Latest News

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ശ്രദ്ധയോടെ നോക്കികാണേണ്ട പ്രായമാണ് കുട്ടിക്കാലം; മാതാപിതാക്കള്‍ അറിയാന്‍

Malayalilife
 കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച  ശ്രദ്ധയോടെ നോക്കികാണേണ്ട പ്രായമാണ് കുട്ടിക്കാലം;  മാതാപിതാക്കള്‍ അറിയാന്‍

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച മാതാപിതാക്കള്‍ വളരെ ശ്രദ്ധയോടെ നോക്കികാണേണ്ട പ്രായമാണ് കുട്ടിക്കാലം. ശാരീരികവളര്‍ച്ചയോടൊപ്പം തലച്ചോറും വികസിക്കുന്ന ഈ കാലഘട്ടത്തില്‍ ബുദ്ധിവളര്‍ച്ചയ്ക്കു സഹായിക്കുന്ന കളികളും മറ്റും മാത്രം പോരാ, നല്ല ഭക്ഷണവും അത്യാവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലേ നല്ല ബുദ്ധി പ്രവര്‍ത്തിക്കൂ. എന്നാല്‍ ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്‌കാരം കുട്ടികളുടെ നാവിന്റെ രുചിയെ കൈയ്യടിക്കിരിക്കുകയാണ്. ഇതു തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് അപകടകരമാണ് താനും. കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ മാതാപിതാക്കള്‍ ഒരല്‍പ്പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടിയിരിക്കുന്നു. അച്ഛന്റെ ഒരു ബീജവും അമ്മയുടെ ഒരു അണ്ഡവും കൂടി യോജിച്ചുണ്ടാകുന്ന ഭ്രൂണം ഒരു മനുഷ്യനായി പൂര്‍ണരൂപത്തിലെത്തുന്നത് ഭക്ഷണം കഴിച്ചുതന്നെയാണ്. ശരാശരി 70നും 80നും ഇടയിലുള്ള പോഷകങ്ങള്‍ ഒരു ദിവസം ഇതിനായി ആവശ്യമുണ്ട്. നല്ല കൊളസ്ടോള്‍, വിറ്റമിന്‍ സി, കെ, ഇ, ബി 12, ബി 6, ഫോളിക് ആസിഡ്, ഫ്രക്ടോസ്, സിങ്ക്, സെലിനിയം, ലൈക്കോപീന്‍, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. അവ ഏതൊക്കെയെന്ന് മനസ്സിലാക്കാം.

ഒമേഗ 3 അടങ്ങിയ മത്സ്യം

തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറെ ആവശ്യമായ ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ് ഉള്‍പ്പെടുന്ന എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍. മത്തി, അയല, ചൂര, കീരിച്ചാള, കൊഴിയാള, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3യുടെ കലവറയാണ്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കണം. മാംസഭക്ഷണത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ലത് കോഴിയിറച്ചിയാണ്. തൊലി കളഞ്ഞുവേണം കോഴിയിറച്ചി പാകം ചെയ്യാന്‍. കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ കഴിവതും നാടന്‍ കോഴി തന്നെ വാങ്ങുക. ബ്രോയിലര്‍ കോഴിയിറച്ചി ഒഴിവാക്കണം.

ചണത്തിന്റെ കുരു (ഫ്ളാക്സ് സീഡ്), സോയ, മത്തന്‍കുരു, ബദാം, വാള്‍നട്ട്, ഒലിവ് ഓയില്‍ എന്നിവയിലും എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. നല്ല േപ്രാട്ടീനായ എസന്‍ഷ്യല്‍ അമിനോ ആസിഡും തലച്ചോറിന്റെ വ ളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. നേരത്തെ സൂചിച്ചതുപേലെ മത്സ്യം, സോയാബീന്‍, ചണവിത്തുകള്‍, പാല്‍, മുട്ട, ബദാം, വാല്‍നട്ടുകള്‍, ഇറച്ചി എന്നിവ തന്നെയാണ് ഇവയുടെയും സ്രോതസ്സ്.

തൊലി കളയാത്ത ധാന്യങ്ങള്

തലച്ചോറിന് ആവശ്യമായ ഊര്‍ജം വളരെ സാവധാനം, മുടക്കമില്ലാതെ ലഭിച്ചുകൊണ്ടിരിക്കണം. അതുകൊണ്ടുതന്നെ ഗ്ലൈസീമിക്സ് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കണം. അതായത് പെട്ടെന്ന് ദഹിക്കുന്നവ. പഞ്ച സാരയുടെ അളവ് കൂടുതലുള്ളവയില്‍ നാരുകളുടെ അംശം കുറവായിരിക്കും. നാരുകളും മാംസ്യവും ധാരാളമുള്ള ധാന്യങ്ങളാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വേണ്ട ഊര്‍ജം സാവധാനം കൊടുക്കുന്നവ. അതായത് ഗോതമ്പ്, കൂവരക്, കടല-പയര്‍ വര്‍ഗങ്ങള്‍, കൂണ്‍ വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

പഴങ്ങള്‍ ഒഴിവാക്കരുത്

പഴവര്‍ഗങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയെയും അതുവഴി ബുദ്ധിയേയും ത്വരതപ്പെടുത്തുന്നു. പഴങ്ങളുടെ കൂട്ടത്തില്‍ ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ഓര്‍മക്കുറവിനെ പരിഹരിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റും എല്‍. കാര്‍നിറ്റീനും ഡിമെന്‍ഷ്യ, പാര്‍ക്കിണ്‍സ് രോഗം, അല്‍സ്ഹൈമേഴ്സ് എന്നിവയ്ക്ക് ഒരു മരുന്നു തന്നെയാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. പഴങ്ങള്‍ ജ്യൂസായി നല്‍കരുത്. അഥവാ ജ്യൂസ് അടിച്ചാലും നല്ലതുപോലെ മിക്സ് ചെയ്യുക. കാരണം അരിച്ചെടുക്കുമ്പോള്‍ കുറച്ച് തോതിലെങ്കിലും പോഷകങ്ങള്‍ നഷ്ടമാകും. ജ്യൂസില്‍ പഞ്ചാസാരയുടെ അളവ് കുറയ് ക്കുന്നതാണ് ഉത്തമം.

മത്തക്കുരുവില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തിയ്ക്ക് ഉത്തമമാണ്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഞരമ്പുകളുടെ ബലഹീനതയും ശ്രദ്ധക്കുറവിനും ഔഷധം തന്നെ. ബദാം, വാള്‍നട്ട്, കശുവണ്ടി, ഒലിവ് എണ്ണ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, ബൗദ്ധികപ്രവര്‍ത്തനങ്ങളെ (കൊഗ്നിറ്റീവ് ഫംങ്ഷന്‍) ത്വരിതപ്പെടുത്തുന്നു. ആപ്പിളില്‍ മാലെക് ആസിഡ്, ഫ്രക്ടോസ് എന്നിവ ഉണ്ട്. ഇത് തലച്ചോറിന്റെ ഉണര്‍വിനും ഊര്‍ജത്തിനും സഹായിക്കുന്നു.

ഇലക്കറികള്‍ കഴിക്കണം

മുരിങ്ങയില, പാലക്കില, മത്തനില, തഴുതാമയില, മല്ലിയില, കറിവേപ്പില എന്നിവയിലടങ്ങിയിക്കുന്ന ഫോളിക് ആസിഡ് ഹോമോസിസ്റ്റീന്‍ എന്ന അപകടകാരിയായ രാസപദാ ര്‍ഥത്തെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഈ രാസപദാര്‍ഥമാണ് അല്‍സ്ഹൈമേഴ്സ്, പക്ഷാഘാതം, ഹൃദയാഘാതം, ഡിമെന്‍ഷ്യ എന്നിവയ്ക്ക് കാരണം. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് എന്നിവയ്ക്ക് പരിഹാരമാണ്. വിറ്റമിന്‍ സി ഓരോ കോശങ്ങളുടെയും പ്രവര്‍ത്തനക്ഷമതയ്ക്ക് അത്യാവശ്യമാണ്. ബ്രൊക്കോളിയില്‍ ഉള്ള വിറ്റമിന്‍ കെ തലച്ചോറിന്റെ ശക്തിയും ബൗദ്ധിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കും. തേനിലെ ഫ്രക്ടോസ് ക്ഷീണമകറ്റാന്‍ സഹായിക്കുന്നു. കുട്ടികള്‍ക്ക് ദിവസം 200 - 300 ഗ്രാം പഴവര്‍ഗങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴങ്ങളും സാലഡ് രൂപത്തില്‍ ആകര്‍ഷമാക്കി നല്‍കാം. സൂപ്പും നല്ലതാണ്. വൈകുന്നേരങ്ങളില്‍ വീട്ടില്‍ തന്നെ തയാറാക്കുന്ന സ്നാക്കുകള്‍ നല്‍കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ബേക്ക് ചെയ്തതും ആവിയില്‍ വേവിച്ചതും. മൈദ കൊണ്ടുള്ള ബേക്കറി പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. ഉണങ്ങിയ പഴങ്ങളും നട്ട്സും കൊറിക്കാന്‍ കൊടുക്കാം. ഈന്തപ്പഴം, ഏത്തപ്പഴം എന്നിവ വളരെ ഗുണകരമാണ്.

Read more topics: # children-foods-for-health
children-foods-for-health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES