കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചെറിയ തടിപ്പുകള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാര്‍വൊവൈറസ് ബി 19 ബാധയാണ് ''ഫിഫ്ത് ഡിസീസ്'' എന്ന പേരില്‍ അറിയപ്പെടുന്നത്. കുട്ടികളില്‍, ശരീരത്തില്‍ തടിപ്പുകള്‍ക്ക് കാരണമാകുന്ന അഞ്ചാമത്തെ രോഗമായതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. മീസില്‍സ്, ചിക്കന്‍പോക്‌സ്, ജെര്‍മ്മന്‍ മീസില്‍സ് (റൂബെല്ല), റോസിയോള എന്നിവയാണ് ഇത്തരത്തിലുള്ള മറ്റ് നാല് രോഗങ്ങള്‍. എരിത്തീമ ഇന്‍ഫെക്ഷിയോസം എന്നാണ് വൈദ്യശാസ്ത്രപരമായി ഈ അവസ്ഥ അറിയപ്പെടുന്നത്. മുതിര്‍ന്നവരെക്കാള്‍ കൂടുതലായി കുട്ടികളെ ബാധിക്കുന്ന ഒരു സാംക്രമികരോഗമാണിത്. സാധാരണ, ഒരു തവണ വന്നുകഴിഞ്ഞാല്‍ അതിനോടുള്ള പ്രതിരോധശേഷി ശരീരം സ്വയം കൈവരിക്കുന്നതായി കാണാം.
ലക്ഷണങ്ങള്‍
1. മൂക്കൊലിപ്പ്
2. തൊണ്ടവേദന
3. തലവേദന
4. പനി
കുട്ടികളില്‍ രോഗാവസ്ഥ പുരോഗമിക്കുന്നതിനനുസരിച്ച്, ആദ്യം മുഖത്തും പിന്നീട് കൈത്തണ്ടകളിലും ഉരസ്സിലും കാലുകളിലും പാടുകള്‍ പ്രത്യക്ഷപ്പെടും. പ്രായപൂര്‍ത്തിയായവരില്‍ സന്ധിവേദനയും കാല്‍വണ്ണ, മണിബന്ധം, കൈകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ നീരും പ്രാത്യക്ഷപ്പെടും.
കാരണങ്ങള്‍
ഈ രോഗത്തിനു കാരണമാകുന്നത് പാര്‍വൊവൈറസ് ബി19 ആണ്. അണുബാധയുള്ള ആള്‍ തുമ്മുന്ന അവസരത്തിലും ചുമയ്ക്കുന്ന അവസരത്തിലും തെറിക്കുന്ന സ്രവ കണങ്ങളിലൂടെ (ഉമിനീര്‍, മൂക്കില്‍ നിന്നുള്ള സ്രവം) അണുബാധ പകരും.
അണുബാധയേറ്റ ആളിന് പനി/മൂക്കൊലിപ്പ് മാത്രമുള്ള അവസരത്തില്‍, പാടുകളും സന്ധിവേദനയും അനുഭവപ്പെടുന്നതിനു മുമ്പ്, വൈറസ് ബാധ പകരാനുള്ള സാധ്യത ഏറ്റവും അധികമായിരിക്കും. ഗര്‍ഭിണികള്‍ക്ക് ഫിഫ്ത് ഡിസീസ് ഉണ്ടെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിലേക്ക് രക്തത്തിലൂടെ്പകരും.
രോഗനിര്‍ണയം: മുഖത്തെ പ്രത്യേക ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധിക്കും. പ്രതിരോധശേഷിക്ക് തകരാറുള്ളവരും ഗര്‍ഭിണികളും രക്തപരിശോധന നടത്തുന്നതിന് നിര്‍ദേശിക്കും.
ചികിത്സ :സാധാരണഗതിയില്‍, ഫിഫ്ത് ഡിസീസ് സ്വയം ഭേദമാവും. തടിപ്പുകള്‍, പനി, വേദന എന്നിവ ലഘൂകരിക്കാന്‍ ലക്ഷ്യമിടുന്നതായിരിക്കും ചികിത്സ.പ്രതിരോധശേഷിക്ക് തകരാറുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ആവശ്യമായിര്‍വരും. ഇവര്‍ക്ക് ചിലപ്പോള്‍ രക്തം നല്‍കേണ്ടതും ഇമ്മ്യൂണോഗ്‌ളോബുലിന്‍ കുത്തിവയ്പ് നല്‍കേണ്ടതും ആവശ്യമായിവരും.
പ്രതിരോധം : ഇതിന്റെ പ്രതിരോധത്തിനായി കുത്തിവയ്പുകളൊന്നുമില്ല. രോഗം പകരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനായി ചില നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.
1. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
2. തുമ്മുന്ന അവസരത്തിലും ചുമയ്ക്കുമ്പോഴും വായ പൊത്തിപ്പിടിക്കുക
3. കണ്ണുകളിലും മൂക്കുകളിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
4. രോഗാവസ്ഥയില്‍ വീട്ടില്‍ തന്നെ കഴിയുക
5. അണുബാധയുള്ളവരുമായി അടുത്തിടപഴകാതിരിക്കുക