പഠനത്തിന് അധിക സമയം ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിനോദങ്ങള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കും വളരെ കുറച്ച് സമയം മാത്രമാണ് നീക്കിവയ്ക്കുന്നത്.ഈ പ്രക്രിയ നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസപരമായ വെല്ലുവിളികളെ അല്ലെങ്കില്‍ പരാജയങ്ങളെ പ്രതീക്ഷിക്കുന്നവരോ അല്ലെങ്കില്‍ അതേക്കുറിച്ച് ബോധമുള്ളവരോ ആയിരിക്കും.ഈ ചിന്തകള്‍ മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം. ഇത്തരം അവസ്ഥയെയാണ് അക്കാഡമിക് സ്‌ട്രെസ് അഥവാ പഠനസംബന്ധമായ മാനസിക സമ്മര്‍ദം എന്ന് പറയുന്നത്.പഠന തലത്തിലുള്ള സമ്മര്‍ദം വിദ്യാര്‍ത്ഥിയുടെ പ്രകടനത്തെ ബാധിക്കുന്ന ഒരു തടസ്സമായിട്ടാണ് കണക്കാക്കുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരായിരിക്കും. ചില വിദ്യാര്‍ത്ഥികള്‍ മാറ്റമില്ലാതെ ചെറുത്തുനില്‍ക്കും.
എന്നാല്‍, അതിനു കഴിയാത്തവര്‍ പിരിമുറുക്കത്തെ അതിജീവിക്കാനായി ഇനിപറയുന്ന ബദല്‍ സ്വഭാവങ്ങളില്‍ ആശ്രയം തേടിയേക്കാം; അമിതമായി അല്ലെങ്കില്‍ വളരെ കുറച്ച് ഭക്ഷണം കഴിക്കുക, ജങ്ക് ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ മയക്കുമരുന്നു ദുരുപയോഗം തുടങ്ങിയവ.ഉടനെ അല്ലെങ്കില്‍ കാലക്രമേണ, നല്ല രീതിയില്‍ പ്രകടനം കാഴ്ചവയ്ക്കാനാവാത്തതു കാരണം വിദ്യാര്‍ത്ഥി വിഷാദരോഗത്തിന് അടിമപ്പെടുകയും അത് അവന്റെ/അവളുടെ പഠനം ഇടയ്ക്കുവച്ച് ഉപേക്ഷിക്കാന്‍ കാരണമാവുകയും ചെയ്‌തേക്കാം.
ചില കേസുകളില്‍, സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ത്ഥിയില്‍ ആത്മഹത്യാ ചിന്തകള്‍ ഉയരുകയും പിന്നീട് അവന്/അവള്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള പ്രേരണയുണ്ടാവുകയും ചെയ്‌തേക്കാം.എന്നാല്‍, ഈ പ്രശ്‌നം നേരത്തെ തന്നെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുകയും പ്രശ്‌നത്തെ അഭിമുഖീകരിക്കാനുള്ള തന്ത്രങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്താല്‍ വൈഷമ്യം കുറയ്ക്കാന്‍ കഴിയും. നല്ലരീതിയില്‍ പ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കാനും ഇത് സഹായകമാവും.
പിരിമുറുക്കത്തിന്റെ കാരണങ്ങള്‍.
a) സ്വപ്രേരണയാലുള്ളത് b) മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള സമ്മര്‍ദം c) അധ്യാപകരില്‍ നിന്നുള്ള സമ്മര്‍ദം d) പരീക്ഷയുമായി ബന്ധപ്പെട്ടത് e) മനോരോഗ ചരിത്രം
പിരിമുറുക്കം തിരിച്ചറിയല്‍
a) ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക b) ഉറക്കമില്ലായ്മ c) ആശയക്കുഴപ്പം d) അസ്വസ്ഥത പ്രദര്‍ശിപ്പിക്കുക e) അധൈര്യം f) തുടര്‍ച്ചയായി സ്‌കൂളില്‍/കോളജില്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിക്കുക g) ഭയം h) സ്‌കൂള്‍/കോളജ് കാര്യങ്ങളില്‍ താല്പര്യമില്ലായ്മ.
നേരിടാനുള്ള വഴികള്‍:
1) ഒഴിവാക്കുക:
പിരിമുറുക്കം നല്‍കുന്ന ഒരു സാഹചര്യം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്നുവരില്ല. അത് ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളെ ശല്യപ്പെടുത്തുന്ന നിഷേധാത്മക ചിന്തകള്‍/സാഹചര്യങ്ങള്‍ അല്ലെങ്കില്‍ ആളുകളില്‍ നിന്ന് കുറച്ചു നേരത്തേക്ക് ഒഴിഞ്ഞു നില്‍ക്കുക എന്നാണ് 'ഒഴിവാക്കല്‍' കൊണ്ട് അര്‍ത്ഥമാക്കുന്നത്.
2) പ്രവര്‍ത്തനം:
നിങ്ങള്‍ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഏതെങ്കിലും പ്രവൃത്തിയില്‍ മുഴുകുക. അങ്ങനെ നിങ്ങളെ വിഷമിപ്പിക്കുന്ന ചിന്തകളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയും. പാട്ടു കേള്‍ക്കല്‍, കളികള്‍, സിനിമ കാണല്‍, നടത്തം, യോഗ, വ്യായാമം അങ്ങനെ താല്പര്യമുള്ള എന്തിലും മുഴുകാം. ദിവസം കഴിയുന്തോറും നിങ്ങളുടെ മാനസികനില മെച്ചപ്പെടുകയും നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാവുകയും ചെയ്യും.
3) വിശകലനം:
നിങ്ങള്‍ക്ക് ശക്തിയും ദൗര്‍ബല്യവുമുള്ള മേഖലകള്‍ തിരിച്ചറിയുക. ദൗര്‍ബല്യം മറികടക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഇല്ല എങ്കില്‍, ഇത് അതിനുള്ള സമയമാണ്.
4) അംഗീകരിക്കുക:
''പിരിമുറുക്കം'' സ്വാഭാവികവും ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. ചില വിഷയങ്ങള്‍, സാഹചര്യങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവ പിരിമുറക്കത്തിന്റെ സ്രോതസ്സ് ആയേക്കാം. നിങ്ങള്‍ക്ക് അത് മാറ്റാന്‍ കഴിയില്ല. എന്നാല്‍, അവ എങ്ങനെയാണോ ആ രീതിയില്‍ അവയെ അംഗീകരിക്കാനും മുന്നോട്ടു പോകാനും പഠിക്കുക.
5) ശ്രമം:
ഒറ്റ ദിവസം കൊണ്ട് പിരിമുറുക്കമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളെയും ഭംഗിയായി നേരിടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് വരില്ല. 'പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യാം, എന്നാല്‍ പരിശ്രമം നടത്തുന്നതില്‍ പരാജയപ്പെടരുത്' എന്ന കാര്യം മറക്കാതിരിക്കുക.
6) സമീപനം:
പിരിമുറുക്കം നല്‍കുന്ന എല്ലാ സാഹചര്യങ്ങളെയും നിഷേധാത്മകമല്ലാത്ത കാഴ്ചപ്പാടില്‍ ഒരു അവസരമായി കാണുക. നിങ്ങള്‍ക്ക് വേണ്ടി യുക്തിപരമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ഇപ്പോഴുള്ളതിനെ അംഗീകരിക്കുകയും ചെയ്യുക. ക്രമേണ മുന്നേറുക. പിരിമുറുക്കം നിറഞ്ഞ ഒരു സാഹചര്യത്തെ വിജയകരമായി മറികടക്കുമ്പോള്‍ ആത്മപ്രശംസ നടത്തുക; ഇത് ഇനിയും ഇത്തരം സാഹചര്യങ്ങളെ നേരിടുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസവും ശക്തിയും പകരും. പഠനത്തിനും വിശ്രമത്തിനും സന്തുലിതമായ ഇടവേളകള്‍ നല്‍കുക. തമാശകളും സന്തോഷവും ജീവിതത്തില്‍ നിറയാന്‍ അനുവദിക്കുക.