കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം തന്നെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. അതുപോലെ തന്നെ സാമൂഹികാകലം പാലിക്കേണ്ടതും നിര്‍ബന്ധമാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്ക് ധാരാളം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്.
കുട്ടികളുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമായ നിര്‍ദേശങ്ങള്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. അഞ്ച് വയസോ, അതിന് താഴെയോ പ്രായമുള്ള കുഞ്ഞുങ്ങളെ മാസ്‌ക് ധരിപ്പിക്കേണ്ടതില്ലെന്നാണ് മാര്‍ഗനിര്‍ദേശം.
ആറ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ അവര്‍ക്ക് പാകമാകുന്ന തരത്തിലുള്ള മാസ്‌ക് ധരിപ്പിക്കുകയും. അത് ധരിക്കുന്നത് മുതല്‍ ഒഴിവാക്കുന്നത് വരെ അവരെ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മൂക്കും വായും മൂടിയ നിലയില്‍ തന്നെയാണ് മാസ്‌ക് ധരിച്ചിരിക്കുന്നതെന്നും, മാസ്‌കില്‍ കൈ കൊണ്ട് സ്പര്‍ശിക്കുന്നില്ലെന്നും, മറ്റുള്ളവരുടെ മാസ്‌കുമായി കൈമാറുന്നില്ലെന്നും മറ്റും മുതിര്‍ന്നവര്‍ നിരന്തരം ഉറപ്പിക്കുക.
11 മുതല്‍ മുകളില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇതിനായി മാതാപിതാക്കളോ, മറ്റ് മുതിര്‍ന്നവരോ അവരെ കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍, അതത് കേസുകളുടെ സ്വഭാവത്തിനനുസരിച്ച് ഡോക്റുടെ അഭിപ്രായം കൂടി തേടിയ ശേഷം മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. ക്യാന്‍സര്‍, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും രോഗമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്. ഇക്കാര്യവും മുതിര്‍ന്നവര്‍ കരുതുക.