കുട്ടികളുടെ ബുദ്ധി ശക്തി കൂടണമെന്നുള്ള ആഗ്രഹമാണ് മിക്ക രക്ഷിതാക്കൾക്കും. അതിനായി അവർ പലതരത്തിലുള്ള മാർഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ വേണ്ട രീതിയില്‍ കുട്ടികളുടെ തലച്ചോറ് വികസിക്കാത്തതിന് ഒരു കാരണം അവരുടെ മാതാപിതാക്കള്‍ തന്നെയാണ്. ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില വസ്തുതകളാണ് ലോകപ്രശസ്തമായ മാസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഗവേഷകര്‍ പുറത്തുവിട്ട ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
എത്രമാത്രം കുട്ടികളോടൊപ്പം അച്ഛനും അമ്മയും എന്ന നിലയില്‍ സംസാരിക്കാറുണ്ട് നിങ്ങള്‍. കുട്ടികളോട് അങ്ങോട്ടുള്ള വണ്‍വേ സംസാരമല്ല ഉദ്ദേശിച്ചത്. അവരോട് ലയിച്ച് അവരോടൊപ്പം, അവരുമായി, ഇടപെഴകാറുണ്ടോ നിങ്ങള്‍. മാതാപിതാക്കള്‍ ഉള്‍പ്പടെ മുതിര്‍ന്നവര്‍ കുട്ടികളുമായി നടത്തുന്ന സംഭാഷണങ്ങള്‍ അവരുടെ തലച്ചോറിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് എംഐടിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
കുട്ടികളും മാതാപിതാക്കളുമായി ഭാഷ വികസിക്കുന്നതിനും ബുദ്ധി വികസിക്കുന്നതിനുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സംഭാഷണങ്ങള്‍ നടക്കണം. ഇതില്‍ അറിയാതെ തന്നെ ഏര്‍പ്പെടുന്ന മാതാപിതാക്കളുണ്ട്. നമുക്കത് അവരുടെ കുട്ടികളുടെ ബുദ്ധിശക്തി ശ്രദ്ധിച്ചാല്‍ മനസിലാകുകയും ചെയ്യും. ഇതിലൂടെ തന്നെ ഭാഷാ നൈപുണ്യവും സംസാരശേഷിയും ബുദ്ധികൂര്‍മതയും എല്ലാം വരുമത്രേ.
കുട്ടികള്‍ സംസാരിക്കുന്നതില്‍ വ്യക്തത വേണമെന്നൊന്നുംഒരു നിര്ബന്ധവും ഉണ്ടാകണമെന്നില്ല. അങ്ങോട്ടും അവര്‍ ഇങ്ങോട്ട് പറയുമ്പോള്‍ പറയുക തന്നെ. ടെക് ഉപകരണങ്ങളുടെ കൈയിലേക്ക് വെറുതെ കുട്ടികളെ എറിഞ്ഞു കൊടുത്ത് സംഭാഷണങ്ങള്‍ ഇല്ലാതെ വളര്‍ത്തിയാല്‍ ഭാവിയില്‍ വലിയ പ്രത്യാഘാതമായിരിക്കും അനുഭവിക്കേണ്ടി വരുക.
എന്നും സമയം കുട്ടികളുമായി സംഭാഷണം നടത്താന്‍ കണ്ടെത്തു. അത് നിര്‍ബന്ധമാണ്. മറ്റെന്തിനേക്കാളും മുന്‍ഗണന മാതാപിതാക്കള്‍ എന്ന നിലയില്‍ അതിന് നിങ്ങള്‍ നല്‍കിയേ മതിയാകൂ. പഠനത്തില്‍ പ്രത്യേകം തന്നെ വെറുതെ കുട്ടിയുടെ തലയിലേക്ക് എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള സംസാരമല്ല വേണ്ടതെന്ന് പറയുന്നുണ്ട്.