കുട്ടികളില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കത്തില്‍ ദുസ്വപ്‌നം കണ്ട് എഴുനേല്‍ക്കുക, കൂര്‍ക്കം വലി, ഉറക്കത്തില്‍ സംസാരിക്കുക തുടങ്ങിയവ. കൂര്‍ക്കം വലി, ശ്വാസമെടുക്കുന്നതിലെ പ്രശ്നം, ഉറക്കത്തിലെ സംസാരം, ഉറക്കത്തിനിടെ എഴുന്നേറ്റ് നടക്കല്‍ ഇങ്ങനെ തുടങ്ങുന്നു പലരുടെയും ഉറക്കത്തിലെ പ്രശ്നം. രക്ഷിതാക്കള്‍ ഇതിനെ കാര്യമായി കണക്കാക്കുന്നില്ലെങ്കിലും ഇങ്ങനെയുള്ള കുട്ടികളെ ചികിത്സയ്ക്ക് വിധേയരാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ തുടര്‍ച്ചയായുള്ള തലവേദനയ്ക്കും, വിഷാദത്തിനും, ഹൃദ്രോഗ പ്രശ്നങ്ങള്‍ക്കും കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുട്ടികള്‍ക്ക് ഓരോ പ്രായത്തിലും എത്ര മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമായും ലഭിച്ചിരിക്കണമെന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് നല്ല അറിവുണ്ടായിരിക്കണം. മൂന്ന് മാസം വരെയുള്ള കുഞ്ഞുങ്ങള്‍ മിനിമം 18 മുതല്‍ 19 മണിക്കൂര്‍ വരെ ദിവസം ഉറങ്ങിയിരിക്കണം. നാല് മുതല്‍ 11 മാസം വരെയുള്ളവര്‍ക്ക് 16-18 മണിക്കൂര്‍, ഒരു വയസിനും രണ്ട് വയസിനുമിടയില്‍ 15-16 മണിക്കൂര്‍, രണ്ട് വയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണെങ്കില്‍ 11 മുതല്‍ 14 മണിക്കൂര്‍, മൂന്ന് വയസ് മുതല്‍ അഞ്ച് വയസുവരയുള്ള കുട്ടികളാണെങ്കില്‍ 11 മുതല്‍ 13 മണിക്കൂര്‍, ആറ് വയസുമുതല്‍ 13 വയസ് വരെ ഒമ്പത് മുതല്‍ 11 മണിക്കൂര്‍, കൗമാര പ്രായക്കാരാണെങ്കില്‍ എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍. ഇങ്ങനെയാണ് കുട്ടികളുടെ ഉറക്കവുമായി ബന്ധപ്പെട്ട് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ നല്‍കുന്ന കണക്ക്.
കൂടുതലായി ഉറങ്ങുന്നതും പ്രശ്നം തന്നെ. രോഗമുള്ള അവസരങ്ങളിലാണ് കുഞ്ഞുങ്ങള്‍ കൂടുതലായി ഉറങ്ങുന്നത്. പഠിക്കുന്ന പ്രായത്തില്‍, കുട്ടികളിലും കൗമാരക്കാരിലും ഇത് സ്ഥിരം പരാതിയാണ്. മനസ്സിന്റെ ഒരു ചെറിയ മടി ഇതിലുണ്ടെന്നു നമുക്കെല്ലാം അറിയാവുന്നതാണ്. പഠിക്കാന്‍ പുസ്തകമെടുത്താലേ ഉറക്കം വരൂ. അല്ലാത്തപ്പോള്‍ ഇല്ല. ഇതു സാരമുള്ള പ്രശ്‌നമല്ല.