പങ്കാളിയുടെയും വീട്ടുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കില്‍ ഒരു കുഞ്ഞിനെ നോക്കല്‍ എളുപ്പമാകുമെങ്കിലും മുലയൂട്ടല്‍ ഒരമ്മയ്ക്ക് മാത്രം ചെയ്യാനാകുന്നതാണ്. കുഞ്ഞുചുണ്ടുകളിലെ ആദ്യ സ്വാദ്!
മുലയൂട്ടല്‍ കൃത്യമായി നടക്കുമ്പോള്‍ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ചില ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. പോഷകങ്ങള്‍ വേണ്ടുവോളമടങ്ങിയ മുലപ്പാല്‍ കുഞ്ഞിന്റെ ആദ്യ നാളുകളില്‍ ശരിയായ പോഷണങ്ങളും അണുബാധകളില്‍നിന്നുള്ള സംരക്ഷണവും നല്‍കുന്നു.
പ്രസവിച്ച് ആദ്യ മണിക്കൂറില്‍ തന്നെ അമ്മയ്ക്ക് മുലയൂട്ടാന്‍ തുടങ്ങാം. മുലയൂട്ടല്‍ ആദ്യമായി തുടങ്ങുന്ന അമ്മയ്ക്ക് ആശങ്കയും സംശയങ്ങളും സാധാരണമാണ്. മുലയൂട്ടാന്‍ ആരംഭിക്കുന്നതിനു മുന്നേ തന്നെ ഇതിന്റെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
കുഞ്ഞ് ജനിച്ച ശേഷം അമ്മ ആദ്യം ചുരത്തുന്ന പാല്‍ കൊളസ്ട്രം എന്നറിയപ്പെടുന്നു. പോഷകമൂല്യത്തില്‍ മുന്‍പന്തിയിലുള്ള കൊളസ്ട്രം കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കുഞ്ഞ് ജനിച്ച ഉടന്‍ തന്നെ മുലയൂട്ടാന്‍ ശ്രമിക്കുക. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉടന്‍ സാധിച്ചില്ലെങ്കില്‍, രണ്ട് ദിവസങ്ങള്‍ക്കുള്ളിലെങ്കിലും ഈ പാല്‍ കുഞ്ഞിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഒരു കുഞ്ഞ് പാല്‍ കുടിക്കാന്‍ തുടങ്ങുമ്പോള്‍ നടക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് റൂട്ടിംഗും സക്കിംഗും. അമ്മയുടെ മുലക്കണ്ണിലേക്ക് കുഞ്ഞ് തല തിരിക്കുന്നതിനെയാണ് 'റൂട്ടിംഗ്' എന്ന് പറയുന്നത്. പാല്‍ വലിച്ചു കുടിക്കുന്ന പ്രക്രിയയെ 'സക്കിംഗ്' എന്നും പറയുന്നു. ഈ രണ്ടു പ്രവൃത്തികളും കുഞ്ഞിന്റെ വളര്‍ച്ചയിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ്.
മുലയൂട്ടുമ്പോള്‍ ഇത് ശ്രദ്ധിക്കാം
• മുലയൂട്ടുന്നതിന് മുന്‍പ് അമ്മ വളരെ സുഖപ്രദമായ ഒരു സ്ഥാനത്തിരിക്കുക. എന്നിട്ട് വേണം കുഞ്ഞിനെ കൈയ്യിലെടുക്കാന്‍.
• കുഞ്ഞിന്റെ തല നേരെ പിടിക്കാതെ അല്‍പ്പം ചെരിച്ചുവെച്ച് പാല്‍ കൊടുക്കുക. ശരിയായ രീതിയിലല്ല കുഞ്ഞ് പാല്‍ കുടിക്കുന്നതെങ്കില്‍ അമ്മയ്ക്ക് മുലക്കണ്ണിന് വേദനയുണ്ടാവുകയും കുഞ്ഞിന് ആവശ്യത്തിന് പാല്‍ കിട്ടാതെ വരികയും ചെയ്യാം.
• കുഞ്ഞിന്റെ മൂക്ക് അമ്മയുടെ മുലക്കണ്ണിന് നേര്‍ വിപരീതമായി വരുന്ന വിധം പിടിക്കുക.
• കുഞ്ഞിന്റെ തല അല്‍പ്പം ഉയര്‍ത്തിക്കൊടുക്കുക.
• മുലക്കണ്ണ് കുഞ്ഞിന്റെ മേല്‍ച്ചുണ്ടില്‍ ഉരസുക. അപ്പോള്‍ കുഞ്ഞ് വാ തുറക്കും.
• കുഞ്ഞ് വാ തുറക്കുന്ന സമയം, അരിയോള ഉള്‍പ്പെടെയുള്ള ഭാഗം കുഞ്ഞിന്റെ വായില്‍ വെച്ചുകൊടുക്കുക.
• കുഞ്ഞ് കൃത്യമായി പാല്‍ കുടിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍, കുഞ്ഞിന്റെ വായില്‍ നിന്ന് വരുന്ന താളത്തിലുള്ള ചലനങ്ങളും പാല്‍ ഇറക്കുന്ന ശബ്ദവും ശ്രദ്ധിക്കുക.
മുലയൂട്ടുന്നതിന് പ്രധാനമായും അഞ്ച് രീതികളാണ് ഉപയോഗിക്കാറുള്ളത്.
ക്രാഡില്‍, അഥവാ ക്രോസ്-ക്രാഡില്‍ പൊസിഷന്‍
ക്രാഡില്‍, അഥവാ ക്രോസ്-ക്രാഡില്‍ പൊസിഷന്‍, കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണവും സൗകര്യപ്രദവുമായ ഒരു രീതിയാണ്. നവജാത ശിശുക്കള്‍ക്കും, പ്രത്യേകിച്ചും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഈ രീതി വളരെ അനുയോജ്യമാണ്.
സ്ഥാനം: ഒരു തൊട്ടിലില്‍ കിടക്കുന്നതുപോലെയാണ് ഈ രീതിയില്‍ കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ചേര്‍ത്തുപിടിക്കുന്നത്.
കുഞ്ഞിനെ പിടിക്കേണ്ട രീതി: കുഞ്ഞിന്റെ തല അമ്മയുടെ കൈമുട്ടിലോ കൈത്തണ്ടയിലോ താങ്ങിനിര്‍ത്തുക. അതേസമയം, അമ്മയുടെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് കുഞ്ഞിന്റെ ചെവികള്‍ക്ക് പിന്നില്‍ മൃദുവായി താങ്ങുനല്‍കാം. ഇത് കുഞ്ഞിന്റെ തല നേരെയും സുരക്ഷിതമായും ഇരിക്കാന്‍ സഹായിക്കുന്നു.
• മുലയൂട്ടല്‍: കുഞ്ഞിന്റെ ശരീരം അമ്മയുടെ ശരീരത്തോട് ചേര്‍ത്ത് പിടിക്കുകയും, തല അല്‍പം ഉയര്‍ത്തി മാറിടത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക. കുഞ്ഞ് പാല്‍ കുടിക്കാന്‍ തുടങ്ങിയാല്‍, കുഞ്ഞിന്റെ തലയ്ക്ക് താങ്ങായി തലയിണ വെച്ച് കൈമുട്ടുകള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാവുന്നതാണ്.
ഫുട്ബോള്‍ പൊസിഷന്‍
സിസേറിയന്‍ ശസ്ത്രക്രിയ കഴിഞ്ഞ അമ്മമാര്‍, വലിയ മാറിടങ്ങളുള്ളവര്‍, അല്ലെങ്കില്‍ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞ അമ്മമാര്‍ എന്നിവര്‍ക്ക് ഏറ്റവും അനുയോജ്യമായ മുലയൂട്ടല്‍ രീതിയാണ്.ഒരേ സമയം ഇരട്ടക്കുട്ടികളെ മുലയൂട്ടുന്നതിനും ഈ രീതി വളരെ ഫലപ്രദമാണ്.
സ്ഥാനം: ഈ രീതിയില്‍, കുഞ്ഞിനെ അമ്മയുടെ ശരീരത്തിന്റെ വശത്തുകൂടി, കൈകള്‍ക്കടിയിലൂടെ ചേര്‍ത്തുപിടിക്കുന്നു.
കുഞ്ഞിനെ പിടിക്കേണ്ട രീതി: അമ്മയുടെ കൈവെള്ള ഒരു ഫുട്ബോള്‍ പിടിക്കുന്നതുപോലെ കുഞ്ഞിന്റെ തലയെ താങ്ങിനിര്‍ത്തുന്നു. അതേസമയം, കൈത്തണ്ട കുഞ്ഞിന്റെ ശരീരത്തെ താങ്ങിപ്പിടിക്കുന്നു. ഈ രീതിയില്‍ കുഞ്ഞിന്റെ മുഖം അമ്മയ്ക്ക് വ്യക്തമായി കാണാനും, മുലയൂട്ടല്‍ ശരിയായ രീതിയിലാണോ എന്ന് ഉറപ്പുവരുത്താനും എളുപ്പമാണ്. ഇത് കുഞ്ഞിന്റെ തലയുടെ നിയന്ത്രണം നല്‍കുകയും, പാല്‍ കുടിക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
സൈഡ് ലൈയിംഗ് പൊസിഷന്‍, അഥവാ ചരിഞ്ഞു കിടന്നുള്ള മുലയൂട്ടല്‍
സ്ഥാനം: രാത്രികാലങ്ങളില്‍ മുലയൂട്ടാന്‍ അമ്മമാര്‍ സാധാരണയായി തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ്. ഈ രീതിയില്‍ അമ്മയും കുഞ്ഞും പരസ്പരം മുഖാമുഖം ചെരിഞ്ഞു കിടന്നുകൊണ്ട് മുലയൂട്ടുന്നു.
കുഞ്ഞിനെ പിടിക്കേണ്ട രീതി: അമ്മയുടെയും കുഞ്ഞിന്റെയും വയറുകള്‍ തമ്മില്‍ ചേര്‍ത്താണ് ഈ നിലയില്‍ പാല്‍ കൊടുക്കുന്നത്.
മുലയൂട്ടുന്നതില്‍ അമ്മയ്ക്കും കുഞ്ഞിനും ശീലമില്ലാത്ത ആദ്യത്തെ ദിവസങ്ങളില്‍ ഈ രീതി ഒഴിവാക്കുന്നതാണ് നല്ലത്.
മുലയൂട്ടുന്നതിനിടയില്‍ അമ്മ ഉറങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍, കുഞ്ഞിന്റെ ശ്വാസം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും, അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ശ്രദ്ധ നല്‍കുകയും വേണം. എന്നാല്‍ ശരിയായ പരിശീലനത്തിലൂടെ ഈ രീതി രാത്രികാലങ്ങളിലെ മുലയൂട്ടല്‍ എളുപ്പമുള്ളതാക്കുന്നു.
ലെയ്ഡ് ബാക്ക് പൊസിഷന്‍, അഥവാ റീക്ലൈനിംഗ് ബ്രെസ്റ്റ്ഫീഡിംഗ്
സിസേറിയന്‍ കഴിഞ്ഞ അമ്മമാര്‍ക്ക് നടുവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടെങ്കില്‍, ഇത് വളരെ ആശ്വാസം നല്‍കുന്ന ഒരു നിലയാണ്.
സ്ഥാനം: അമ്മ അല്പം ചരിഞ്ഞോ മലര്‍ന്നോ കിടന്ന്, കുഞ്ഞിനെ അമ്മയുടെ ശരീരത്തിന് മുകളില്‍ കമഴ്ത്തി കിടത്തി പാല്‍ കൊടുക്കുന്ന രീതിയാണ്.
കുഞ്ഞിനെ പിടിക്കേണ്ട രീതി: ഈ രീതി സ്വീകരിക്കുമ്പോള്‍, കുഞ്ഞിനെ കൈകള്‍ കൊണ്ട് കരുതലോടെ താങ്ങി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ മൂക്ക് മാറിടത്തില്‍ അമര്‍ന്ന് ശ്വാസം മുട്ടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ ശ്രദ്ധയും സുരക്ഷയും നല്‍കിയാല്‍ ലെയ്ഡ് ബാക്ക് പൊസിഷന്‍ വളരെ ഫലപ്രദമായ ഒരു മുലയൂട്ടല്‍ രീതിയായി ഉപയോഗിക്കാം.
കൊയ്മ ഹോള്‍ഡിംഗ് പൊസിഷന്‍, അഥവാ അപ്റൈറ്റ് പോസിഷന്‍
ചില പ്രത്യേക ശാരീരിക ബുദ്ധിമുട്ടുകളുള്ള കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മുലയൂട്ടല്‍ രീതിയാണ്. റിഫ്‌ലക്‌സ് (പാല്‍ തികട്ടി വരുന്ന അവസ്ഥ) അല്ലെങ്കില്‍ ചെവി വേദന പോലുള്ള അസ്വസ്ഥതകളുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ രീതി ആശ്വാസം നല്‍കുന്നു.
കുഞ്ഞിനെ പിടിക്കേണ്ട രീതി: ഈ രീതിയില്‍, കുഞ്ഞിനെ അമ്മയുടെ മടിയിലോ ഇടുപ്പിലോ (എളിയിലോ) നിവര്‍ത്തി ഇരുത്തിയാണ് പാല്‍ കൊടുക്കുന്നത്. ചെവി വേദനയുള്ളപ്പോള്‍ കുഞ്ഞ് കിടന്നു പാല്‍ കുടിക്കുന്നത് അസ്വസ്ഥത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഇരുന്നു പാല്‍ കുടിക്കുന്നത് കുഞ്ഞിന് ആശ്വാസം നല്‍കും.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും, ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കും പേശികള്‍ക്ക് ബലം കുറവായിരിക്കും. ഇത് മുലയൂട്ടലിന് ആവശ്യമായ വായ ചലിപ്പിക്കാനുള്ള കഴിവ് (ഓറല്‍ മോട്ടോര്‍ സ്‌കില്‍സ്) കുറയ്ക്കാന്‍ ഇടയാക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഒരു പ്രൊഫഷണലിന്റെ, പ്രത്യേകിച്ച് ഒരു ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നത് വളരെ പ്രയോജനകരമാണ്. അവര്‍ ഓറല്‍ മോട്ടോര്‍ സ്റ്റിമുലേഷന്‍ പോലുള്ള പരിശീലനങ്ങള്‍ നല്‍കി കുഞ്ഞുങ്ങളെ പാല്‍ വലിച്ചു കുടിക്കാന്‍ സഹായിക്കും.
തയ്യാറാക്കിയത് : ഡോ . ജോസഫ് സണ്ണി കുന്നശ്ശേരി