കുട്ടികള്‍ ജനിച്ച് രണ്ടുവര്‍ഷത്തിനകം തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും നടക്കും. അതിനാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷങ്ങള്‍ പ്രധാനമാണ്. ഈ സമയത്ത് കുട്ടികള്‍ക്ക് ഉണ്ടാവുന്ന മാരകമായ രോഗങ്ങള്‍ പലതും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ ബാധിച്ചേക്കാം.കുട്ടികളുടെ വളര്‍ച്ച സാധാരണ നിലയിലല്ലെങ്കില്‍ നേരത്തേതന്നെ ഡോക്ടര്‍മാരെ കണ്ടെത്തി ചികിത്സ തേടേണ്ടതാണ്.
കുടുംബത്തില്‍ തുടങ്ങാം
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടിത്തറയെന്നു പറയുന്നത് കുടുംബമാണ്. അവിടുന്നു ലഭിക്കുന്ന അനുഭവങ്ങള്‍ അവന്റെ ജീവിതാന്ത്യത്തോളം നിലനില്ക്കുന്നു.പേടിയും സ്ട്രെസും ഉള്ള അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ ഭാവനാശക്തിയും ക്രിയാത്മകതയും വളരെ പുറകിലാകാം.
അഭിരുചികള്‍ കണ്ടെത്തണം
കുട്ടികള്‍ക്ക് ഭയമുണ്ടാക്കുന്നവിധമുള്ള അന്തരീക്ഷത്തില്‍ ഒരിക്കലും കുട്ടികളെ വളര്‍ത്തരുത്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് ഒരിക്കലും കുട്ടികളുടെ മുന്‍പില്‍വച്ചാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പഠനങ്ങള്‍ക്കും കളികള്‍ക്കും ശരിയായ പ്രോത്സാഹനം നല്‍കുന്ന അന്തരീക്ഷം വീടുകളില്‍ ഉണ്ടാവണം.
പത്തുവയസ് ആകുമ്പോഴേയ്ക്കും കുട്ടികളിലെ ഭാവനാശേഷിയും ചിന്താശേഷിയും രൂപപ്പെട്ടിരിക്കും. സംഗീതത്തോടോ നൃത്തത്തോടോ ചിത്രരചനയോടോ ഒക്കെ കുട്ടികള്‍ ഈ സമയത്ത് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ തീര്‍ച്ചയായും പത്തുവയസിനുള്ളില്‍ ഈ ക്ലാസുകള്‍ക്ക് അയയ്ക്കുക.
കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ വളരെയധികം കാര്യങ്ങള്‍ ഓര്‍ത്തിരിക്കുവാനും പഠിക്കുവാനും കഴിയും. വളരെ ചെറുപ്പത്തില്‍തന്നെ ഒന്നിലധികം ഭാഷകളും വിഷയങ്ങളും വളരെ എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ക്ക് സാധിക്കും.
താല്പര്യങ്ങള്‍ അറിയുക
കുട്ടികള്‍ക്ക് സ്വയം താല്പര്യംതോന്നി, എന്തു കാര്യവും പഠിച്ചാല്‍ ആ വിഷയത്തില്‍ മിടുക്കരാകും. പല ഭാഷകള്‍ പഠിക്കാന്‍ ചെറുപ്പത്തിലേ താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടിയെ ആ ഭാഷകള്‍ പഠിപ്പിച്ചാല്‍ അവര്‍ വേഗം പഠിച്ചുകൊള്ളും. അല്ലാതെ മാതാപിതാക്കളുടെ താല്പര്യവും ഇഷ്ടവും അവരില്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.