യാത്ര പോകുമ്പോള്‍ കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യമാണ് പല അമ്മമാര്‍ക്കും ടെന്‍ഷനായിട്ട് വരുന്നത്. എന്ത് കൊടുക്കും, പോകുന്ന സ്ഥലത്ത് നല്ല ഭക്ഷണം കിട്ടുമോ അങ്ങനെ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് ഈ പ്രശ്‌നം പ്രധാനമായും വരുന്നത്. ഇത് കാരണം പല അമ്മമാരും യാത്രകള്‍ പോലും ഒഴിവാക്കാറുണ്ട്.
യാത്ര പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു സെര്‍ലാക്ക് തയാറാക്കാം
വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് മഖാന അഥവ താമരവിത്ത്. പൊതുവെ ഇത് അധികം ആളുകള്‍ ഉപയോഗിക്കാറില്ലെങ്കിലും ഇതിന്റെ ഗുണങ്ങള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയില്ല. ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ കുഞ്ഞുങ്ങളുടെ എല്ലിന് നല്ലതാണ് ഈ മഖാന. ധാരാളം അവശ്യ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത് കൊടുത്ത് തുടങ്ങാവുന്നതാണ്. മൂന്ന് ദിവസം കൊടുത്ത് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കൊടുക്കാന്‍ ശ്രമിക്കുക.
ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതാണ് അരി. ഇത് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. പ്രോട്ടീനും വൈറ്റമിന്‍ ബിയും കാല്‍സ്യവുമൊക്കെ നല്‍കുന്ന അരി പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ആറ് മാസം കഴിഞ്ഞ് കട്ടിയുള്ള ആഹാരം കഴിക്കാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അരി നല്‍കാവുന്നതാണ്. അരിയ്‌ക്കൊപ്പം പച്ചക്കറികളും ധാന്യങ്ങളുമൊക്കെ ചേര്‍ത്ത് വേവിച്ച് ഉടച്ച് നല്‍കാവുന്നതാണ്.
വ്യത്യസ്തമായ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് നട്‌സുകള്‍. ബദാം, കശുവണ്ടി എന്നിവ കുഞ്ഞുങ്ങള്‍ നല്‍കുന്നത് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. നല്ല തരിയായി പൊടിച്ചോ അല്ലെതെ ഉടച്ചോ കുഞ്ഞുങ്ങള്‍ക്ക് നട്‌സ് നല്‍കാവുന്നതാണ്. മാത്രമല്ല വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബുദ്ധി വളര്‍ച്ചയ്ക്ക് വളരെ മികച്ചതാണ് നട്‌സുകള്‍.
കുഞ്ഞുങ്ങളുടെ തൂക്കം കൂട്ടാന്‍ വളരെ നല്ലതാണ് അവല്‍. ദഹനത്തിനും നല്ലതാണ് അവല്‍. വ്യത്യസ്തമായ രീതികളില്‍ അവല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്. അയണിന്റെ അളവ് ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. വിളര്‍ച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഏറെ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
വയര്‍ നിറയ്ക്കാന്‍ വളരെ മികച്ചതാണ് ഓട്‌സ്. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ഇത് കുഞ്ഞുങ്ങളുടെ ദഹനത്തിന് വളരെയധികം സഹായിക്കാറുണ്ട്. മലബന്ധം പോലെയുള്ള കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളെ മാറ്റാനും ഓട്‌സ് സഹായിക്കും. കുഞ്ഞുങ്ങളുടെ വയര്‍ നിറയ്ക്കാന്‍ മികച്ചതാണ് ഓട്‌സ്. ഇത് ആരോഗ്യപരമായും നല്ലൊരു ഭക്ഷണമാണ്.
സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രായഭേദമന്യേ എല്ലാ പ്രായകാര്‍ക്കും ഇത് കഴിക്കാവുന്നതാണ്. കുട്ടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ വളരെ നല്ലതാണ് സീഡ്‌സ് നല്‍കുന്നത്. പോഷകങ്ങളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് സീഡ്‌സ്. ഒമേഗ 3 ഫാറ്റി ആസിഡ് ബുദ്ധിക്കും കണ്ണിനുമൊക്കെ വളരെ നല്ലതാണ്.
ആദ്യം തന്നെ ഒരു കപ്പ് അരിയും ചെറുപയര്‍ പരിപ്പും അല്‍പ്പം ജീരകവും നന്നായി കഴുകി ഉണക്കിയെടുക്കുക. ഇനി അത് ചെറു തീയില്‍ ഒന്ന് റോസ്റ്റ് ചെയ്ത് മാറ്റി വയ്ക്കാം. അതിന് ശേഷം അര കപ്പ് താമരവിത്തും ചെറു തീയില്‍ റോസ്റ്റ് ചെയ്ത് വയ്ക്കാം. അര കപ്പ് അവിലും ഓട്‌സും കഴുകി വ്യത്തിയാക്കി എടുത്ത് ചെറു തീയില്‍ റോസ്റ്റ് ചെയ്ത് എടുക്കാം. ഇനി ഇഷ്ടമുള്ള നട്‌സുകളും സീഡ്‌സും എടുക്കാം. കശുവണ്ടി, ബദാം, മത്തങ്ങ വിത്ത് എന്നിവയൊക്കെ എടുക്കാവുന്നതാണ്. വാള്‍നട്‌സും ചേര്‍ക്കാവുന്നതാണ്. ഇതും ചെറു തീയില്‍ ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക. ഇനി ഇവയെല്ലാം മിക്‌സിയിലിട്ട് പ്രത്യേകം പൊടിച്ച് എടുക്കുക. നട്‌സ് ഒരിക്കലും അരയ്ക്കരുത് പള്‍സ് അടിച്ച് പൊടിച്ച് എടുക്കാന്‍ ശ്രദ്ധിക്കുക. എല്ലാം പൊടിച്ച് വച്ച ശേഷം 3 സ്പൂണ്‍ എടുത്ത് അല്‍പ്പം വെള്ളത്തില്‍ നന്നായി കുറുക്കി എടുക്കുക. ഈന്തപ്പഴത്തിന്റെ പകുതി മിക്‌സിയിലടിച്ച് ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്.