Latest News

കുട്ടികളിലെ പഠനവൈകല്യങ്ങള്‍ നേരത്തെ എങ്ങനെ തിരിച്ചറിയാം..!

Malayalilife
topbanner
കുട്ടികളിലെ പഠനവൈകല്യങ്ങള്‍ നേരത്തെ എങ്ങനെ തിരിച്ചറിയാം..!


സാധാരണകുട്ടികള്‍ക്ക് മനസിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ സാമാന്യബുദ്ധിയോ അതില്‍ കൂടുതലോ ഉള്ള ചില കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയെയാണ് പഠനവൈകല്യം എന്ന് പറയുന്നത്. ഇത് തിരിച്ചറിയാന്‍ കുട്ടിയോട് അടുത്തുനില്‍ക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം . മാതാപിതാക്കളും അധ്യാപകരും അത്തരത്തിലുളള കുട്ടികളുടെ കൂടെ നില്‍ക്കണം. അവരെ കുറ്റപ്പെടുത്തരുത്. 

പഠനത്തില്‍ മറ്റ് കുട്ടികളുടെ അതേ നിലവാരം പുലര്‍ത്താനാകാത്ത ചില കുട്ടികളുണ്ട്. എന്നാല്‍ പാഠ്യേതര വിഷയങ്ങളില്‍ ഇവരായിരിക്കും മുന്നില്‍. പഠനത്തിലെ പിന്നോക്കാവസ്ഥ കുട്ടികളില്‍ ഒരുതരം അന്തര്‍മുഖത്വം സൃഷ്ടിക്കും. പഠനവൈകല്യമായിരിക്കാം പ്രശ്നം. ഒരു പരിതിവരെ കുട്ടികളിലെ പഠനവൈകല്യം തിരിച്ചറിയാനുള്ള വഴികളാണ് താഴെ പറയുന്നത്. 

*ശ്രദ്ധക്കുറവ്

പഠനവൈകല്യമുള്ള കുട്ടികളുടെ പെരുമാറ്റം ചില അവസരത്തില്‍ അതിശയം സൃഷ്ടിച്ചെന്നിരിക്കാം. അശ്രദ്ധയോടെയുള്ള നടത്തം പലപ്പോഴും ഇത്തരത്തിലുള്ള കുട്ടികളെ തട്ടി വീഴുന്നതിന് ഇടയാക്കും. പടികള്‍ പോലും ശ്രദ്ധയോടെ കയറാന്‍ കഴിഞ്ഞില്ലെന്നിരിക്കും. എന്നാല്‍ നീന്തല്‍ മത്സരത്തില്‍ ഒന്നാമതെത്താന്‍ ഇവര്‍ക്കു കഴിഞ്ഞെന്നു വരും. ക്ലാസില്‍ അധ്യാപിക പറയുന്ന കാര്യങ്ങളോ കഥകളോ തമാശകളോ ഇവര്‍ ശ്രദ്ധിക്കില്ലായിരിക്കും. എങ്കിലും നന്നായി സംഗീതം ആസ്വദിക്കും. ഇങ്ങനെ എല്ലാ കാര്യത്തിലും വ്യത്യസ്തത കാണിക്കുന്ന ഇക്കൂട്ടര്‍ക്ക് വീട്ടിലെ ഫോണ്‍ നമ്പര്‍, അംഗങ്ങളുടെ പേര്, സ്ഥലം എന്നിവയൊന്നും ഓര്‍മിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

എന്നാല്‍  ഇക്കൂട്ടര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്യും. ഇവര്‍ ഗൃഹപാഠം ചെയ്യാറേ ഇല്ല. മറവിയാണ് അതിന് കാരണം. പക്ഷെ ചെറിയ മെഷീനുകള്‍, മോട്ടോറുകള്‍ എന്നിവയുടെ മെക്കാനിസത്തില്‍ സമര്‍ത്ഥരാണ്ഇവര്‍. ചെരിപ്പിടുമ്പോള്‍ കാലുകള്‍ പരസ്പരം മാറിപ്പോവുക. ഷൂലേസ് കെട്ടുന്നത് ശരിയാകാതിരിക്കുക, ഷര്‍ട്ടിന്റെ ബട്ടന്‍സ് നേരെ ഇടാതിരിക്കുക എന്നിവയൊക്കെ പഠനവൈകല്യമുള്ള കുട്ടികളില്‍ പൊതുവേ കണ്ടുവരാറുണ്ട്.

*അമ്മ വിളിച്ചാല്‍ കേള്‍ക്കില്ല

ഫോണ്‍ റിങ് ചെയ്യുന്നതും സഹോദരങ്ങള്‍ കരയുന്നതും ഇവര്‍ എളുപ്പത്തില്‍ തിരിച്ചറിയുമെങ്കിലും അമ്മയുടെ വിളി ഇവരുടെ കാതുകളില്‍ എത്താന്‍ പ്രയാസമാണ്. അമ്മ വിളിക്കുന്നത് അത്ര പെട്ടെന്നൊന്നും ഇത്തരം കുട്ടികള്‍ കേള്‍ക്കാറില്ല. ഇവര്‍ക്ക് ക്ലോക്കില്‍ നോക്കി സമയം പറയാനും കഴിയില്ല. ഭൂപടം ഉപയോഗിക്കാന്‍ അറിയില്ല. ആഴ്ചയിലെ ദിവസങ്ങള്‍, ഇന്നലെ, നാളെ ഇതെല്ലാം പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് നിശ്ചയമുള്ള കാര്യങ്ങളായിരിക്കില്ല. പലപ്പോഴും വ്യക്തികളുടെ പേര് പോലും ഇവര്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞെന്നുവരില്ല.

*എഴുത്തും വായനയും

എഴുതാന്‍ പെന്‍സില്‍ അല്ലെങ്കില്‍ പേന പിടിക്കുന്ന രീതി തന്നെ വിചിത്രമായിരിക്കും ഇത്തരം കുട്ടികള്‍ക്ക്. എഴുത്തെന്ന് കേള്‍ക്കുമ്പോഴെ കുട്ടിയില്‍ ഭയം തിങ്ങിനിറഞ്ഞിരിക്കും. മാത്രമല്ല പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് എഴുതാന്‍ പൊതുവെ മടിയായിരിക്കും. ഇനി എഴുതിയാല്‍ തന്നെ കൈയക്ഷരം വളരെ മോശവും. വാക്കുകള്‍ക്കിടയില്‍ കൊടുക്കേണ്ട അകലം കൊടുക്കാന്‍ ഇവര്‍ മറന്നുപോകും. കേട്ടെഴുതാന്‍ സാധിക്കാറില്ല. വളരെ സാവധാനത്തിലായിരിക്കും ഇത്തരം കുട്ടികള്‍ എഴുതുന്നത്. അതുപോലെ ബോര്‍ഡില്‍ നോക്കി എഴുതിയെടുക്കാനും സാധിക്കാറില്ല.

അതുകൊണ്ട് നോട്ടുകളൊന്നും പൂര്‍ണ്ണമായിരിക്കില്ല. സ്പെല്ലിങും വ്യാകരണവും വാക്യഘടനയും തെറ്റായിരിക്കും. ഒരുവാക്ക് തന്നെ ആവര്‍ത്തിച്ചു വന്നാല്‍ രണ്ടുതരത്തില്‍ തെറ്റു സംഭവിക്കാം. ഒരു വാചകം തീര്‍ന്നു കഴിഞ്ഞാല്‍ അവിടെ വിരാമചിഹ്നമിടാന്‍ മറക്കുന്നു. എഴുതുന്നത് ആവര്‍ത്തിച്ച് മായ്ക്കുക, വീണ്ടും എഴുതുക, ഇതിനിടയില്‍ അക്ഷരങ്ങളും വാക്കുകളും മാറിപ്പോവുക. പല കുട്ടികളും ഇടതു കൈകൊണ്ടായിരിക്കും എഴുതുന്നത്. ഇത്തരം കുട്ടികള്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഏതു കൈ ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിലും തീരുമാനമെടുക്കാന്‍ കാലതാമസം കാണിക്കാറുണ്ട്.

പഠനവൈകല്യമുള്ള ചില കുട്ടികള്‍ക്ക് ചില അക്ഷരങ്ങള്‍ എഴുതുവാനോ അതിന് ശരിയായ ശബ്ദം നല്‍കുവാനോ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമവും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കും.പ്രാദേശിക ഭാഷകളില്‍ ഉച്ചാരണം സാമ്യവും ദൃശ്യസാമ്യവും ഉള്ളതിനാല്‍ ഇത്തരം കുട്ടികള്‍ക്ക് പ്രാദേശിക ഭാഷ പഠിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടായിരിക്കും. എട്ട് വയസിനു ശേഷവും ചെറിയ കണക്കുകള്‍ കൂട്ടാന്‍ കൈവിരലുകള്‍ ഉപയോഗിക്കാറുണ്ട്.

പഠന വൈകല്യമുള്ള കുട്ടിയുടെ വായന ചൂണ്ടുവിരല്‍ കൊണ്ട് ഓരോ അക്ഷരങ്ങളും പെറുക്കിപ്പെറുക്കി എടുത്തായിരിക്കും. വളരെ പതുക്കെയും സംശയത്തോടെയും ആയിരിക്കും കുട്ടി വായിക്കുന്നത്. ഇക്കൂട്ടര്‍ ഇല്ലാത്ത അക്ഷരങ്ങള്‍ ചേര്‍ക്കുകയും ഉള്ളവ വിട്ടുകളയുകയും ചെയ്യാറുണ്ട്. വിരാമ ചിഹ്നങ്ങള്‍ ഇവര്‍ കാണാറെ ഇല്ല. വാക്കുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കാതെ ആദ്യത്തെ അക്ഷരം മാത്രം നോക്കി ഊഹിച്ചു വായിക്കുന്ന പ്രവണതയും ഇവരില്‍ കണ്ടുവരാറുണ്ട്. കാരണം പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് വായന വളരെ പ്രയാസമേറിയ ഒന്നാണ്.

അതേസമയം ഇത്തരം പ്രശ്നങ്ങള്‍ കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍, കുട്ടിയെ വഴക്ക് പറയുന്നതിന് പകരം കൂടെനിന്ന് താങ്ങാവുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. കുട്ടിക്ക് കരുത്തുപകരാന്‍ മാതാപിതാക്കള്‍ എപ്പോഴും കൂടെയുണ്ടാകണം.

അതോടൊപ്പം തന്നെ അധ്യാപകരും കുട്ടിയുടെ പ്രശ്നം മനസിലാക്കി പഠനത്തില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കണം. കുട്ടികള്‍ മണ്ടന്‍മാരല്ലെന്ന് മനസിലാക്കി അവരുടെ പ്രശ്നങ്ങള്‍ക്ക് വൈകാരിക പിന്‍തുണ നല്‍കുക. എങ്കില്‍ മാത്രമെ ഇത്തരം കുട്ടികളെ മുന്നോട്ട് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. 

symptoms of learning disabilities in child

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES