Latest News

ക്ലിയര്‍ ട്രിപ്പിനെ സ്വന്തമാക്കാനൊരുങ്ങി ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട്

Malayalilife
 ക്ലിയര്‍ ട്രിപ്പിനെ സ്വന്തമാക്കാനൊരുങ്ങി ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട്

ഓണ്‍ലൈന്‍ യാത്രാ കമ്പനിയായ ക്ലിയര്‍ ട്രിപ്പിനെ സ്വന്തമാക്കാനൊരുങ്ങി ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ യാത്രാ കമ്പനിയായ ക്ലിയര്‍ ട്രിപ്പിന്റെ ഓഹരികള്‍ വാങ്ങുന്നതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്താ വെബ്‌സൈറ്റ് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍ യാത്രാ വ്യവസായരംഗത്തെ എതിരാളികളായ മേക് മൈ ട്രിപ്പ്, യാത്ര, ബുക്കിംഗ് ഡോട് കോം, ഈസ് മൈ ട്രിപ്പ് തുടങ്ങിയ കമ്പനികളോട് മത്സരിക്കാനാണ് യുഎസ് റീട്ടെയില്‍ ഭീമന്മാരായ ഫ്‌ലിപ്കാര്‍ട്ടിന്റെ ഈ നീക്കം. ഫ്‌ലിപ്കാര്‍ട്ടുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, ക്ലിയര്‍ ട്രിപ്പിന്റെ ഭൂരിപക്ഷം ഓഹരികളും വില്‍ക്കുന്നതിനാണ് കരാറെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മണി കണ്ട്രോള്‍ വ്യക്തമാക്കി.

ഇന്ത്യ കൂടാതെ യുഎഇ, സൗദി അറേബ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും പ്രവര്‍ത്തനമേഖലയുള്ള ക്ലിയര്‍ ട്രിപ്പ്, കോവിഡ് 19 ന്റെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര, വിദേശ യാത്രകളില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് പ്രതിസന്ധിക്ക് കാരണം.

2018 ല്‍ 16 ബില്യണ്‍ ഡോളറിനാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. ഇത് ഇ-കൊമേഴ്‌സ് രംഗത്ത് ആമസോണുമായുള്ള മത്സരം ശക്തമാക്കി. റീട്ടെയില്‍, ഫുഡ് ഡെലിവറി, യാത്ര തുടങ്ങി എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം തുടങ്ങിയ ഇ-കോമേഴ്‌സ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ആമസോണും പേടിഎമ്മും ഓണ്‍ലൈന്‍ യാത്രാ വ്യവസായരംഗത്ത് പ്രവേശിച്ചു കഴിഞ്ഞു. 2019 ല്‍ ആമസോണ്‍-ഇന്ത്യ ക്ലിയര്‍ ട്രിപ്പുമായി ചേര്‍ന്ന് അവരുടെ പെയ്‌മെന്റ് സേവനമായ ആമസോണ്‍-പേ യിലേക് ഫ്‌ലൈറ്റ് ബുക്കിങ് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. 2018 ഏപ്രിലിലാണ് ഫ്‌ലിപ്കാര്‍ട്ട് മേക് മൈ ട്രിപ്പിന്റെ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ യാത്രാ രംഗത്തേക്ക് കടന്നത്.

ക്ലിയര്‍ ട്രിപ്പിനെ സ്വന്തമാക്കുന്നതോടുകൂടി, ഓണ്‍ലൈന്‍ യാത്രാ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഫ്‌ലിപ്കാര്‍ട്ടിന് കഴിയും. എയര്‍ലൈനുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും നേരിട്ട് ബിസിനസ്സില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പുതിയ ബ്രാന്‍ഡിന്റെ തുടക്കമായിരിക്കും ഇത്.

ക്ലിയര്‍ ട്രിപ്പിന്റെ പ്രധാന നിക്ഷേപകരായ കോണ്‍കര്‍ ടെക്‌നോളജിസ്, ഡിഎജി വെഞ്ചേഴ്‌സ്, ഗുണ്ട് ഇന്‍വസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നിവക്ക് ഈ കരാറിലൂടെ പുറത്തു കടക്കാന്‍ കഴിയും. പ്രമുഖ ജര്‍മ്മന്‍ കമ്പനിയായ എസ്എപി ആണ് കോണ്‍കര്‍ ടെക്‌നോളജിയെ പിന്തുണയ്ക്കുന്നത്. രണ്ടു കമ്പനികളും തമ്മില്‍ കരാര്‍ സംബന്ധമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും വിശദമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പുതിയ ഡീലുകള്‍ ഉറപ്പിച്ചുകൊണ്ട് സമീപകാലത്ത് ഇ-കോമേഴ്‌സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഫ്‌ലിപ്കാര്‍ട്ട് നടത്തിയിട്ടുള്ളത്. 2020 ഒക്ടോബറില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ 7.8 ശതമാനം ഓഹരി 1500 കോടി രൂപക്കാണ് ഫ്‌ലിപ്കാര്‍ട്ട് ഏറ്റെടുത്തത്. ഇതിനു മൂന്നു മാസം മുമ്പ് അരവിന്ദ് ഫാഷന്‍സിന്റെ ഭാഗമായ അരവിന്ദ് യൂത്ത് ബ്രാന്‍ഡില്‍ 260 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റി സ്ഥാപനമായ സ്‌കേപിക്, സോഷ്യല്‍ മീഡിയ ഗെയിമിങ് സ്റ്റാര്‍ട്-അപ്പ് മെക്ക് മോച്ച എന്നിവയും ഫ്‌ലിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു.

E-commerce giant Flipkart ready to acquire Clear Trip

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക