ആപ്പിളിന് 14 കോടിയോളം രൂപ പിഴയിട്ട് ബ്രസീല്‍. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 12 ന് ചാര്‍ജര്‍ നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്. ഐ ഫോണ്‍ 12 വാങ്ങിയ ഉപഭോക്താവ് ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം ഇങ്ങനെ, ഒരു ഉപഭോക്താവ് ഐ ഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തിരുന്നു. പരസ്യത്തില്‍ ചാര്‍ജറും ഉണ്ടായിരുന്നെങ്കിലും ബോക്സ് എത്തിയപ്പോള്‍ അതില്‍ ചാര്‍ജര്‍ ഉണ്ടായിരുന്നില്ല. ഇതോടെ പ്രകോപിതനായ ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആക്സസറികള്‍ നിര്‍മ്മിക്കാത്തത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഉപയോക്താക്കള്‍ പവര്‍ അഡാപ്റ്ററുകള്‍ക്ക് പകരം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
എന്നാല്‍ ചാര്‍ജര്‍ ഇല്ലാത്ത ഫോണ്‍ വില്‍ക്കുമ്പോള്‍ ഉത്പന്നത്തിന്റെ വില കുറയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ പിഴ അടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഐഫോണിനൊപ്പം ചാര്‍ജറും ഇയര്‍ഫോണും നല്‍കുന്നത് ആപ്പിള്‍ നിര്‍ത്തലാക്കിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പിള്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.