സംസാര വൈകല്യങ്ങള്‍ കുട്ടികളില്‍ കാണുകയാണെങ്കില്‍ ആ കുട്ടി ക്ക് സ്പീച്ച് തെറാപ്പിയോ, കേള്‍വിക്കുറവുള്ള കുട്ടിയാണെങ്കില്‍ ശ്രവണസഹായിയോ ആവശ്യമാണ്. സ്പീച്ച് തെറാപ്പിസ്റ്റിന് പരിശീലനത്തിലൂടെ കുട്ടിയുടെ ഭാഷയും ആശയവിനിമയരീതിയും മെച്ചപ്പെടുത്താന്‍ സാധിക്കും. പരിശീലനം ഫലവത്താകാന്‍ ചില അടിസ്ഥാനഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതില്‍ പ്രധാനം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ്.
സ്പീച്ച് തെറാപ്പിക്കൊപ്പം രക്ഷിതാക്കള്‍ വീട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുമ്പോഴും മറ്റും അവയെക്കുറിച്ച് ലളിതമായി സംസാരിക്കുന്നത് വലിയ മാറ്റങ്ങള്‍ വരുത്തും. കൂടാതെ ഇന്നത്തെ കുടുംബാന്തരീക്ഷത്തില്‍ ടി.വി. ഒരു പ്രധാന വില്ലനാണ്. ഇതിനൊരു സമയപരിധി ആവശ്യമാണ്.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പല്ലു തേപ്പിക്കുമ്പോഴും, അതായത് ദൈനംദിന കാര്യങ്ങള്‍ എന്തു ചെയ്യുമ്പോഴും ടി.വി.യുടെ സാന്നിധ്യം ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇത് കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടിയോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുക. മാതാപിതാക്കള്‍ കൂടുതലും ജോലിക്കാരായതിനാല്‍ പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എങ്കിലും കുട്ടിയുടെ ഉത്തമ ഭാവിക്കു വേണ്ടി രക്ഷകര്‍ത്താക്കള്‍ ചില വിട്ടുവീഴ്ചകള്‍ക്കു തയാറാകണം.
ഇത്തരത്തിലുള്ള കൂട്ടായ ശ്രമത്തിലൂടെ കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കാം. വൈകല്യത്തിന്റെ തീക്ഷ്ണതയനുസരിച്ച് പ്രശ്നപരിഹാരത്തിനുള്ള കാലയളവില്‍ വ്യതിയാനം ഉണ്ടാകുമെന്നുമാത്രം.