'കരയുന്ന കുഞ്ഞിനേ പാലുള്ളൂ'' ഇവിടെ കുഞ്ഞിന്റെ കരച്ചിലിനെക്കുറിച്ചാണ് പറയുന്നതെങ്കിലും അര്‍ത്ഥമാക്കുന്നത് അതുമാത്രമല്ല. എന്നാല്‍, ഇനി പറയാന്‍ പോകുന്നത് കുഞ്ഞുങ്ങളുടെ കരച്ചില്‍ എന്ന വിഷയത്തെക്കുറിച്ചു മാത്രമാണ്. ഈ പഴഞ്ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. രണ്ട് വയസ്സുവരെ ഒരു കുഞ്ഞിന് തന്നിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ കരച്ചില്‍ മാത്രമേ വഴിയുള്ളൂ. കരച്ചില്‍ പ്രയോജനപ്രദമായ ഒരു പ്രവൃത്തിയാണ്. കരയുന്ന കുഞ്ഞ് കൂടുതല്‍ ഓക്‌സിജന്‍ അകത്തേക്ക് വലിച്ചെടുക്കും. കരയുമ്പോള്‍ എല്ലാ മസിലുകള്‍ക്കും വ്യായാമം ലഭിക്കുമെന്നതിനാല്‍ ശരിയായ ശാരീരിക വികാസത്തിന് സഹായകമാവുകയും ചെയ്യും. സംസാരിക്കാന്‍ കഴിയുന്നതു വരെയുള്ള ഏക ആശയവിനിമയ മാര്‍ഗമാണ് കുഞ്ഞുങ്ങളുടെ കരച്ചില്‍.ഇവിടെ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്കായിരിക്കും കരയുന്നത് എന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.
തന്റെ വിവിധ ആവശ്യങ്ങളിലേക്ക് അമ്മയുടെ ശ്രദ്ധക്ഷണിക്കാനായിരിക്കും കുഞ്ഞ് കരയുന്നത്. സമാശ്വസിപ്പിക്കല്‍ വേണ്ടിവരുമ്പോഴും താഴെ പറയുന്ന ഏതെങ്കിലും കാരണത്താല്‍ അസ്വസ്ഥത തോന്നുമ്പോഴും ആണ് സാധാരണയായി കുഞ്ഞുങ്ങള്‍ കരയുന്നത്;
1. വിശപ്പ്
2. ശരീരവേദന മൂലം അസ്വസ്ഥത തോന്നുമ്പോള്‍
3. നനഞ്ഞ നാപ്പി അടക്കം പുറമേ നിന്നുള്ള ഏതെങ്കിലും വസ്തുക്കള്‍ മൂലം അസ്വസ്ഥത തോന്നുമ്പോള്‍
4. ഉറക്കം വരുമ്പോള്‍
വളരുന്ന കുഞ്ഞിന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് പരിപോഷണത്തിനു വേണ്ടിയുള്ള ആഹാരം. ഇത് ആദ്യത്തെ കുട്ടിയല്ല എങ്കില്‍ കുഞ്ഞ് ഉറക്കെ കരയുന്നതിനു മുമ്പ് കാണിക്കുന്ന സൂചനകളില്‍ നിന്ന് അമ്മയ്ക്ക് കാര്യം മനസ്സിലാവും. അടക്കിപ്പിടിക്കുമ്പോള്‍ കുഞ്ഞ് തലതിരിച്ച് അമ്മയുടെ കൈകളിലേക്ക് നോക്കുകയാണെങ്കില്‍ കുഞ്ഞിന് വിശക്കുന്നുവെന്നും ആഹാരം ആവശ്യമാണെന്നുമുള്ള സൂചനയായി കണക്കാക്കാം.കൈകള്‍ കുടിക്കുന്നതും വിശപ്പിന്റെ ലക്ഷണമായേക്കാം. ഇത്തരം സൂചനകള്‍ അമ്മയ്ക്ക് മനസ്സിലായില്ലെങ്കില്‍ കുഞ്ഞ് ഉടന്‍ കരച്ചില്‍ ആരംഭിക്കും. പാല്‍ നല്‍കിക്കഴിഞ്ഞാല്‍ കുഞ്ഞ് ശാന്തമാവും. ഇതോടെ, കുഞ്ഞ് ആഹാരത്തിനു വേണ്ടി കരയുന്നത് തിരിച്ചറിയാന്‍ അമ്മയ്ക്ക് സാധിക്കും.
കുഞ്ഞ് തന്റെ സന്ദേശങ്ങള്‍ കൈമാറുന്നത് വാക്കുകളിലൂടെയല്ല, കരഞ്ഞു കൊണ്ടാണ്, ഉറക്കെ കരഞ്ഞുകൊണ്ട്. കരച്ചില്‍ പെട്ടെന്നുള്ളതും തുടര്‍ച്ചയായുള്ളതുമായിരിക്കാം. കരയുന്നത് പല കാരണങ്ങള്‍കൊണ്ടാവാം. എന്നാല്‍ അതേക്കുറിച്ചൊന്നും ആലോചിക്കാതെ നിങ്ങള്‍ മരുന്നു കൊടുക്കാന്‍ ശ്രമിച്ചേക്കാം.കുട്ടിക്ക് മരുന്നുകള്‍ ഒന്നും ആവശ്യമില്ല എന്നു മാത്രമല്ല കടകളില്‍ നിന്ന് നേരിട്ടു ലഭിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗത്തിലും ഉറക്കമരുന്നുകള്‍ അടങ്ങിയിരിക്കുന്നു എന്നകാര്യവും മനസ്സിലാക്കുക. ഇത് കുട്ടി ഉറങ്ങാന്‍ മാത്രം സഹായിക്കും.
ദഹനക്കേട്, വയറുവേദന അല്ലെങ്കില്‍ ചെവി, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഉള്ള അണുബാധ മൂലമാകാം കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. അത് ഒരു പക്ഷേ, എന്തെങ്കിലും പ്രാണി കടിച്ചതുമൂലവും ആയിക്കൂടെന്നില്ല. ചൂട്, ചുവപ്പുനിറം, തടിപ്പ് മുതലായവ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുന്നത് അസ്വസ്ഥതയുള്ള ശരീരഭാഗം തിരിച്ചറിയാന്‍ സഹായിക്കും.
പുറമേ നിന്നുള്ള എന്തെങ്കിലും ഭൗതിക വസ്തുക്കള്‍ വേദനിപ്പിക്കുന്നതു മൂലവും കുട്ടി നിര്‍ത്താതെ കരഞ്ഞേക്കാം. ശ്രദ്ധാപൂര്‍വം പരിശോധിച്ച് ഇവ നീക്കംചെയ്യണം. കിടക്കയിലോ കളിപ്പാട്ടത്തിലോ ഉള്ള ചെറിയൊരു മുത്തു പോലും കുഞ്ഞിന് അസ്വസ്ഥത സൃഷ്ടിച്ചേക്കാമെന്ന് അറിയുക.
നനവുള്ളതോ അഴുക്കു നിറഞ്ഞതോ ആയ നാപ്പി ധരിച്ചുകൊണ്ട് ഒരു കുഞ്ഞിനും ഏറെ നേരം സുഖപ്രദമായി ഇരിക്കാനാവില്ല. ചില കുട്ടികള്‍ക്ക് ഉടന്‍ തന്നെ നാപ്പി മാറ്റേണ്ടി വരും. ചിലര്‍ അല്‍പ്പസമയം കഴിഞ്ഞ ശേഷമായിരിക്കും കരച്ചില്‍ ആരംഭിക്കുക.
തളര്‍ച്ചയും ക്ഷീണവും ഉള്ളതിനാല്‍ കുഞ്ഞ് ഉടന്‍ ഉറങ്ങിക്കൊള്ളുമെന്ന് നിങ്ങള്‍ ധരിച്ചേക്കാം. എന്നാല്‍, അത്ര പെട്ടെന്ന് ഉറങ്ങില്ല. കുട്ടി ഉറക്കം തൂങ്ങുകയും കരയാന്‍ തുടങ്ങുകയും ചെയ്യും. ഈ അവസരത്തില്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് സമാശ്വസിപ്പിക്കല്‍ ആവശ്യമാണ്, നിങ്ങള്‍ അടക്കിപ്പിടിക്കണമെന്നായിരിക്കും ആ സമയത്ത് കുഞ്ഞ് ആഗ്രഹിക്കുന്നത്. അപ്പോള്‍ മാത്രമാണ് കുഞ്ഞ് സുഖപ്രദമായ അവസ്ഥയില്‍ എത്തുന്നതും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും.
കുഞ്ഞുങ്ങള്‍ കരയുന്നതിന് എപ്പോഴും പ്രത്യേക കാരണം ഉണ്ടാവണമെന്നില്ല. ചിലയവസരങ്ങളില്‍, കുഞ്ഞുങ്ങള്‍ കരയുന്നതിന് യുക്തിപരമായ ഒരു കാരണവും ഉണ്ടാകണമെന്നില്ല, കുഞ്ഞുങ്ങള്‍ക്ക് ചെയ്യാന്‍ അറിയാവുന്ന ഒരേയൊരു കാര്യം കരച്ചിലാണ്!
കുഞ്ഞുങ്ങളുടെ എല്ലാ കരച്ചിലും ഒരേപോലെയായിരിക്കില്ല, അവയ്ക്ക് ഉയര്‍ച്ച താഴ്ചകളിലും സമയ ദൈര്‍ഘ്യത്തിലും വ്യത്യാസം ഉണ്ടെന്ന് നിങ്ങള്‍ താമസിക്കാതെ മനസ്സിലാക്കും. കാലക്രമേണ, നിങ്ങള്‍ക്ക് അവയുടെ അര്‍ത്ഥം തിരിച്ചറിയാനും കഴിയും. സൃഷ്ടിയുടെ വിസ്മയത്തെ അംഗീകരിക്കാനുള്ള ശ്രദ്ധക്ഷണിക്കലാണ് കുഞ്ഞുങ്ങളുടെ കരച്ചില്‍ എന്നും അത് നിങ്ങളും കുഞ്ഞുമായുള്ള, അപാരമായ ആനന്ദം നല്‍കുന്ന, ബന്ധം സ്ഥാപിക്കാന്‍ വേണ്ടിയാണെന്നും നിങ്ങള്‍ തിരിച്ചറിയും.