സോഷ്യല്‍ മീഡിയയില്ലാതെ ജീവിക്കാന്‍ പറ്റാതെയായി പലര്‍ക്കും. എന്തിനും ഏതിനും ഫെയ്‌സ്ബുക്കിലൊരു ഫോട്ടോ അപ്ലോഡ് ചെയ്തില്ലെങ്കില്‍ ഒരു ഗുമ്മില്ലെന്നാണ് വയ്പ്പ്. സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് തൃപ്തിയടയുക മാത്രമല്ല, ജനിച്ചു വീഴും മുന്‍പേ കുഞ്ഞുങ്ങളുടെ വിവരണങ്ങളും നിറവയറുമൊക്കെ അപ്ലോഡ് ചെയ്യലാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
പിന്നെ പിറന്നു വീണാലോ അപ്പോള്‍ തുടങ്ങി കുഞ്ഞിന്റെ ഓണ്‍ലൈന്‍ ജീവിതം. അവനറിയാതെ, അവന്റെ സമ്മതമില്ലാതെയാണ് അവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നത്. ഇങ്ങനെ കുഞ്ഞുങ്ങളെ ഫെയ്‌സ്ബുക്കിലും മറ്റും പ്രദര്‍ശന വസ്തുവാക്കുന്നത് അവരുടെ വരുംകാല ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വെസ്റ്റേണ്‍ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷക ജോവാന്‍ ഒര്‍ലാന്‍ഡോ പറയുന്നത്.
ചെറുപ്പക്കാരുടെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ അസഹിഷ്ണുതരാകുന്നവരാണ് നമ്മില്‍ അധികവും. അത്തരം ആളുകള്‍ക്ക് മറ്റുള്ളവരുടെ അത് സ്വന്തം കുട്ടികളുടെ ആയാലും ശരി പോസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടോ എന്ന് ജോവാന്‍ ചോദിക്കുന്നു. ഒരു കൊല്ലം കുട്ടികളുടെ 100 ല്‍പ്പരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുവെന്നും അപ്പോള്‍ അവരുടെ അഞ്ചാം പിറന്നാളിന് മുന്‍പ് അവര്‍ എത്ര തവണ ഫീച്ചര്‍ ചെയ്യപ്പെടുന്നുവെന്നും മാതാപിതാക്കള്‍ക്കുള്ള ചോദ്യമായി പഠനം മുന്നോട്ടു വയ്ക്കുന്നു. നിങ്ങളുടെ സമ്മതമില്ലാതെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് എത്രമാത്രം അലോസരമാകുമെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.
അവര്‍ കുത്തിക്കുറിക്കുന്ന ചിത്രങ്ങളും മൂളുന്ന പാട്ടുകളും നിഷ്‌കളങ്കമായ നൃത്തച്ചുവടുകളും കുറുമ്പുകളും ദേഷ്യപ്പെടലുകളും അവര്‍ പോലുമറിയാതെ പകര്‍ത്തി നാം നമ്മുടെ സന്തോഷത്തിനായി പോസ്റ്റു ചെയ്യുമ്പോള്‍ നാം പോലുമറിയാതെ കുഞ്ഞുങ്ങള്‍ ടാഗ് ചെയ്യപ്പെടുകയാണ്. അറിയാതെ അത്തരം ഉത്തരവാദിത്വങ്ങള്‍ അവരിലേയ്ക്ക് അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അത് ഭാവിയില്‍ കുട്ടികളെ ദോഷകരമായി ബാധിക്കുകതന്നെ ചെയ്യുമെന്ന് ജോവാന്‍ പറയുന്നു.
കുട്ടികളിലെ ചില സ്വഭാവവൈകല്യങ്ങളുടെ വിഡിയോകള്‍ പോലും പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്, മറ്റുള്ളവരില്‍ നിന്നും ഉപദേശമോ സഹതാപമോ ഉദ്ദേശിച്ചാവും മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അവരറിയാതെ ഒരു വലിയ തെറ്റ് ചെയ്യുകയാണ്. കുട്ടികളുടെ ചിത്രം പോസ്റ്റു ചെയ്യും മുന്‍പ് തിരിച്ചറിവുള്ള കുട്ടികളാണെങ്കില്‍ അവരോട് അനുവാദം ചോദിച്ചിട്ട് മാത്രം ചെയ്യുക. ഇല്ലെങ്കില്‍ വരും കാലത്ത് അവരുടെ ഇഷ്ടക്കേടിന് നിങ്ങള്‍ പാത്രമായെന്നുവരാം. അതിനാല്‍ സോഷ്യല്‍മീഡിയയില്‍ കുട്ടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കുക.
തോല്‍വികള്‍ അവരെ ശക്തരാക്കും
കുട്ടികള്‍ എന്നും എപ്പോഴും ജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. കുട്ടികളുടെ പരാജയങ്ങള്‍ അവരേക്കാള്‍ മാതാപിതാക്കളെയാണ് ബാധിക്കാറ്. പഠനത്തിലായാലും വെറും കളികളിലായാലും തങ്ങളുടെ മക്കള്‍ അല്‍പം താന്നു പോയാല്‍ പിന്നെ മാതാപിതാക്കള്‍ക്ക് ആധിയായി. വിജയങ്ങള്‍ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു. എന്നാല്‍ കുഞ്ഞുങ്ങള്‍ ഇടയ്‌ക്കൊക്കെ പരാജയങ്ങള്‍ അറിഞ്ഞ് വളരണമെന്നാണ് വിര്‍ജിനിയയിലെ ആംഷെസ്റ്റ് കോളജ് ആന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം പറയുന്നത്.
പരാജയങ്ങള്‍ അവരെ കൂടുതല്‍ ശക്തരാക്കുമത്രേ. തോല്‍വികളില്‍ നിന്ന് വിലയിരുത്താനും പുതിയ ക്‌ളൂകള്‍ കണ്ടെത്താനും അവരെ പ്രാപ്തരാക്കും. അതുകൊണ്ട് തന്നെ ഇടയ്‌ക്കൊക്കെ ചെറിയ തോല്‍വികളും പരാജയങ്ങളുമൊക്കെ ആവശ്യമാണത്രേ. തോറ്റു പോയെന്നോര്‍ത്ത് വിഷമിക്കാതെ പറ്റിയ തെറ്റെന്താണെന്ന് കണ്ടെത്തി അത് തിരുത്താന്‍ അവര്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണെന്ന് ഓര്‍മ വേണം.
കുഞ്ഞുങ്ങള്‍ പരീക്ഷയിലോ കളികളിലോ പിന്നോക്കമായി വരുമ്പോള്‍ വഴക്കു പറയാതെ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാം. പ്രചോദനങ്ങള്‍ നള്‍കി അവരെ വഴികാട്ടാം. തോല്‍വികളിലൂടെയും അവര്‍ വിജയത്തിന്റെ മധുരം നുണയട്ടെ. അതവര്‍ക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ നല്‍കുന്ന പാഠം വളരെ വലുതായിരിക്കും.