27 വര്‍ഷങ്ങള്‍ക്ക് ശേഷം ബെത്‌ലഹേമിലെ പ്രിയപ്പെട്ടവര്‍ ഒരിക്കല്‍കൂടി ഒത്തുകൂടുന്നു; 'സമ്മര്‍ ഇന്‍ ബത്ലഹേം' റീ റിലീസിന്

Malayalilife
 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബെത്‌ലഹേമിലെ പ്രിയപ്പെട്ടവര്‍ ഒരിക്കല്‍കൂടി ഒത്തുകൂടുന്നു; 'സമ്മര്‍ ഇന്‍ ബത്ലഹേം' റീ റിലീസിന്

ഒരിക്കല്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞില്‍ മങ്ങിയ ആ ഓര്‍മ്മകളെ വീണ്ടും ജീവിപ്പിക്കാന്‍, 'സമ്മര്‍ ഇന്‍ ബത്ലഹേം' പുതിയ തലമുറയ്ക്കായി അതിന്റെ മായാജാലം പുനര്‍സൃഷ്ടിക്കുന്നു.

1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്‌ളാസിക്കാണ്. സിബി മലയില്‍ - രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീരമായ റീ റിലീസിന് തയ്യാറെടുത്തത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.

കേരളത്തില്‍ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകള്‍ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍, സമ്മര്‍ ഇന്‍ ബത്ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കപ്പെടുമ്പോള്‍,ബെത്‌ലഹേമിലെ പ്രിയപ്പെട്ടവരേ ഒരിക്കല്‍കൂടി കാണാനുള്ള യാത്രയാണ് ഈ റീ റിലീസ് - അവരെ കണ്ടിട്ടില്ലാത്ത പുതിയ തലമുറയെയും കൂടെ കൂട്ടണം. ചില മാജിക് വെറുതെ സംഭവിക്കുന്നതല്ല; ഇതിഹാസങ്ങള്‍ ഒരുമിക്കുമ്പോഴാണ് അത് ഉണ്ടാകുന്നത്...'' എന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പറയുന്നു.

കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്ന ഈ ചിത്രം വീണ്ടും ആ സ്വരങ്ങളില്‍ ജീവിതം വീണ്ടെടുക്കുകയാണ്. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ റിലീസ് സമയത്ത് ഏറെ ജനപ്രീതി നേടിയ ചിത്രത്തെ അതിന്റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: ബോബന്‍, കോസ്റ്റ്യൂംസ്: സതീശന്‍ എസ്.ബി, മേക്കപ്പ്: സി.വി. സുദേവന്‍, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്‌മോസ് മിക്‌സ്:ഹരിനാരായണന്‍, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, ഡിസ്ട്രിബ്യൂഷന്‍: കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, പ്രോജക്ട് മാനേജ്‌മെന്റ്: ജിബിന്‍ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാര്‍ക്കറ്റിംഗ്: ഹൈപ്പ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: എം.കെ മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: അര്‍ജുന്‍ മുരളി, സൂരജ് സൂരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

summer in bethlehem re release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES