Latest News

പേടിഎമ്മിനെ മറികടന്ന് ബൈജൂസ് രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി

Malayalilife
പേടിഎമ്മിനെ മറികടന്ന് ബൈജൂസ് രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി

കോവിഡ് പ്രതിസന്ധി കാലത്ത് ഏറ്റവും വലിയ ഫണ്ടിംഗ് എത്തിയ സ്റ്റാര്‍ട്ടപ്പ്, എഡ്യൂടെക് വിഭാഗത്തിലെ ഏറ്റവും മൂല്യമേറിയ അങ്ങനെ നിരവധി തവണ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന ബൈജൂസ് ആപ്പ് വീണ്ടും ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായിരിക്കുകയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കമ്പനി 16.5 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കുയര്‍ന്നതായി റിപ്പോര്‍ട്ട്.

യുബിഎസ്, സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോണ്‍, അബുദാബി സ്റ്റേറ്റ് ഫണ്ട് എഡിക്യു, ഫീനിക്സ് റൈസിംഗ്, വീഡിയോ കോണ്‍ഫറന്‍സ് സ്ഥാപനമായ സൂമിന്റെ സ്ഥാപകന്‍ എറിക് യുവാന്‍ എന്നിവരില്‍ നിന്ന് ബൈജു 350 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി റെഗുലേറ്ററി ഫയലിംഗുകള്‍ അറിയിച്ചതായാണ് ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ 16 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തെ മറികടന്നാണ് ഓണ്‍ലൈന്‍ പഠന സ്ഥാപനമായ ബൈജൂസ് നിലവിലെ ഫണ്ടിംഗ് റൗണ്ടില്‍ 16.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പായത്. കഴിഞ്ഞ 18 മാസത്തിനിടെ ബൈജൂസ് 1.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായാണ് കണക്കുകള്‍. ഇത് മുമ്പത്തെ മൊത്തം ഫണ്ടിംഗിനേക്കാള്‍ പലമടങ്ങ് കൂടുതലാണ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച കോവിഡ് പ്രതിസന്ധികാലഘട്ടത്തില്‍ വളര്‍ന്നതാണ് കമ്പനിക്ക് ഗുണകരമായത്.

കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കായി ബൈജൂസ് ഈ ഫണ്ട് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോഡിംഗ് സ്ഥാപനങ്ങളായ വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍, ഓഫ്‌ലൈന്‍ ടെസ്റ്റ് തയ്യാറാക്കല്‍ സ്ഥാപനങ്ങളായ ആകാശ്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡ്അപ്പ് എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബൈജൂസ് ഏറ്റെടുത്തിരുന്നു. പിന്നീടുള്ള രണ്ട് ഡീലുകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.

ബൈജൂസിന്റെ മൂല്യം 2020 ജനുവരി മുതലാണ് ഇരട്ടിയായത്. ടൈഗര്‍ ഗ്ലോബല്‍ നയിക്കുന്ന റൗണ്ടില്‍ എട്ട് ബില്യണ്‍ ഡോളര്‍ മൂല്യത്തോടെയായിരുന്നു ആ തുടക്കം. പിന്നീട് നാസ്പേര്‍സ്, ജനറല്‍ അറ്റ്ലാന്റിക്, ബി ക്യാപിറ്റല്‍, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റല്‍ എന്നിവരെയും നിക്ഷേപകരായി ലഭിച്ചു.
അക്ഷരം പഠിച്ചു തുടങ്ങുന്ന പിഞ്ചുകുട്ടികള്‍ മുതല്‍ ഹൈസ്‌കൂള്‍, കോളേജ് പ്രവേശന പരീക്ഷകള്‍ക്കും അതിനുമപ്പുറമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ കമ്പനി നല്‍കുന്നു. യുഎസിലും മറ്റ് വികസിത വിപണികളിലും ബൈജൂസിന് ഉപഭോക്താക്കളുണ്ട്. ഈ സാമ്പത്തിക വര്‍ഷം മാത്രം 22 ബില്ല്യണ്‍ ഡോളറിലധികം വരുമാനമുണ്ടാക്കിയതായാണ് ബൈജൂസിനെക്കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്.

Baijus has surpassed Paytm to become the most valuable startup in the country

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES