഗ ഡെലിവറി സംവിധാനവുമായി എത്തിയിരിക്കുകയാണ് ഫ്ളിപ്കാര്‍ട്ട്. പലചരക്ക് സാധനങ്ങളും ഒപ്പം മൊബൈല്‍ ഫോണുകളും സ്റ്റേഷനറി സാധനങ്ങളും ഹൈപ്പര്‍ലോക്കല്‍ സര്‍വീസ് ആയ 'ഫ്ളിപ്കാര്‍ട്ട് ക്വിക്ക്' വഴിയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം മുകേഷ് അംബാനിയുടെ ജിയോമാര്‍ട്ടിനെയും കടത്തിവെട്ടുകയാണ്.
ആമസോണിനെതിരെ ശക്തമായ വളര്‍ച്ച ഇ കൊമേഴ്സ് മേഖലയില്‍ ലക്ഷ്യമിട്ടാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഈ നീക്കം. എന്നാൽ കമ്പനി ഇതുവരെ ഫ്ളിപ്കാര്‍ട്ട് ക്വിക്ക് എന്ന് മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. അതേ സമയം, ഈ അതിവേഗ ഡെലിവറി സംവിധാനം ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യമായി അവതരിപ്പിക്കുക. ആമസോണ്‍, ആലിബാബ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌ക്കറ്റ് എന്നിവയെ പിന്തള്ളാനും അതോടൊപ്പം നിലവിലെ ഡെലിവറി സേവനങ്ങളെക്കാള്‍ മുന്നിലെത്താനും ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം.
നിലവില്‍ പലചരക്ക് സാധനങ്ങളുടെ ക്വിക്ക് സര്‍വീസ് ആമസോണിനും ബിഗ്ബാസ്‌ക്കറ്റിനും ഡെലിവറികളുണ്ട്. ഇന്ത്യയില്‍ നിരവധി പേരാണ് കൊവിഡ് 19 ലോക്ക്ഡൗണ്‍ വന്നതോടെ പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വാങ്ങിയത്. ക്വിക്ക് ഡെലിവറി സര്‍വീസില്‍ പലചരക്ക് സാധനങ്ങള്‍ കൂടാതെ ഫോണുകളും മറ്റ് സാധനങ്ങളും ഉള്‍പ്പെടുത്തുന്നത് ഫ്ളിപ്കാര്‍ട്ടിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. എത്രയും വേഗം ഫ്ളിപ്കാര്‍ട്ട് ക്വിക്ക് സജീവമാക്കാനും പിന്നീട് മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി.